Connect with us

Malappuram

മാറിയും മറിഞ്ഞും മങ്കട

Published

|

Last Updated

കൊളത്തൂര്‍:ആകെ നടന്ന പതിനാല് നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ നാല് തിരഞ്ഞെടുപ്പുകള്‍ മാറ്റി വെച്ചാല്‍ മുസ്‌ലിം ലീഗ് എല്ലാ കാലത്തും മുന്നേറ്റം നടത്തിയ ചരിത്രമാണ് മങ്കട മണ്ഡലത്തിനുള്ളത്. 1967ല്‍ സി എച്ച് മുഹമ്മദ് കോയ 24,517 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ നിയമസഭയില്‍ എത്തിയത് മങ്കടയില്‍ നിന്നായിരുന്നു. 1965ല്‍ പാലോളി മുഹമ്മദ് കുട്ടിയിലൂടെ സി പി എം മങ്കടയില്‍ വിജയിച്ചു.

67ല്‍ സി എച്ചിലൂടെ തുടങ്ങിയ മുസ്‌ലിം ലീഗിന്റെ കുതിപ്പ് 2001 വരെ തുടര്‍ന്നു. 1996ല്‍ ഇടതുപക്ഷത്തെ പ്രതിനിധീകരിച്ച് മഞ്ഞളാംകുഴി അലി സ്വതന്ത്ര വേഷത്തില്‍ കെ പി എ മജീദിനെതിരെ മത്സര രംഗത്ത് എത്തിയതോടെ കാലൊന്ന് ഇടറിയെങ്കിലും നേരിയ ഭൂരിപക്ഷത്തില്‍ പിടിച്ചു നില്‍ക്കാന്‍ ലീഗിനായി. എന്നാല്‍ 2001ല്‍ മഞ്ഞളാംകുഴി അലി കെ പി എ മജീദിനെ പരാജയപ്പെടുത്തി മണ്ഡലത്തിന്റെ കുത്തക തിരിച്ചുപിടിച്ചു. 2006ല്‍ അലിക്കെതിരെ സി എച്ചിന്റെ മകന്‍ എം കെ മുനീറിനെ മുസ്‌ലിം ലീഗ് രംഗത്തിറക്കി പരീക്ഷണം നടത്തിയെങ്കിലും അലി രണ്ടാമതും നിയമസഭയിലെത്തി. കൊരമ്പയില്‍ അഹമ്മദ് ഹാജിക്ക് ശേഷം 1980 മുതല്‍ മുസ്‌ലിം ലീഗ് പ്രതിനിധിയായി മത്സര രംഗത്ത് ഇറങ്ങിയ കെ പി എ മജീദ് തുടര്‍ച്ചയായി അഞ്ച് തവണ മണ്ഡലത്തെ പ്രതിനിധീകരിച്ച് നിയമസഭയില്‍ എത്തി.

1980, 82, 87, 91, 96 വര്‍ഷങ്ങളിലായിരുന്നു ഇത്. കുറഞ്ഞ കാലം കൊണ്ട് മണ്ഡലത്തിലെ ആളുകള്‍ക്കിടയില്‍ ജനകീയനായ മഞ്ഞളാംകുഴി അലി രാഷ്ട്രീയ നിലപാട് മാറ്റത്തിലൂടെ മുസ്‌ലിം ലീഗിലേക്ക് ചേക്കേറിയതിന് ശേഷം തന്റെ തട്ടകം പെരിന്തല്‍മണ്ണയിലേക്ക് മാറ്റി. മുസ്‌ലിം ലീഗാവട്ടെ പത്ത് വര്‍ഷത്തിന് ശേഷം മങ്കട തിരിച്ചുപിടിക്കാനായി ടി എ അഹമ്മദ് കബീറിനെ രംഗത്തിറക്കിയപ്പോള്‍ സി പി എം ഖദീജ സത്താറിനെയാണ് മത്സരിപ്പിച്ചത്.

