Connect with us

Kerala

സ്ഥാനാര്‍ഥി പട്ടിക: ഹൈക്കമാന്‍ഡിന് പരാതി പ്രവാഹം

Published

|

Last Updated

തിരുവനന്തപുരം: സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് ഹൈക്കമാന്‍ഡിന് പരാതികളുടെ പ്രവാഹം. കെ പി സി സി പ്രസിഡന്റ് വി എം സുധീരനും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും ഇന്ന് ഡല്‍ഹിയിലേക്ക് പുറപ്പെടാനിരിക്കെയാണ് കേന്ദ്രത്തിലേക്ക് പരാതികള്‍ പ്രവഹിക്കുന്നത്. സുധീരനെ ഉന്നം വെച്ചാണ് പരാതികള്‍ പലതും. ഉറച്ച സിറ്റിംഗ് സീറ്റുകളില്‍പ്പോലും ഒന്നിലധികം പേരുകള്‍ നിര്‍ദേശിച്ച് സുധീരന്‍ പ്രവര്‍ത്ത കര്‍ക്കിടയില്‍ ആശയകുഴപ്പം ഉണ്ടാക്കിയിരിക്കുകയാണെന്ന് പ്രധാന ആരോപണം. ഈ സാഹചര്യത്തില്‍ സുധീരനെതിരെ ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും തങ്ങളുടെ വിയോജിപ്പ് ഹൈക്കമാന്‍ഡിന് മുന്നില്‍ നിരത്തും.
സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ സുധീരന്‍ പകപോക്കല്‍ നടത്തുകയാണെന്നാണ് മറ്റൊരു പരാതി. ഈ ആരോപണം ഉന്നയിച്ച് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്കും വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിക്കുമാണ് സംസ്ഥാന നേതാക്കളടക്കമുള്ളവര്‍ പരാതി അയച്ചത്. വിജയം സുനിശ്ചിതമായ പല സിറ്റിംഗ് മണ്ഡലങ്ങളിലും അവസാന നിമിഷം സുധീരന്‍ പുതിയ പേരുകള്‍ ഉള്‍പ്പെടുത്തിയെന്ന് പരാതികളില്‍ പറയുന്നു. ചില സിറ്റിംഗ് മണ്ഡലങ്ങളില്‍ എം എല്‍ എമാര്‍ക്കൊപ്പം മറ്റ് പേരുകളും ഉള്‍പ്പെടുത്തി കരട് സ്ഥാനാര്‍ഥി പട്ടിക തയ്യാറാക്കിയത് ജയസാധ്യത ഇല്ലാത്തത് കൊണ്ടാണെന്ന വ്യാഖ്യാനത്തിന് വഴിവെച്ചെന്നാണ് ആരോപണം. ഒന്നിച്ച് നിന്ന് തിരഞ്ഞെടുപ്പിനെ നേരിടുന്നതിന് പകരം കെ പി സി സി പ്രസിഡന്റ് തനിക്കൊപ്പം ആളെ ചേര്‍ക്കാനുള്ള ശ്രമമാണ് നടത്തുന്നത്. തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടാല്‍ അതില്‍ നിന്ന് തലയൂരാന്‍ സുധീരന്‍ നടത്തുന്ന ശ്രമങ്ങളുടെ തുടര്‍ച്ചയാണ് ഇപ്പോഴത്തെ നീക്കമെന്നും ഹൈക്കമാന്‍ഡിന് അയച്ച പരാതികളില്‍ കുറ്റപ്പെടുത്തുന്നു.
