ഗെയില്‍ വാതക പൈപ്പ്‌ലൈന്‍ പദ്ധതി പുനഃപരിശോധിക്കണം: കാന്തപുരം

Posted on: March 26, 2016 8:24 pm | Last updated: March 27, 2016 at 3:28 pm
12472627_611395972340974_6774121125059549691_n
കേരള മുസ് ലി‌ം ജമാഅത്ത് സാരഥികളെ നഗരിയിലേക്ക് ആനയിക്കുന്നു

മഞ്ചേരി: ഗയില്‍ ഭൂഗര്‍ഭ വാതക പൈപ്പ്‌ലൈന്‍ പദ്ധതി സര്‍ക്കാര്‍ അടിയന്തരമായി പുനഃപരിശോധിക്കണമെന്ന് കേരള മുസ്‌ലിം ജമാഅത്ത് അധ്യക്ഷന്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ആവശ്യപ്പെട്ടു. മഞ്ചേരിയില്‍ കേരള മുസ് ലിം ജമാഅത്ത് സാരഥികള്‍ക്ക് നല്‍കിയ സ്വീകരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജനങ്ങള്‍ക്ക് ഉപദ്രവകരമായ രീതിയില്‍ ഗെയില്‍ പദ്ധതി നടപ്പാക്കരുത്. ജനങ്ങളെ ബാധിക്കാത്ത സ്ഥലങ്ങളിലൂടെ പൈപ്പ്‌ലൈന്‍ കൊണ്ടുപോകാം. കടല്‍ തീരത്തിലൂടെ കൊണ്ടുപോകുന്നത് പരിഗണിക്കാം. ചെലവ് കൂടുമെന്ന് കരുതി ജനങ്ങളുടെ ജീവന്‍ അപകടത്തിലാക്കരുതെന്നും കാന്തപുരം വ്യക്തമാക്കി.

പതിനായിരക്കണക്കിന് അനാഥ കുട്ടികളുടെ ഭാവിയെ പ്രതിസന്ധിയിലാക്കുന്ന ബാലനീതി നിയമം നടപ്പാക്കരുതെന്നും കാന്തപുരം ആവശ്യപ്പെട്ടു. ഹൈക്കോടതി നടപ്പാക്കണമെന്ന് ആവശ്യപ്പെടുമ്പോഴേക്കും നടപ്പാക്കിയ സര്‍ക്കാര്‍ നടപടി ശരിയല്ല. ഹൈക്കോടതി വിധിക്കെതിരെ ഉടന്‍ അപ്പീല്‍ പോകുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്. നിയമത്തിന് ഉപാധികള്‍ ഉണ്ടാക്കാന്‍ സര്‍ക്കാറിന് സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

