Connect with us

National

ഭഗത് സിംഗ് ഉണ്ടായിരുന്നെങ്കില്‍ പാര്‍ലിമെന്റില്‍ ബോംബിടുമായിരുന്നുവെന്ന് ആം ആദ്മി മന്ത്രി

Published

|

Last Updated

ന്യൂഡല്‍ഹി: സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്ത് ധീര രക്തസാക്ഷിയായ ഭഗത് സിംഗ് ഇപ്പോള്‍ ജീവിച്ചിരിപ്പുണ്ടെങ്കില്‍ പാര്‍ലിമെന്റില്‍ ബോംബിടുമായിരുന്നെന്ന് ഡല്‍ഹി ജല വിഭവ മന്ത്രിയും ആംആദ്മി പാര്‍ട്ടി നേതാവുമായ കപില്‍ മിശ്ര. നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ മഹാത്മാ ഗാന്ധി ഉണ്ടായിരുന്നെങ്കില്‍ സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള സത്യഗ്രഹം തുടരുമെന്നും അദ്ദേഹം പറഞ്ഞു. കാരവല്‍ നഗറില്‍ നിന്നുള്ള എ എ പി. എം എല്‍ എയാണ് കപില്‍ മിശ്ര.
രാജ്യത്തിന്റെ നിലവിലെ അവസ്ഥ ഭഗത് സിംഗ് കാണുകയാണെങ്കില്‍ കേള്‍ക്കാത്തവരുടെ ചെവി തുറപ്പിക്കാന്‍ പാര്‍ലിമെന്റിനകത്ത് രണ്ടോ നാലോ ബോംബുകള്‍ ഇടുമായിരുന്നു. മാത്രമല്ല സ്വാതന്ത്ര്യ സമരവും നടത്തുമെന്ന് കപില്‍ കൂട്ടിച്ചേര്‍ത്തു.
അതോടൊപ്പം കാശ്മീര്‍ രാഷ്ട്രീയവുമായി ബന്ധപ്പെട്ട് ബി ജെ പിയുടെ നിലപാടിനെയും അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചു. പി ഡി പി അധ്യക്ഷ മെഹബൂബ മുഫ്തി ഭാരത് മാതാ കി ജയ് വിളിക്കാന്‍ വിസമ്മതിച്ചാല്‍ കാശ്മീരില്‍ പി ഡി പിയുമായി സഖ്യമുണ്ടാക്കാന്‍ ബി ജെ പി തയ്യാറാകുമോയെന്നാണ് കപില്‍ ചോദിച്ചത്. അതേസമയം കപില്‍ മിശ്രയുടെ പ്രസ്താവനക്കെതിരെ ബി ജെ പി പ്രതിഷേധം ഉയര്‍ത്തിയിട്ടുണ്ട്.

Latest