എണ്ണ വില പ്രതിസന്ധി: ഡോളര്‍ ആശ്രിതത്വം ഉപേക്ഷിക്കാന്‍ ഉപദേശം

Posted on: March 26, 2016 7:14 pm | Last updated: March 26, 2016 at 7:14 pm
SHARE

petroliumദോഹ: എണ്ണിവിലയിടിവനെത്തുടര്‍ന്നു പ്രകടമാകുന്ന പ്രതിസന്ധി മറികടക്കന്‍ ഗള്‍ഫ് രാജ്യങ്ങളും ഇതര മിഡില്‍ ഈസ്റ്റ്, നോര്‍ത്ത് ആഫ്രിക്കന്‍ രാജ്യങ്ങളും സാമ്പത്തിക ഉദാരീകരണനയം സ്വീകരിക്കണമെന്ന് ദോഹ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ ഗ്രാജ്വേറ്റ് സ്റ്റഡീസ് ഡീന്‍ ഡോ. ഹസന്‍ അലി അഭിപ്രായപ്പെട്ടു. ഇന്നലെ സമാപിച്ച മിഡില്‍ ഈസ്റ്റ് എക്കണോമിക് അസോസിയേഷന്‍ സാമ്പത്തിക ഫോറത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അമേരിക്കന്‍ ഡോളറുമായുള്ള ആശ്രിതത്വം ഉപേക്ഷിക്കാന്‍ ഗള്‍ഫ് രാജ്യങ്ങള്‍ സന്നദ്ധമാകണം. എണ്ണയെ ആശ്രയിച്ചു സാമ്പത്തിക മേഖലയെ മാനേജ് ചെയ്യുന്ന രാജ്യങ്ങള്‍ക്ക് എണ്ണവിലയിടിവ് ആഘാതം സൃഷ്ടിച്ചിട്ടുണ്ട്. അത് ഇപ്പോള്‍ പുറത്തു വരുന്നതിനേക്കാള്‍ ഉയര്‍ന്ന തോതിലാകാന്‍ സാധ്യതയുണ്ട്. രാജ്യങ്ങളുടെ ബജറ്റില്‍ സാമ്പത്തിക സ്ഥിതി പ്രതിഫലിച്ചു. കൂടാതെ നികുതി നിര്‍ദേശങ്ങളെക്കുറിച്ചും രാജ്യങ്ങള്‍ ചിന്തിച്ചു തുടങ്ങി. ഇത്തരം പരിഷ്‌കാരങ്ങളുമായി മുന്നോട്ടു പോയാല്‍ മാത്രമേ ഭദ്രമാകാന്‍ സാധിക്കൂ. സാമ്പത്തിക വിപണിയിലെ പോക്കു വരവുകളെ സൂക്ഷ്മമായി നിരീക്ഷിച്ചു നടപടികള്‍ സ്വീകരിക്കണം. വിദ്യാഭ്യാസം, സാങ്കേതികവിദ്യ, നവീകരണം എന്നീ മേഖലകളില്‍ കൂടുതല്‍ ശ്രദ്ധപതിപ്പിക്കണം. സാമ്പത്തിക പ്രതിസന്ധി ഇത്തരം മേഖലകളില്‍ പിറകോട്ടു നടത്തത്തിനു അവസരമൊരുക്കരുത്.
സാമ്പത്തിക രംഗം വൈവിധ്യവത്കരിക്കണമെന്നും അസോസിയേഷന്‍ പ്രസിഡന്റുകൂടിയായ അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ സുസ്ഥിര വികസനത്തെ സഹായിക്കുന്ന വികസനത്തില്‍ നിക്ഷേപം നടത്തുന്നതിലും സ്വകാര്യ മേഖലയെ ഭാഗവാക്കാക്കുന്നതിലും ഗവണ്‍മെന്റുകള്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
നേരത്തേ സബ്‌സിഡികള്‍ ഒഴിവാക്കാനും വാറ്റ് ഉള്‍പ്പെടെയുള്ള നികുതി സമ്പ്രദായം കൊണ്ടു വരാനും ഇന്റര്‍നാഷനല്‍ മോണി ഫണ്ട് ഖത്വര്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങളോട് ആവര്‍ത്തിച്ചു ശിപാര്‍ശ ചെയ്തിരുന്നു. സാമ്പത്തിക മേഖലയിലെ വൈവിധ്യവത്കരണവും ഏജന്‍സികള്‍ നിരന്തരമായി നിര്‍ദേശിച്ചു വരുന്നതാണ്. ഈ വര്‍ഷത്തെ ബജറ്റില്‍ ഗള്‍ഫ് നാടുകള്‍ ചെലവു ചുരുക്കുന്നതിനും ബജറ്റ് നിര്‍ദേശങ്ങള്‍ പരിശോധിക്കുന്നതിനും സന്നദ്ധമായിരുന്നു. പ്രാദേശിക വിപണിയല്‍ എണ്ണയുടെ വില ഉയര്‍ത്താനും ഗവണ്‍മെന്റുകള്‍ സന്നദ്ധമായി. എണ്ണവില പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ ഏപ്രില്‍ 17ന് ഖത്വറില്‍ ഉത്പാദക രാജ്യങ്ങളുടെ യോഗം വിളിച്ചു ചേര്‍ത്തിട്ടുണ്ട്. അതേസമയം ഡോളര്‍ ആശ്രിതത്വം പിന്‍വലിക്കുന്നതിനോട് ഖത്വര്‍ നേരത്തേ വിയോജിപ്പ് പ്രകടിപ്പിച്ചുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here