രാജ്യത്തെ രണ്ട് ഡസനിലധികം വിമാനത്താവളങ്ങള്‍ക്ക് സിഐഎസ്എഫ് സുരക്ഷയില്ലെന്ന് റിപ്പോര്‍ട്ട്

Posted on: March 27, 2016 11:55 pm | Last updated: March 27, 2016 at 11:55 pm

cisf-logoന്യൂഡല്‍ഹി: രാജ്യത്തെ രണ്ട് ഡസനിലധികം വിമാനത്താവളങ്ങള്‍ക്ക് സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സ് (സി ഐ എസ് എഫ്) സുരക്ഷയില്ലെന്ന് റിപ്പോര്‍ട്ട്. വിമാനത്താവളങ്ങള്‍ പോലുള്ള സുപ്രധാന സ്ഥാപനങ്ങള്‍ക്ക് സുരക്ഷയൊരുക്കാനായി രൂപവത്കരിച്ച സി ഐ എസ് എഫിന്റെ സേവനം 27 വിമാനത്താവളങ്ങള്‍ക്ക് ലഭ്യമാകുന്നില്ലെന്നാണ് കണക്ക്. ബ്രസല്‍സ് വിമാനത്താവളത്തില്‍ നടന്ന ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ഈ കണക്ക് മാധ്യമങ്ങള്‍ പ്രാധാന്യപൂര്‍വം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഈ വിമാനത്താവളങ്ങള്‍ക്ക് സി ആര്‍ പി എഫ്, ഇന്ത്യാ റിസര്‍വ് ബറ്റാലിയന്‍സ്, സംസ്ഥാന പോലീസ് തുടങ്ങിയവരാണ് സുരക്ഷാ ചുമതല വഹിക്കുന്നത്.
ഗതാഗത, വിനോദസഞ്ചാര, സാംസ്‌കാരിക പാര്‍ലിമെന്ററി സ്ഥിരം സമിതി ഇക്കാര്യത്തില്‍ ആശങ്ക രേഖപ്പെടുത്തുന്നു. അതീവ ജാഗ്രത ആവശ്യമുള്ള എട്ട് വിമാനത്താവളങ്ങള്‍ക്കും ജാഗ്രത ആവശ്യമുള്ള 19 വിമാനത്താവളങ്ങള്‍ക്കും സി ഐ എസ് എഫിന്റെ സുരക്ഷാ ചുമതലയില്ലെന്നത് ഭീതിപ്പെടുത്തുന്നതാണെന്ന് സമിതി വിലയിരുത്തുന്നു. 1.42 ലക്ഷം ഉദ്യോഗസ്ഥരുള്ള സി ഐ എസ് എഫിന് വിമാനത്താവള സുരക്ഷയുമായി ബന്ധപ്പെട്ട് ഏവിയേഷന്‍ സെക്യൂരിറ്റി ഗ്രൂപ്പ് എന്ന പ്രത്യേക വിഭാഗമുണ്ട്. 22,000 പ്രത്യേക പരിശീലനം സിദ്ധിച്ച കമാന്‍ഡോകളാണ് ഇതിലുള്ളത്. അഡീഷനല്‍ ഡയറക്ടര്‍ ജനറല്‍ റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് ഇതിന്റെ ചുമതല.
രണ്ടായിരത്തില്‍ ജെയ്പൂര്‍ വിമാനത്താവളത്തിലാണ് ആദ്യമായി സി ഐ എസ് എഫിന് സുരക്ഷാ ചുമതല നല്‍കിയത്. മുംബൈയിലെയും ഡല്‍ഹിയിലെയും അടക്കം അതീവ ജാഗ്രത ആവശ്യമുള്ള 26 വിമാനത്താവളങ്ങളില്‍ 18 എണ്ണം സി ഐ എസ് എഫിന്റെ സുരക്ഷാ ചുമതലയിലാണ്. ജമ്മു കാശ്മീരിലെ ശ്രീനഗര്‍ അടക്കം എട്ടെണ്ണം സി ഐ എസ് എഫിന്റെ ചുമതലക്ക് പുറത്തും. രാജ്യത്ത് ജാഗ്രത ആവശ്യമുള്ള വിമാനത്താവളങ്ങള്‍ 56 ആണ്. ഇതില്‍ 37 എണ്ണത്തില്‍ സി ഐ എസ് എഫിനെ വിന്യസിച്ചിട്ടുണ്ട്. സാധാരണ വിമാനത്താവളങ്ങളായ 16 എണ്ണത്തില്‍ നാലിടത്താണ് സി ഐ എസ് എഫ് ഉള്ളത്.