അങ്കത്തട്ടില്‍ നിന്ന് മാറി പാട്ടത്തില്‍ രാഘവന്‍

Posted on: March 27, 2016 4:46 am | Last updated: March 26, 2016 at 11:48 pm
SHARE

pattathil raghavan taliparmaba KNRതളിപ്പറമ്പ്: ഏഴ് ലോക്‌സഭാ തിരഞ്ഞെടുപ്പിലും ഏഴ് നിയമസഭാ തിരഞ്ഞെടുപ്പിലും സ്വതന്ത്രനായി മല്‍സരിച്ച 90 കാരനായ പാട്ടത്തില്‍ രാഘവന്‍ ഇക്കുറി മത്സരിക്കുമോ എന്നാണ് ഓരോ തിരഞ്ഞെടുപ്പുകള്‍ പ്രഖ്യാപിക്കുമ്പോഴും തളിപ്പറമ്പുകാര്‍ അന്വേഷിക്കുന്നത്. ഇന്നത്തെ രാഷ്ടീയം ദുഷിച്ചുനാറിയിരിക്കയാണെന്നും, തിരഞ്ഞെടുപ്പുകളില്‍ ഇനി മത്സരിക്കാനുള്ള ശാരീരിക ശേഷി തനിക്കില്ലെന്നും കാഞ്ഞിരങ്ങാട്ടെ വീട്ടില്‍ വിശ്രമജീവിതം നയിക്കുന്ന പാട്ടത്തില്‍ പറയുന്നു. തളിപ്പറമ്പില്‍ ആദ്യമായി കോണ്‍ഗ്രസ്സിന്റെ കൊടി പാറിയത് 1970 ല്‍ താന്‍ 4716 വോട്ടുകള്‍ നേടിയത് കൊണ്ട് മാത്രമാണെന്ന് പാട്ടത്തില്‍ രാഘവന്‍ അവകാശപ്പെടുന്നു. 1970 ല്‍ കലപ്പയും ചക്രവും ചിഹ്നത്തില്‍ മത്സരിച്ച രാഘവന്‍ മാസ്റ്റര്‍ അവസാനമായി മത്സരിച്ചത് 2009 ല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിലായിരുന്നു. വാക്കിങ്ങ് സ്റ്റിക്ക് ചിഹ്നത്തിലായിരുന്നു മത്സരം. എണ്ണൂറോളം വോട്ടുകളാണ് അന്ന് നേടിയത്. പിന്നീട് തിരഞ്ഞെടുപ്പ് രംഗത്തുനിന്ന് പിന്‍മാറുകയായിരുന്നു. 1970 ലെ ആദ്യ തിരഞ്ഞെടുപ്പില്‍ തന്നെ തളിപ്പറമ്പുകാരെ ഞെട്ടിച്ച രാഘവന്‍ മാസ്റ്റര്‍ പിന്നീട് നടന്ന മത്സരങ്ങളിലും പ്രചാരണത്തിലെ വ്യത്യസ്തത കൊണ്ട് തളിപ്പറമ്പിലെ വോട്ടര്‍മാരെ അമ്പരപ്പിച്ചു.
വാടകക്കെടുത്ത ജീപ്പില്‍ സ്വയം അനൗണ്‍സ് ചെയ്ത് പ്രചാരണം നടത്തുന്ന ഇദ്ദേഹത്തിന്റെ 1970 ലെ പ്രചാരണം ഉദ്ഘാടനം ചെയ്തത് ‘നേതാജി സുഭാഷ് ചന്ദ്രബോസ്’ ആയിരുന്നു. ഉദ്ഘാടനത്തിന് നേതാജി വരുന്നുവെന്ന് അനൗണ്‍സ് ചെയ്തശേഷം ബാഗില്‍ നിന്ന് നേതാജിയുടെ ഫോട്ടോ എടുത്ത് മേശപ്പുറത്ത് വെച്ച ശേഷം നേതാജി പ്രസംഗിക്കുന്ന രീതിയില്‍ സ്വയം പ്രസംഗിക്കുകയായിരുന്നു. ആക്ഷേപഹാസ്യം നിറഞ്ഞ രാഘവന്‍ മാസ്റ്ററുടെ പ്രസംഗം കേള്‍ക്കാന്‍ അക്കാലത്ത് നൂറുകണക്കിനാളുകളാണ് അന്ന് തടിച്ചു കൂടിയിരുന്നത്. 2009 ലെ തെരഞ്ഞെടുപ്പിലും പുതിയതലമുറപോലും ചാട്ടുളിപോലുള്ള മാസ്റ്ററുടെ പ്രസംഗം കേള്‍ക്കാന്‍ തടിച്ചുകൂടിയിരുന്നു. 1982 ല്‍ സിപിഎമ്മിലെ സി പി മൂസാന്‍കുട്ടിയും കേരളാ കോണ്‍ഗ്രസ്സിലെ പി ടി ജോസും തമ്മിലുള്ള മല്‍സരത്തില്‍ ജോസിന് അനുകൂലമായുള്ള നിലപാടെടുത്ത് പിന്‍മാറിയിരുന്നു. അന്ന് കേരളാ കോണ്‍ഗ്രസ്സിന്റെ ചിഹ്നം കുതിരയും പാട്ടത്തിലിന്റെ ചിഹ്നം ഒട്ടകവുമായിരുന്നു. രണ്ട് ചിഹ്നങ്ങളും തമ്മിലുള്ള സാമ്യം കാരണം പാട്ടത്തില്‍ ജോസിന്റെ അപേക്ഷ മാനിച്ച് പത്രിക പിന്‍വലിച്ചിരുന്നു.
1983 ല്‍ പൂമംഗലം യു പി സ്‌ക്കൂളില്‍ നിന്ന് വിരമിച്ച ശേഷം മുഴുവന്‍സമയ പൊതു പ്രവര്‍ത്തകനായ രാഘവന്‍ മാസ്റ്റര്‍ തൂവെള്ള ജുബ്ബയും ഗാന്ധിതൊപ്പിയും ധരിച്ച് തളിപ്പറമ്പിലെ തെരുവിലൂടെ നടന്നുനീങ്ങുന്നത് ഒരപൂര്‍വ്വ കാഴ്ച്ചയായിരുന്നു. കഴിഞ്ഞ രണ്ട് വര്‍ഷത്തോളമായി വീട്ടില്‍ പൂര്‍ണ്ണ വിശ്രമജീവിതം നയിക്കുന്ന ഇദ്ദേഹത്തിന് പഴയകാല ഓര്‍മ്മകള്‍ പലതും നഷ്ടമായ അവസ്ഥയിലാണ്. എങ്കിലും തെരഞ്ഞെടുപ്പിനെ പറ്റി ചോദിക്കുമ്പോള്‍ ആ കണ്ണുകള്‍ വിടരുന്നതും മുഖത്ത് ആവേശം നിറയുന്നതും കാണാം. 2009 ന് ശേഷം വോട്ട് ചെയ്തിട്ടില്ലെന്നും ഈ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ പോകുന്നകാര്യം ആലോചിച്ചിട്ടില്ലെന്നും മാസ്റ്റര്‍ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here