Connect with us

Gulf

ദുബൈ ഓണ്‍ അറൈവല്‍ വിസ: ഓണ്‍ലൈനില്‍ അപേക്ഷിക്കാത്തവര്‍ക്ക് ലഭിച്ചില്ല

Published

|

Last Updated

മസ്‌കത്ത്:ദുബൈ ഓണ്‍ അറൈവല്‍ വിസ നേരത്തെ ഓണ്‍ലൈനില്‍ അപേക്ഷിക്കാത്തവര്‍ക്ക് ലഭിച്ചില്ല. നടപടി കര്‍ശനമാക്കുമെന്ന് കഴിഞ്ഞ ദിവസം അധികൃതര്‍ അറിയിച്ചതിന് പിന്നാലെയാണ് കഴിഞ്ഞ ദിവസങ്ങളില്‍ ദുബൈലേക്ക് സഞ്ചരിച്ചവര്‍ക്ക് തിരിച്ച് പോരേണ്ടി വന്നത്. യു എ ഇ സന്ദര്‍ശിക്കുന്ന പ്രവാസികള്‍ വിസ ഓണ്‍ അറൈവലിന് അര്‍ഹരെങ്കിലും നേരിട്ടു യാത്ര ചെയ്യാനാകില്ലെന്ന് ഇമിഗ്രേഷന്‍ അധികൃതര്‍ വ്യക്തമാക്കിയിരുന്നു. ഓണ്‍ലൈനില്‍ അപേക്ഷിച്ച് മുന്‍കൂര്‍ അനുമതി ലഭിച്ച ശേഷമേ യാത്ര ചെയ്യാനാകൂ. വിസ ഫീസും ഓണ്‍ലൈനില്‍ അടക്കണം.
നിയമത്തെ കുറിച്ച് അറിയാതെ കഴിഞ്ഞ ദിവസം ദുബൈ എയര്‍പോര്‍ട്ടില്‍ ഇറങ്ങിയ കോഴിക്കോട് സ്വദേശി മുഹമ്മദ് ആണ് തിരിച്ച് മസ്‌കത്തിലേക്ക് തന്നെ പോരേണ്ടി വന്നത്.

എയര്‍പോര്‍ട്ടിലെ തിരക്കു കുറക്കുന്നതിനും ഇമിഗ്രേഷന്‍ നടപടികള്‍ ലഘൂകരിക്കുന്നതിന്റെയും ഭാഗമായാണ് പൂതിയ രീതി നടപ്പിലാക്കുന്നതെന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം. കഴിഞ്ഞ ഒക്‌ടോബര്‍ മുതല്‍ തന്നെ പരീക്ഷണാടിസ്ഥാനത്തില്‍ ഈ രീതി നടപ്പിലാക്കിയിരുന്നെങ്കിലും ആറുമാസം സാവകാശം നല്‍കുകയായിരുന്നു. ഏപ്രില്‍ 29 മുതല്‍ നിയമം കര്‍ക്കശമായിരിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ബുധനാഴ്ച രാത്രി ദുബൈ എയര്‍പോര്‍ട്ടില്‍ ഇറങ്ങിയ മുഹമ്മദിനെ മസ്‌കത്തിലേക്ക് തന്നെ തിരിച്ചയക്കുകയായിരുന്നു. പുതിയ നിയമം സംബന്ധിച്ച് വിമാന കമ്പനികള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ട്രാവല്‍ ഏജന്‍സികള്‍ക്ക് വിമാന കമ്പനികള്‍ അറിയിപ്പു കൈമാറിയിട്ടുണ്ട്.

ഓണ്‍ലൈനില്‍ വിസിറ്റ് വിസ അപ്രൂവല്‍ നേടുന്ന രീതി ഇതിനകം പ്രാബല്യത്തില്‍ വന്നിട്ടുണ്ട്. നാലു പ്രവൃത്തിദിനങ്ങളാണ് വിസ അംഗീകാരം ലഭിക്കാന്‍ ആവശ്യപ്പെടുന്നത്. അപേക്ഷിച്ചവരില്‍ പലര്‍ക്കും വളരെ പെട്ടെന്ന് അംഗീകാരം ലഭിക്കുകയോ ഒരാഴ്ചയോളം വൈകുകയോ ചെയ്തിട്ടുണ്ട്. യു എ ഇയിലെ എല്ലാ എയര്‍പോര്‍ട്ടുകളിലും നിയമം ബാധകമാണ്. പുതിയ നിയമം സംബന്ധിച്ച് എമിറേറ്റ്‌സ് വിമാനം വെബ്‌സൈറ്റില്‍ അറിയിപ്പു പ്രസിദ്ധീകരിച്ചു. എമിറേറ്റ്‌സിന്റെ സൈറ്റില്‍ വിസ അപേക്ഷിക്കുന്നതിനുള്ള ഓണ്‍ലൈന്‍ ലിങ്കും ചേര്‍ത്തിട്ടുണ്ട്.
അതേസമയം യു എ ഇയില്‍ നേരിട്ട് വിസ ഓണ്‍ അറൈവല്‍ സൗകര്യമുള്ള 46 രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്ക് മുന്‍കൂര്‍ അനുമതി ആവശ്യമില്ല.

യു എ ഇ അംഗീകരിച്ച 201 ഉയര്‍ന്ന പ്രൊഷനുകളുള്ള ജി സി സി റസിഡന്റായ പ്രവാസികള്‍ക്ക് മുന്‍കൂര്‍ അനുമതിയില്ലാതെ വിസ ഓണ്‍ അറൈവല്‍ ലഭ്യമാണെന്നും യാത്ര ചെയ്യുന്നതിനു മുമ്പ് വിമാന കമ്പനികളുമായി ബന്ധപ്പെട്ട് അര്‍ഹത പരിശോധിക്കണമെന്നും അധികൃതര്‍ നിര്‍ദേശിക്കുന്നു. 30 ദിവസത്തേക്കാണ് യു എ ഇയില്‍ വിസ ലഭിക്കുക. ഈ വിസ 30 ദിവസത്തേക്കു കൂടി നീട്ടാം. റസിഡന്‍സ് പെര്‍മിറ്റിന് കുറഞ്ഞത് മൂന്നു മാസത്തെ കാലവാധിയുള്ളവര്‍ക്കാണ് വിസ ലഭിക്കുക. പാസ്‌പോര്‍ട്ടിന് ആറു മാസത്തെ കാലാവധിയും വേണം.
പ്രവാസി കുടുംബാംഗങ്ങള്‍ക്ക് വിസ ലഭിക്കണമെങ്കില്‍ ഫാമിലി സ്‌പോണ്‍സര്‍ കൂടെ യാത്ര ചെയ്തിരിക്കണമെന്നും നിബന്ധനയുണ്ട്.

---- facebook comment plugin here -----

Latest