മലപ്പുറം ജില്ലയിലെ ഒന്‍പത് പഞ്ചായത്തുകളിലൂടെയും രണ്ട് നഗരസഭകളിലൂടെയും കടന്ന് പോകുന്ന വാതക പൈപ്പ് ലൈന്‍ പാവപ്പെട്ട ജനങ്ങളെ കുടിയിറക്കി കൊണ്ടാവരുതെന്ന് സമ്മേളനം അംഗീകരിച്ച പ്രമേയത്തില്‍ വ്യക്തമാക്കി. എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ ജനവാസ കേന്ദ്രങ്ങളില്‍ കൂടി 508 കിലോ മീറ്റര്‍ പൈപ്പിടാനാണ് സര്‍ക്കാര്‍ ഒരുങ്ങുന്നത്. മലപ്പുറം ജില്ലയില്‍ 68 കിലോമീറ്റര്‍ നീളത്തിലാണ് പൈപ്പ് ലൈന്‍ കടന്ന് പോവുക.   പല ജില്ലകളിലും ഭൂമി ഏറ്റെടുക്കല്‍ പൂര്‍ത്തിയായി.   മലപ്പുറത്ത് ജനങ്ങളുടെ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് സര്‍വേ പൂര്‍ത്തിയാക്കാനോ ഭൂമി ഏറ്റെടുക്കാനോ സാധിച്ചിട്ടില്ല.  എന്നാല്‍ ചട്ടങ്ങള്‍ പാലിക്കാതെയും ജനങ്ങളേ വിശ്വാസത്തിലെടുക്കാതെയും  മലപ്പുറത്ത് രഹസ്യമായി   ഭൂമിയേറ്റെടുക്കല്‍ നടപടികള്‍ നടത്തിയതായാണ്  അറിയുന്നത് അറിയുന്നത്. പൈപ്പ് ലൈന്‍ കടന്ന് പോകുന്ന വഴികളില്‍  വീടുകളോടൊപ്പം തന്നെ ആരാധാനാലയങ്ങളും വ്യാപാര സ്ഥാപനങ്ങളും കൃഷി ഭൂമികളുമുണ്ട്. ഏറ്റെടുക്കുന്ന ഭൂമിയില്‍ പിന്നീട് വേരിറങ്ങുന്ന കൃഷി പോലും ചെയ്യാനാകില്ല. സ്വന്തമായുള്ള കിടപ്പാട്ടം വിട്ട് ആയിരക്കണക്കിന് ജനങ്ങളെ തെരുവിലിറക്കേണ്ട സാഹചര്യം ഇല്ലാതാക്കാന്‍ സര്‍ക്കാര്‍ ശക്തമായ ഇടപെടല്‍ നടത്തണമെന്നും ജനങ്ങളുടെ ആശങ്കയകറ്റണമെന്നും പ്രമേയം ആവശ്യപ്പെട്ടു.

സംസ്ഥാന പ്രസിഡന്റ് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍, ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്‌റാഹീം ഖലീലുല്‍ ബുഖാരി, ഫിനാന്‍സ് സെക്രട്ടറി എ പി അബ്ദുല്‍ കരീം ഹാജി ചാലിയം തുടങ്ങിയ തിരെഞ്ഞെടുക്കപ്പെട്ട മുഴുവന്‍ സംസ്ഥാന ഭാരവാഹികള്‍ക്കും ജില്ലയിലെ സുന്നി സംഘടനകളുടെ സംയുക്താഭിമുഖ്യത്തിലാണ് സ്വീകരണം ഒരുക്കിയത്. വൈകീട്ട് അഞ്ചിന്് കോഴിക്കോട് റോഡിലെ ചുള്ളക്കാട് ഗവ. എല്‍ പി സ്‌കൂള്‍ പരിസരത്തു നിന്ന് ജില്ലാ നേതാക്കളുടെ നേതൃത്വത്തില്‍ സംസ്ഥാന ഭാരവാഹികളെ സ്വീകരിച്ച് ജസീല ജംഗ്ഷനിലൂടെ മേലാക്കം ബൈപാസിന് അടുത്തുള്ള സമ്മേളന നഗരിയിലേക്ക് ആനയിച്ചു.

തുടര്‍ന്ന് നടന്ന സമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് സയ്യിദ് യൂസുഫുല്‍ ജീലാനി അധ്യക്ഷത വഹിച്ചു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ പ്രസ്ഥാനത്തിന്റെ നയനിലപാടുകള്‍ വിശദീകരിച്ചു. സയ്യിദ് ഇബ്‌റാഹീം ഖലീലുല്‍ ബുഖാരി, പൊന്‍മള അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാര്‍, എന്‍ അലി അബ്ദുല്ല, വണ്ടൂര്‍ അബ്ദുര്‍റഹ്മാന്‍ ഫൈസി, പ്രൊഫ. കെ എം എ റഹീം, കൂറ്റമ്പാറ അബ്ദുര്‍റഹ്മാന്‍ ദാരിമി പ്രസംഗിച്ചു. വിവിധ രാഷ്ട്രീയ പാര്‍ട്ടികളെ പ്രതിനിധീകരിച്ച് അഡ്വ. ബാലകൃഷ്ണന്‍, പ്രൊഫ. എപി അബ്ദുല്‍ വഹാബ്, സി വാസുദേവന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

സമ്മേളനം തത്സമയം കാണാം: