Connect with us

Kerala

കേരള മുസ്‌ലിം ജമാഅത്ത് തിരുത്തല്‍ ശക്തിയാകും: കാന്തപുരം

Published

|

Last Updated

കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന സാരഥികള്‍ക്ക് മഞ്ചേരി പൗരാവലി നല്‍കിയ സ്വീകരണ സമ്മേളനത്തില്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ മുഖ്യപ്രഭാഷണം നടത്തുന്നു

മഞ്ചേരി: ഭരണാധികാരികളുടെ ജനവിരുദ്ധ നിലപാടുകള്‍ക്കെതിരെ തിരുത്തല്‍ ശക്തിയായി കേരള മുസ്‌ലിം ജമാഅത്ത് നിലകൊള്ളുമെന്ന് സംസ്ഥാന പ്രസിഡന്റ് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ പറഞ്ഞു. കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന സാരഥികള്‍ക്ക് മഞ്ചേരി പൗരാവലി നല്‍കിയ സ്വീകരണ സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ജനവിരുദ്ധമാണെങ്കില്‍ ഭേദഗതി വരുത്താന്‍ സര്‍ക്കാര്‍ മടി കാണിക്കരുത്. രാജ്യത്തിന്റെ നന്മക്ക് വേണ്ടി നിയമ നിര്‍മാണം നടത്താന്‍ അയക്കപ്പെട്ടവരാണ് എന്ന തിരിച്ചറിവ് രാഷ്ട്രീയ പാര്‍ട്ടി നേതൃത്വത്തിന് വേണം. സര്‍ക്കാര്‍ ചെയ്യേണ്ടത് ചെയ്തില്ലെങ്കില്‍ നിയമം കൈയിലെടുക്കാതെ പ്രതിഷേധിക്കാനും നടപ്പാക്കണമെന്ന് ആവശ്യപ്പെടാനും മുസ്‌ലിം ജമാഅത്ത് മുന്‍ നിരയിലുണ്ടാകും.
ബാല നീതി നിയമവുമായി ബന്ധപ്പെട്ട ഹൈക്കോടതിയുടെ പുതിയ നിര്‍ദേശം കേരളത്തിലെ ആയിരക്കണക്കിന് അനാഥ ശാലകളെ പ്രതികൂലമായി ബാധിക്കും. ഇത് നടപ്പിലാക്കണമെന്ന് സര്‍ക്കാര്‍ വാശി പിടിക്കരുത്. ഇതൊരിക്കലും അംഗീകരിക്കാന്‍ കഴിയില്ല. കോടതി ഉത്തരവിനെതിരെ സംസ്ഥാന സര്‍ക്കാര്‍ അപ്പീല്‍ പോകണം.
ഗെയില്‍ വാതക പൈപ്പ് ലൈന്‍ പദ്ധതി ജനവാസ മേഖലകളെ ഒഴിവാക്കി കൊണ്ടായിരിക്കണം. ഇക്കാര്യത്തിലുള്ള ജനങ്ങളുടെ ആശങ്കയകറ്റണം. ഭരിക്കുന്നത് ആരെന്ന് നോക്കിയല്ല മുസ്‌ലിം ജമാഅത്ത് നയ നിലപാടുകള്‍ പറയുന്നത്. ആരായാലും കണ്ണ് തുറക്കണമെന്നും അദ്ദേഹം പറഞ്ഞു.

സുന്നികളുടെ യോജിപ്പിനെ കുറിച്ച് ഇപ്പോള്‍ ചിലര്‍ സംസാരിക്കുന്നത് സ്വാഗതാര്‍ഹമാണ്. എന്നാല്‍ അത് തിരഞ്ഞെടുപ്പ് വരെയുള്ള ആവശ്യമായി മാത്രമായി മാറരുതെന്നും അദ്ദേഹം പറഞ്ഞു. സമസ്ത കേന്ദ്ര മുശാവറ വൈസ് പ്രസിഡന്റ് സയ്യിദ് അലി ബാഫഖി തങ്ങള്‍ പ്രാര്‍ഥന നടത്തി. സമസ്ത പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. കേരള മുസ് ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് സയ്യിദ് യൂസുഫുല്‍ ജീലാനി വൈലത്തൂര്‍ അധ്യക്ഷത വഹിച്ചു.
ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്‌റാഹിമുല്‍ ഖലീലുല്‍ ബുഖാരി, വൈസ് പ്രസിഡന്റ് പൊന്‍മള അബ്ദുല്‍ ഖാദിര്‍ മുസ് ലിയാര്‍, സെക്രട്ടറി എന്‍ അലി അബ്ദുല്ല, കെ പി അബൂബക്കര്‍ മുസ്‌ലിയാര്‍ പട്ടുവം, കൂറ്റമ്പാറ അബ്ദുര്‍റഹ്മാന്‍ ദാരിമി, സി പി എം ജില്ലാ സെക്രട്ടറി പി പി വാസുദേവന്‍, സി പി ഐ ജില്ലാ കമ്മിറ്റി അംഗം അഡ്വ. ബാലകൃഷ്ണന്‍, ബി ജെ പി ദേശീയ നിര്‍വാഹക സമിതി അംഗം സി വാസുദേവന്‍, ഐ എന്‍ എല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രൊഫ. എ പി അബ്ദുല്‍ വഹാബ് പ്രസംഗിച്ചു.

കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന സാരഥികള്‍ക്ക് മഞ്ചേരി പൗരാവലി നല്‍കിയ സ്വീകരണ സമ്മേളനത്തില്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ മുഖ്യപ്രഭാഷണം നടത്തുന്നു

Latest