Connect with us

Kerala

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസം: തിര. കമ്മീഷന്റെ അനുമതി കാത്ത് 44.54 കോടി രൂപ

Published

|

Last Updated

തിരുവനന്തപുരം: പെരുമാറ്റച്ചട്ടം നിലവില്‍ വന്നതിനാല്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നുള്ള സഹായ വിതരണം തടസ്സപ്പെട്ടു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിക്കായി കാത്തുകിടക്കുന്നത് 40,000 പാവപ്പെട്ടവര്‍ക്ക് നല്‍കാനായി അനുവദിച്ച 44.54 കോടി രൂപയാണ്. തിരഞ്ഞെടുപ്പ് പ്രഖ്യാപനം പുറത്തുവന്ന ഈ മാസം നാലിന് മുമ്പ് അനുവദിച്ചതാണിത്. തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവുമധികം തുകയുള്ളത്. 12048 പേര്‍ ക്കായി 13 കോടി രൂപയാണ് ജി ല്ലക്ക് അനുവദിച്ചത്.
ജനുവരിയില്‍ 49.50 കോടിയും ഫെബ്രുവരിയില്‍ 40 കോടിയും ഈ മാസം മൂന്നിന് മുമ്പ് 52.50 കോടിയും രൂപയാണ് വിവിധ ജില്ലകള്‍ക്ക് ദുരിതാശ്വാസ നിധിയില്‍ നിന്ന് അനുവദിച്ചത്. ദുരിതാശ്വാസനിധിയില്‍ നിന്ന് തുക അനുവദിച്ചത് തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പാണെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി തിരഞ്ഞെടുപ്പ് കമ്മീഷന് ഈ മാസം ഒമ്പതിന് കത്തയച്ചിരുന്നു. ജില്ലാ കലക്ടര്‍മാര്‍ക്ക് തുക അനുവദിച്ചതും നേരത്തേയാണ്. പലവിധ രോഗങ്ങളാല്‍ കഷ്ടപ്പെടുന്ന ഇവര്‍ക്ക് എത്രയും വേഗം ധനസഹായം ലഭിക്കേണ്ടത് അനിവാര്യമാണെന്നും അതിനുള്ള മാനുഷിക പരിഗണന കാട്ടണമെന്നും മുഖ്യമന്ത്രി അഭ്യര്‍ഥിച്ചിരുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് ഇതുവരെ 798 കോടി രൂപ അനുവദിച്ചിട്ടുണ്ട്.

Latest