പാതിയില്‍ നിലച്ചു; സ്വപ്നം സഫലമായില്ല

Posted on: March 27, 2016 11:48 pm | Last updated: March 27, 2016 at 11:48 pm

safalyamമസ്‌കത്ത്: ഗള്‍ഫ് നാടുകളില്‍ വിവിധ കാരണങ്ങളാല്‍ ജയിലില്‍ കഴിയുന്ന മലയാളികള്‍ക്ക് നിയമ സഹായം നല്‍കി മോചിപ്പിച്ച് നാട്ടിലെത്തിക്കുന്നതിന് കേരള സര്‍ക്കാര്‍ നടപ്പിലാക്കായ ‘സ്വപ്‌ന സാഫല്യം’ പദ്ധതി സ്വപ്‌നമായി ഒതുങ്ങി. 2012 ഫെബ്രുവരിയില്‍ പ്രഖ്യാപിച്ച പദ്ധതിക്ക് തുടര്‍ച്ചയുണ്ടായില്ല. തുടക്കത്തില്‍ 97 പേര്‍ക്ക് പദ്ധതിയുടെ ഗുണം ലഭിച്ചെങ്കിലും പിന്നീട് പദ്ധതി നിലച്ചുപോയി.
സ്‌പോണ്‍സറുടെ ചതിയില്‍പ്പെട്ടും മറ്റുമായി ഗള്‍ഫ് നാടുകളിലെ ജയിലില്‍ കഴിയുന്ന മലയാളികളെ നാട്ടിലേക്ക് തിരിച്ചുകൊണ്ടുവരുന്നതിനുള്ള ടിക്കറ്റ് അടക്കമുള്ള ചെലവുകള്‍ വഹിക്കുന്നതിനാണ് നോര്‍ക്കക്ക് കീഴില്‍ ‘സ്വപ്‌ന സാഫല്യം’ പദ്ധതിക്ക് രൂപംനല്‍കിയത്. ഇതിന്റെ ഉദ്ഘാടനം 2012 ഫെബ്രുവരി എട്ടിന് തിരുവനന്തപുരത്ത് മുഖ്യമന്ത്രിയാണ് നിര്‍വഹിച്ചത്. സഊദി ജയിലില്‍ കഴിഞ്ഞ കല്ലച്ചേരി മാത്യു എന്നയാള്‍ക്കുള്ള മടക്ക ടിക്കറ്റ് നല്‍കിയായിരുന്നു ഉദ്ഘാടനം. പദ്ധതി ഉപയോഗപ്പെടുത്തുന്നതിനുള്ള സംവിധാനം എല്ലാ ഗള്‍ഫ് നാടുകളിലും ലഭ്യമാക്കിയിട്ടുണ്ടെന്ന് പ്രവാസികാര്യ മന്ത്രി കെ സി ജോസഫ് മസ്‌കത്തില്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, ഒമാനില്‍ പോലും ഇത്തരത്തില്‍ ഒരു സംവിധാനത്തിന് രൂപംനല്‍കിയിട്ടില്ല. പദ്ധതിക്കായി രണ്ട് കോടി രൂപ സര്‍ക്കാര്‍ വകയിരുത്തിയിരുന്നു. സഊദിയില്‍ സ്വകാര്യ വ്യവസായിയുമായി സഹകരിച്ച് ആരംഭിച്ച പദ്ധതി നോര്‍ക്ക നേരിട്ട് നിര്‍വഹിക്കുമെന്നാണ് മന്ത്രി അറിയിച്ചത്. ഗുരുതരമല്ലാത്ത കേസുകളില്‍ ഉള്‍പ്പെട്ട് തടവില്‍ കഴിയുന്നവരുണ്ടെങ്കില്‍ അവര്‍ക്ക് സഹായം ലഭ്യമാക്കുന്നതിന് നോര്‍ക്ക വകുപ്പിനെ ബന്ധപ്പെടണമെന്നും മന്ത്രി പറഞ്ഞിരുന്നു.
സര്‍ക്കാറിനെ സമീപിച്ചവര്‍ക്ക് മുഴുവന്‍ സഹായം ലഭ്യമാക്കിയിട്ടുണ്ടെന്നാണ് നോര്‍ക്ക ചീഫ് എക്‌സിക്യൂട്ടീവ് ഓഫീ സര്‍ ആര്‍ എസ് കണ്ണന്‍ പറയുന്നത്. സാമൂഹിക സംഘടനകള്‍ പലപ്പോഴായി മലയാളികളെ ഗള്‍ഫ് ജയിലുകളില്‍ നിന്ന് മോചിപ്പിച്ച് നാട്ടിലെത്തിക്കാറുണ്ടെങ്കിലും സ്വപ്‌ന സാഫല്യത്തിലൂടെ അനുവദിച്ച തുക നേടിയെടുക്കാന്‍ ശ്രമിക്കാറില്ലെന്നും കണ്ണന്‍ വ്യക്തമാക്കി.
അതേസമയം, മുന്‍ കാലങ്ങളെ അപേക്ഷിച്ച് ഇന്ത്യന്‍ എംബസികളുടെ കമ്യുണിറ്റി വെല്‍ഫെയര്‍ ഫണ്ടുകളുടെ ഉപയോഗം ഇത്തരം വിഷയങ്ങളില്‍ കൂടി ഉപയോഗപ്പെടുത്തിവരുന്നുണ്ട്. ഇതിന് പരിമിതികള്‍ ഉള്ളതായി പലപ്പോഴും ആക്ഷേപം ഉയര്‍ന്നിട്ടുമുണ്ട്.
‘സ്വപ്‌ന സാഫല്യം’ പദ്ധതിയില്‍ സര്‍ക്കാര്‍ അനുവദിച്ച തുക ലഭിക്കുന്നതിന് അതത് രാജ്യങ്ങളിലെ ഇന്ത്യന്‍ എംബസികളുടെ സര്‍ട്ടിഫിക്കറ്റ് ആവശ്യമാണ്. ജയില്‍ മോചിതനായ വ്യക്തി തന്റേതല്ലാത്ത കാരണത്താല്‍ ജയില്‍ ശിക്ഷ അനുഭവിക്കേണ്ടിവന്നിട്ടുണ്ടെന്ന് ഇന്ത്യന്‍ എംബസി സാക്ഷ്യപ്പെടുത്തണം. സ്വപ്‌ന സാഫല്യം പദ്ധതി പ്രഖ്യാപിച്ച് വര്‍ഷം നാല് പിന്നിട്ടെങ്കിലും പദ്ധതിയെ കുറിച്ച് പ്രവാസികളും സാമൂഹിക സംഘടനാ പ്രവര്‍ത്തകരും ബോധവാന്മാരല്ലാത്തത് നിരവധി പേര്‍ക്ക് ലഭ്യമാകേണ്ടിയിരുന്ന ആനുകൂല്യങ്ങളെ ഇല്ലാതാക്കുകയാണ്. ഗള്‍ഫ് രാജ്യങ്ങളില്‍ സര്‍ക്കാര്‍ നേരിട്ട് രൂപംനല്‍കുമെന്ന് പറഞ്ഞ സംവിധാനം ആരംഭിക്കാന്‍ സാധിക്കാതിരുന്നതും തടവില്‍ കഴിയുന്ന മലയാളികള്‍ക്ക് ലഭിക്കേണ്ട ആനുകൂല്യം ഇല്ലാതാക്കി.