ബാലനീതി നിയമം: സര്‍ക്കാര്‍ നിലപാട് ദുരൂഹം

Posted on: March 27, 2016 6:19 am | Last updated: March 26, 2016 at 11:23 pm

orphanageതിരുവനന്തപുരം: അനാഥാലയങ്ങളുമായി ബന്ധപ്പെട്ട് ബാലനീതി നിയമം നടപ്പാക്കാനുള്ള സര്‍ക്കാര്‍ ഉത്തരവ് ദുരൂഹം. അപ്രായോഗിക നിര്‍ദേശങ്ങളാണെന്ന് വ്യക്തമായിട്ടും ആരുമായും ചര്‍ച്ച നടത്താതെയാണ് സാമൂഹികനീതി വകുപ്പ് ഉത്തരവ് ഇറക്കിയത്. കേന്ദ്ര സര്‍ക്കാറിന്റെ പുതിയ ആക്ട് അനുസരിച്ചാണ് സര്‍ക്കാര്‍ ഉത്തരവെങ്കിലും ഇതിന് മുമ്പ് തന്നെ നിയമം നടപ്പാക്കാന്‍ സാമൂഹികനീതി വകുപ്പ് ശ്രമം തുടങ്ങിയിരുന്നു. പാലക്കാട് ജില്ലയിലെ ഒരു അനാഥാലയവുമായി ബന്ധപ്പെട്ട കേസിലെ ഹൈക്കോടതി വിധി വന്നതിന് പിന്നാലെയായിരുന്നു ഈ നീക്കം. നിയമസഭയില്‍ വിഷയം ചര്‍ച്ചയായ വേളയില്‍ അപ്പീല്‍ പോകുമെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കിയതെങ്കിലും മന്തന്ത്രി എം കെ മുനീറിന്റെ സാമൂഹികനീതി വകുപ്പ് ഇതിന് തയ്യാറായില്ല. ഓര്‍ഫനേജുകളുടെ കൂട്ടായ്മയാണ് അപ്പീലുമായി ഹൈക്കോടതിയെ സമീപിച്ചത്. അതേസമയം, പതിനെട്ട് വയസ്സിന് താഴെയുള്ള കുട്ടികള്‍ പഠിക്കുന്ന സ്ഥാപനങ്ങളെല്ലാം ജെ ജെ ആക്ടിന്റെ പരിധിയില്‍ വരുന്നതോടെ പള്ളി ദര്‍സുകളുടെ പ്രവര്‍ത്തനവും പ്രതിസന്ധിയിലാകും. അഗതി മന്ദിരങ്ങള്‍, ഹിഫഌല്‍ ഖുര്‍ആന്‍ കോളജുകള്‍, ഹോസ്റ്റല്‍ സംവിധാനമുള്ള മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയെല്ലാം നടത്തിപ്പിനെ ഇത് ബാധിക്കും.
അനാഥാലയങ്ങളെ ജെ ജെ ആക്ടിന്റെ പരിധിയില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന നിര്‍ദേശം വര്‍ഷങ്ങളായി ഒരുവിഭാഗം ഉയര്‍ത്തിയിരുന്നു. ജെ ജെ ആക്ടിന് കീഴില്‍ വരുന്ന കുട്ടികള്‍ പഠിക്കുന്ന സ്ഥാപനങ്ങള്‍ മാത്രം ഈ ആക്ട് അനുസരിച്ച് രജിസ്റ്റര്‍ ചെയ്താല്‍ മതിയെന്ന നിലപാടാണ് അന്ന് സര്‍ക്കാര്‍ സ്വീകരിച്ചത്. മറ്റു കുട്ടികളെ പാര്‍പ്പിക്കുന്ന സ്ഥാപനങ്ങള്‍ ഓര്‍ഫനേജ് ആക്ടില്‍ രജിസ്റ്റര്‍ ചെയ്താല്‍ മതിയെന്ന് കാണിച്ച് 2012 ഫെബ്രുവരിയില്‍ സര്‍ക്കാര്‍ ഉത്തരവ് ഇറക്കുകയും ചെയ്തു. എന്നാല്‍, ഓര്‍ഫനേജ് ആക്ടിലെയും ജെ ജെ ആക്ടിലെയും വ്യവസ്ഥകള്‍ ഒന്നാണെന്ന നിലയിലാണ് ഹൈക്കോടതി വിധിയുണ്ടായത്. ഈ വിധിയിലെ അവ്യക്തതകള്‍ നീക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചതുമില്ല.