കോട്ടയത്ത് വീണ്ടും മത്സരിക്കാനിരിക്കുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ പേരിനൊപ്പം കോട്ടയം ഡി സി സി പ്രസിഡന്റ് ടോമി കല്ലാനിയുടെ പേര് ഇന്നലത്തെ ചര്‍ച്ചകളില്‍ സുധീരന്‍ ഉള്‍പ്പെടുത്തി. എ ഗ്രൂപ്പ് പ്രധാനി ബെന്നി ബെഹന്നാന്‍ വിജയിച്ച തൃക്കാക്കരയില്‍ എ ഗ്രൂപ്പിലെ തന്നെ പ്രബലനായ പി ടി തോമസും പാനലിലുണ്ട്. ഇരിക്കൂറില്‍ കെ സി ജോസഫിനൊപ്പം സതീശന്‍ പാച്ചേനി, നിലമ്പൂരില്‍ ആര്യാടന്‍ മുഹമ്മദിന്റെ മകന്‍ ആര്യാടന്‍ ഷൗക്കത്തിനൊപ്പം വി വി പ്രകാശ് എന്നിവരുടെ പേരും ഉള്‍പ്പെടുത്തി. കോന്നിയില്‍ അടൂര്‍ പ്രകാശിനൊപ്പം പത്തനംതിട്ട ഡി സി സി പ്രസിഡന്റ് മോഹന്‍ രാജിന്റെ പേരും ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൂടുതല്‍ സീറ്റ് മോഹികളെ തന്റെ പക്ഷത്തേക്ക് അടുപ്പിക്കാനാണ് ഇതിലൂടെ സുധീരന്‍ ശ്രമിക്കുന്നതെന്നാണ് ഗ്രൂപ്പ് നേതാക്കളുടെ ആരോപണം. ഇത് പൊളിക്കാന്‍ എ, ഐ ഗ്രൂപ്പുകള്‍ സംയുക്ത യോഗം പോലും ചേര്‍ന്നു. ഈ സമയം സര്‍ക്കാറിന്റെ ഭൂമിദാനം ചര്‍ച്ചയാക്കി തിരിച്ചടി നല്‍കാനാണ് സുധീരന്‍ ശ്രമിച്ചത്.
ആരോപണ വിധേയരും തുടര്‍ച്ചയായി ജയിക്കുന്നവരും മാറി നില്‍ക്കട്ടെയെന്ന സുധീരന്റെ ആവശ്യത്തെ എതിര്‍ക്കാന്‍ എ, ഐ ഗ്രൂപ്പുകള്‍ തീരുമാനിച്ചിട്ടുണ്ട്. ആദ്യം സുധീരന്‍ തന്നെ മാറ്റിനിര്‍ത്തട്ടെയെന്നും അല്ലെങ്കില്‍ താന്‍ സ്വയം മാറിനില്‍ക്കുമെന്നും ഉമ്മന്‍ ചാണ്ടി തന്നോടടുപ്പമുള്ള നേതാക്കളോട് പറഞ്ഞതായാണ് വിവരം. ഇക്കാര്യം ഹൈക്കമാന്‍ഡിന് മുന്നിലും ഉമ്മന്‍ ചാണ്ടി ആവര്‍ത്തിച്ചേക്കും. ചെന്നിത്തല ഇക്കാര്യത്തില്‍ ഉമ്മന്‍ ചാണ്ടിക്ക് പിന്തുണ നല്‍കുന്നതോടെ സുധീരന്റെ ആവശ്യം ഹൈക്കമാന്‍ഡ് തള്ളുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അതേസമയം, ടി എന്‍ പ്രതാപന് പിന്നാലെ, സുധീരന്റെ ആവശ്യത്തോട് വി ഡി സതീശനും അനുകൂല നിലപാട് അറിയിച്ചിട്ടുണ്ട്. സുധീരന്‍ ആവശ്യപ്പെട്ടാല്‍ താന്‍ മാറി നില്‍ക്കാന്‍ തയ്യാറാണെന്ന് കഴിഞ്ഞ ദിവസം ഒരു ന്യൂസ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് വി ഡി സതീശന്‍ വ്യക്തമാക്കിയത്. ഇതോടെ സുധീരന്‍ വിഭാഗവും ഏറ്റുമുട്ടലിന് ഒരുങ്ങിക്കഴിഞ്ഞെന്ന് വ്യക്തമാകുന്നു. കഴിഞ്ഞ തവണ മത്സരിച്ച 82 സീറ്റുകളിലും മത്സരിക്കാന്‍ തന്നെയാണ് കെ പി സി സിയുടെ തീരുമാനം. ഏതാനും സിറ്റിംഗ് സീറ്റുകള്‍ ഒഴികെയുള്ള ഭൂരിഭാഗം സീറ്റുകളിലും അഞ്ചിലേറെ ആളുകളുടെ പേരാണ് പരിഗണനയിലുള്ളത്. ഇന്ന് വൈകീട്ട് ആറിനാണ് ഹൈക്കമാന്‍ഡ് സ്‌ക്രീനിംഗ് കമ്മിറ്റി കേരളത്തിന്റെ സ്ഥാനാര്‍ഥി പട്ടിക പരിഗണനക്കെടുക്കുക.

---- facebook comment plugin here -----

Latest