Connect with us

Ongoing News

ഓസ്‌ട്രേലിയക്കെതിരെ ആറ് വിക്കറ്റ് ജയം; ഇന്ത്യ ലോകകപ്പ് സെമിയില്‍

Published

|

Last Updated

നാഗ്പൂര്‍: സൂപ്പര്‍ പോരില്‍ ആസ്‌ത്രേലിയക്കെതിരെ ത്രസിപ്പിക്കുന്ന ജയം നേടിയ ഇന്ത്യ ട്വന്റി20 ലോകകപ്പിന്റെ സെമി ഫൈനലില്‍ കടന്നു. വിരാട് കോഹ്‌ലിയുടെ മാസ്മരിക ബാറ്റിംഗ് പ്രകടനമാണ് ഇന്ത്യക്ക് ജയം സമ്മാനിച്ചത്. 51 പന്തില്‍ ഒമ്പത് ബൗണ്ടറിയും രണ്ട് സിക്‌സറും പറത്തി 82 റണ്‍സ് അടിച്ചുകൂട്ടിയ കോഹ്‌ലിയുടെ പ്രകടനം ഓസീസിനെ വെള്ളംകുടിപ്പിച്ചു.
ആദ്യം ബാറ്റ് ചെയ്ത ഓസീസ് നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 160 റണ്‍സെടുത്തപ്പോള്‍ മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ അഞ്ച് പന്തുകള്‍ ശേഷിക്കെ ലക്ഷ്യം കണ്ടു. പത്ത് പന്തില്‍ മൂന്ന് ബൗണ്ടറികള്‍ സഹിതം 18 റണ്‍സെടുത്ത ധോണി പുറത്താകാതെ നിന്നു. യുവ്‌രാജ് സിംഗ് (21), ധവാന്‍ (13), രോഹിത് (12), റെയ്‌ന (10) എന്നിവരുടെ പ്രകടനവും നിര്‍ണായകമായി.
നേരത്തെ ടോസ് നേടിയ ഓസീസ് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഓപണര്‍മാരായ ഫിഞ്ചും ഖ്വാജയും ചേര്‍ന്ന് നല്‍കിയത് തകര്‍പ്പന്‍ തുടക്കം. നെഹ്‌റയെറിഞ്ഞ ആദ്യ പന്ത് ഖ്വാജ ബൗണ്ടറി പറത്തിയെങ്കിലും അടുത്ത അഞ്ച് പന്തിലും നെഹ്‌റ റണ്ണൊന്നും വഴങ്ങിയില്ല. എന്നാല്‍ രണ്ടാം ഓവറില്‍ ബുംമ്‌റയെ ഖ്വാജ തുടര്‍ച്ചയായ മൂന്ന് ബൗണ്ടറികള്‍ പറത്തി. ആ ഓവറില്‍ 17 റണ്‍സ് പിറന്നു. 3.4 ഓവറില്‍ ഓസീസ് അമ്പത് പിന്നിട്ടു. പിന്നീട് തിരിച്ചുവരവ് നടത്തിയ ബൗളര്‍മാര്‍ ഓസീസിന്റെ റണ്ണൊഴുക്കിന്റെ വേഗത കുറച്ചു. 4.2 ഓവറില്‍ സ്‌കോര്‍ 54ല്‍ നില്‍ക്കെ അവര്‍ക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. 16 പന്തില്‍ ആറ് ബൗണ്ടറികള്‍ സഹിതം 26 റണ്‍സെടുത്ത ഖ്വാജയെ നെഹ്‌റയുടെ പന്തില്‍ ധോണി പിടിച്ചുപുറത്താക്കുകയായിരുന്നു. വാര്‍ണറെ (6) ധോണി അശ്വിന്റെ പന്തില്‍ സ്റ്റംമ്പ് ചെയ്ത് പുറത്താക്കി. രണ്ട് റണ്‍സെടുക്കുന്നതിനിടെ സ്റ്റീവ് സ്മിത്തിന്റെ യുവ്‌രാജ് മടക്കി. രണ്ട് റണ്‍സെടുത്ത സ്മിത്ത് ധോണിക്ക് ക്യാച്ച് സമ്മാനിച്ചു.
ഒരു വശത്ത് ആരോണ്‍ ഫിഞ്ചിന്റെയും (43), ഗ്ലെന്‍ മാക്‌സ്‌വെല്ലിന്റെയും (31) മികച്ച ബാറ്റിംഗ് ഓസീസ് ഇന്നിംഗ്‌സില്‍ നിര്‍ണായകമായി. 34 പന്തില്‍ നിന്ന് മൂന്ന് ബൗണ്ടറിയും രണ്ട് സിക്‌സും അടങ്ങുന്നതായിരുന്നു ഫിഞ്ചിന്റെ ഇന്നിംഗ്‌സ്. 28 പന്തില്‍ ഒരു ബൗണ്ടറിയും സിക്‌സുമടിച്ച മാക്‌സ്‌വെല്ലിനെ ബുംമ്‌റ ബൗള്‍ഡാക്കുകയായിരുന്നു. പത്ത് റണ്‍സെടുത്ത ഫോക്‌നറെ പാണ്ഡ്യ കോഹ്‌ലിയുടെ കൈകളിലെത്തിച്ചു. അവസാന രണ്ട് പന്തില്‍ ഒരോ സിക്‌സും ബൗണ്ടറിയും നേടി 10 റണ്‍സെടുത്ത പീറ്റര്‍ നെവില്‍ ഓസീസ് സ്‌കോര്‍ 160ലെത്തിക്കുകയായിരുന്നു. ഇന്ത്യക്കായി ഹാര്‍ദിക് പാണ്ഡ്യ രണ്ടും യുവ്‌രാജ് സിംഗ്, ആശിഷ് നെഹ്‌റ, ജസ്പ്രീത് ബുമ്‌റ, ആര്‍ അശ്വിന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും നേടി.

Latest