ഇതിന് പകരം കേന്ദ്ര നിയമത്തിന്റെ ചുവടുപിടിച്ച് നിയമം നടപ്പാക്കാന്‍ നിര്‍ദേശിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കുകയായിരുന്നു. പ്രവേശം, സ്ഥാപനങ്ങളിലെ അടിസ്ഥാനസൗകര്യം ഒരുക്കല്‍ എന്നിവയുമായി ബന്ധപ്പെട്ടാണ് അപ്രായോഗിക നിര്‍ദേശങ്ങള്‍ ഏറെയുള്ളത്. ഭൂരിഭാഗം അനാഥാലയങ്ങളും പ്രവര്‍ത്തിക്കുന്നത് സാമുദായിക അടിസ്ഥാനത്തിലാണ്. ഒരോ വിഭാഗവും തങ്ങളുടെ സമുദായത്തിലെ അനാഥര്‍ക്ക് മികച്ച വിദ്യാഭ്യാസം ഉറപ്പ് വരുത്താന്‍ ലക്ഷ്യമിട്ട് സ്ഥാപിച്ചവയാണിത്. എന്നാല്‍, ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ മേല്‍നോട്ടത്തില്‍ അവര്‍ നിര്‍ദേശിക്കുന്നവരെയാകണം അനാഥാലയങ്ങളില്‍ പ്രവേശം നല്‍കേണ്ടതെന്നാണ് ജെ ജെ ആക്ട് നിര്‍ദേശിക്കുന്നത്. നൂറ് കുട്ടികള്‍ക്ക് നാല്‍പ്പത് ജീവനക്കാര്‍ വേണമെന്നതാണ് മറ്റൊരു നിര്‍ദേശം. എല്ലാ സ്ഥാപനങ്ങള്‍ക്കും ഇത് ബാധകമല്ലെന്ന മറുവാദവും ഉയര്‍ത്തുന്നുണ്ട്.

യോജിച്ച പോരാട്ടത്തിന് ആഹ്വാനം

കോഴിക്കോട്: അനാഥ, അഗതി മന്ദിരങ്ങളുടെ പ്രവര്‍ത്തനം അട്ടിമറിക്കുന്ന തരത്തില്‍ ബാലനീതി നിയമത്തിലെ അപ്രായോഗിക ഉത്തരവിനെതിരെ യോജിച്ച് നീങ്ങാന്‍ വിവിധ മുസ്‌ലിം സംഘടനകള്‍ക്ക് കീഴിലുള്ള സ്ഥാപന മേധാവികളുടെ യോഗത്തില്‍ തീരുമാനം. 18 വയസ്സിന് താഴെ പ്രായമുള്ള കുട്ടികള്‍ പഠിക്കുന്ന അനാഥ മന്ദിരങ്ങള്‍ ജുവനൈല്‍ ജസ്റ്റിസ് ആക്ട് അനുസരിച്ച് രജിസ്റ്റര്‍ ചെയ്യണമെന്ന സര്‍ക്കാര്‍ ഉത്തരവിനെതിരെ നിയമ നടപടികളും സര്‍ക്കാര്‍ തലത്തിലെ നയപരമായ ഇടപെടലുകളും ഒരുമിച്ച് കൊണ്ടുപോകാനാണ് തീരുമാനം. ഉത്തരവിനെതിരെ വിവിധ സ്ഥാപനങ്ങള്‍ ഹൈക്കോടതിയില്‍ റിട്ട് ഫയല്‍ ചെയ്യും. പതിനഞ്ചോളം അനാഥ- അഗതി സ്ഥാപനങ്ങള്‍ ചേര്‍ന്ന് ഒരു ഹരജി എന്ന നിലയിലാണ് ഫയല്‍ ചെയ്യുക. മുസ്‌ലിം സമുദായത്തിന് പുറമെ ഇതര സമുദായങ്ങള്‍ നടത്തുന്ന അനാഥ മന്ദിരങ്ങളുടെയും സഹകരണം നിയമ നടപടിക്ക് ഉറപ്പ് വരുത്തും. സ്ഥാപനങ്ങള്‍ ചേര്‍ന്ന് നടത്തുന്ന നിയമ പോരാട്ടങ്ങള്‍ക്ക് കേരള മുസ്‌ലിം ഓര്‍ഫനേജ് കോ- ഓര്‍ഡിനേഷന്‍ കമ്മിറ്റി പിന്തുണ നല്‍കും. മുസ്‌ലിം സമുദായത്തിന് പുറമെ മറ്റു മതവിഭാഗങ്ങളുടെ പിന്തുണയോടെ ഈ മാസം മുപ്പതിനുള്ളില്‍ തിരുവനന്തപുരത്തെത്തി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, സാമൂഹികനീതി മന്ത്രി എം കെ മുനീര്‍, വ്യവസായ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി എന്നിവരുമായി ചര്‍ച്ച നടത്തും. സര്‍ക്കാറിന് ഈ ഉത്തരവില്‍ നടത്താന്‍ കഴിയുന്ന ഭേദഗതികളെക്കുറിച്ചാകും ചര്‍ച്ച ചെയ്യുകയെന്നും കോ- ഓര്‍ഡിനേഷന്‍ ഭാരവാഹികള്‍ പറഞ്ഞു.
ഇപ്പോഴത്തെ നിര്‍ദേശം ഒരുതരത്തിലും അംഗീകരിക്കേണ്ടെന്നാണ് യോഗ തീരുമാനം. ബാലനീതി നിയമത്തിലെ നിലവിലെ നിര്‍ദേശങ്ങള്‍ ഓര്‍ഫനേജ് പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നും ഗുരുതരമായ പ്രതിസന്ധിയാണ് നിലനില്‍ക്കുന്നതെന്നും പി ടി എ റഹിം എം എല്‍ എ യോഗത്തില്‍ പറഞ്ഞു. ഏതെങ്കിലുമൊരു മതവിഭാഗത്തെ മാത്രം ബാധിക്കുന്ന പ്രശ്‌നമല്ലിത്. മറ്റു സാമുദായിക സംഘടനകളും വ്യക്തികളും നടത്തുന്ന സ്ഥാപനങ്ങളെയും കൂട്ടിയോജിപ്പിച്ചുള്ള നീക്കമാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
കാരന്തൂര്‍ മര്‍കസ്, സഅദിയ്യ കാസര്‍കോട്, ജെ ഡി ടി മുസ്‌ലിം ഓര്‍ഫനേജ്, മുക്കം ഓര്‍ഫനേജ് തുടങ്ങി നിരവധി സ്ഥാപനങ്ങളെ പ്രതിനിധാനം ചെയ്ത് നൂറില്‍പ്പരം പ്രതിനിധികളാണ് യോഗത്തില്‍ സംബന്ധിച്ചത്. കോ- ഓര്‍ഡിനേഷന്‍ കമ്മിറ്റി പ്രസിഡന്റ് ടി കെ പരീക്കുട്ടി ഹാജി അധ്യക്ഷത വഹിച്ചു. സുന്നി വിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടറി പ്രൊഫ. എ കെ അബ്ദുല്‍ ഹമീദ്, ഓര്‍ഫനേജ് കണ്‍ടോള്‍ ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ പി സി ഇബ്‌റാഹിം ഹാജി, വി എം കോയ മാസ്റ്റര്‍, കോ- ഓര്‍ഡിനേഷന്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി അഡ്വ. എം മുഹമ്മദ്, സി പി കുഞ്ഞുമുഹമ്മദ്, ഫാറൂഖ് കോളജ് പ്രിന്‍സിപ്പല്‍ പ്രൊഫ. ഇ പി ഇമ്പിച്ചികോയ, ഹമീദ് ഹാജി കാഞ്ഞങ്ങാട്, ടി എ തങ്ങള്‍, ഷംസുദ്ദീന്‍, മുഹമ്മദ്‌മോന്‍ ഹാജി പ്രസംഗിച്ചു.