മണ്ഡലത്തില്‍ പെട്ട വ്യക്തിയല്ലാത്തതിനാല്‍ ലീഗിന് ചെറിയ ആശങ്കയുണ്ടായിരുന്നെങ്കിലും 23593 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ മുസ്‌ലിം ലീഗ് മണ്ഡലം തിരിച്ച് പിടിച്ചു. അഹമ്മദ് കബീറിന്റെ കന്നി വിജയം കൂടിയായിരുന്നു ഇത്. പ്രധാന എതിരാളിയായി ഖദീജ സത്താറിനെ രംഗത്തിറക്കിയത് ഇടതുപക്ഷത്തിന് തിരിച്ചടിയായി. ഇത്തവണയും മങ്കടയില്‍ നിന്ന് അഹമ്മദ് കബീര്‍ ജനവിധി തേടുമ്പോള്‍ നിലവില്‍ ജില്ലാപഞ്ചായത്ത് അംഗമായ അഡ്വ. ടി കെ റശീദലി ഇടതുപക്ഷത്തിന് വേണ്ടി പാര്‍ട്ടി ചിഹ്നത്തില്‍ തന്നെ മത്സരിക്കും. അങ്ങാടിപ്പുറം, മങ്കട, മൂര്‍ക്കനാട്, കുറുവ, പുഴക്കാട്ടിരി, കൂട്ടിലങ്ങാടി, മക്കരപ്പറമ്പ് എന്നീ ഏഴ് പഞ്ചായത്തുകള്‍ ചേര്‍ന്നതാണ് മങ്കട.

മണ്ഡലം ക്രമീകരണത്തിന്റെ ഭാഗമായി നേരത്തെ പെരിന്തല്‍മണ്ണയുടെ ഭാഗമായിരുന്ന അങ്ങാടിപ്പുറം മങ്കടയിലേക്കും മങ്കടയുടെ ഭാഗമായിരുന്ന പുലാമന്തോള്‍ പെരിന്തല്‍മണ്ണയിലേക്കും ചേര്‍ത്തു. ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ മങ്കടയിലെ ഏഴില്‍ അഞ്ച് പഞ്ചായത്തുകളിലും ഭരണം ലഭിച്ചത് എല്‍ ഡി എഫിന് പ്രതീക്ഷ നല്‍കിയിട്ടുണ്ട്. മികച്ച പോരാട്ടത്തിലൂടെ മണ്ഡലം തിരിച്ചുപിടിക്കാമെന്ന വിശ്വാസത്തിലാണ് സി പി എം. ഇതിനായി മണ്ഡലക്കാര്‍ക്കിടയില്‍ പ്രസിദ്ധനായ ആള്‍ എന്നനിലക്ക് മികച്ച സ്ഥാനാര്‍ഥിയായി അഡ്വ. ടി കെ റശീദലിയെ തന്നെ തീരുമാനിക്കുകയായിരുന്നു. വീണ്ടും മങ്കടയില്‍ നിന്ന് നിയമസഭയിലേക്ക് മത്സരിക്കാന്‍ അഹമ്മദ് കബീറിനെ നിയോഗിക്കുമ്പോള്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെയുണ്ടായ വികസന നേട്ടങ്ങള്‍ വോട്ടാക്കി മാറ്റാമെന്ന കണക്കുകൂട്ടലിലാണ് നേതൃത്വം.

പക്ഷേ തദ്ദേശ തിരഞ്ഞെടുപ്പിലെ വോട്ട് ചോര്‍ച്ചയില്‍ യു ഡി എഫിന് ആശങ്കയുണ്ട്. അങ്ങാടിപ്പുറം റയില്‍വേ മേല്‍പ്പാലം, മങ്കട ഗവ.കോളജ്, മൂര്‍ക്കനാട് കുടിവെള്ള പദ്ധതി തുടങ്ങിയ സമഗ്ര വികസനത്തിന്റെ പുതിയ മുഖവുമായി മാസങ്ങള്‍ക്ക് മുമ്പ് തന്നെ ലീഗ് പ്രചാരണം ആരംഭിച്ചിട്ടുണ്ട്. മണ്ഡലത്തിന്റെ മിക്ക ഭാഗങ്ങളിലും പ്രചാരണ പ്രവര്‍ത്തനങ്ങളുമായി യു ഡി എഫ് മുന്നേറുമ്പോള്‍ സ്ഥാനാര്‍ഥി പ്രഖ്യാപനം വൈകിയതിനാല്‍ എല്‍ ഡി എഫിന് പ്രാചാരണത്തില്‍ തിളങ്ങാനായിട്ടില്ല. പുതിയ പദ്ധതികള്‍ പേരിന് പോലുമില്ലന്ന ആരോപണവുമായിട്ടാണ് എല്‍ ഡി എഫ് വോട്ട് പിടിക്കുന്നത്. ബി ജെ പി സ്ഥാനാര്‍ഥിയായി ഇത്തവണ കെ രതീഷാണ് മത്സരിക്കുക. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പിക്ക് 4387 വോട്ടാണ് ലഭിച്ചത്. വെല്‍ഫയര്‍ പാര്‍ട്ടിയും മങ്കടയില്‍ മത്സരത്തിനുണ്ട്.

Latest