Connect with us

Gulf

സാമ്പത്തിക മേഖലയില്‍ യു എ ഇയും റഷ്യയും സഹകരണം ദൃഢമാക്കും

Published

|

Last Updated

അബുദാബി: യു എ ഇയും റഷ്യയും സാമ്പത്തിക മേഖലയില്‍ കൂടുതല്‍ ദൃഢമായ സഹകരണവും ബന്ധവും ഉറപ്പാക്കാന്‍ ധാരണ. അബുദാബി കിരീടാവകാശിയും യു എ ഇ സായുധ സേനാ ഉപ മേധാവിയുമായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാനും റഷ്യന്‍ പ്രസിഡന്റ് വഌഡ്മിര്‍ പുടിനും റഷ്യയില്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. റഷ്യയിലെത്തിയ ജനറല്‍ ശൈഖ് മുഹമ്മദിനെയും പ്രതിനിധി സംഘത്തെയും പുടിന്‍ ക്രെംലിനില്‍ സ്വീകരിച്ചു.
ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദ-സഹകരണ ബന്ധത്തെക്കുറിച്ച് നേതാക്കള്‍ ചര്‍ച്ച നടത്തി. യു എ ഇയും റഷ്യയും തമ്മിലുള്ള വ്യാപാരബന്ധം കൂടുതല്‍ വ്യാപിപ്പിക്കാന്‍ ചര്‍ച്ച ഉപകരിക്കുമെന്ന് ജനറല്‍ ശൈഖ് മുഹമ്മദ് പറഞ്ഞു. ഇരുരാജ്യങ്ങളും നടത്തുന്ന നിക്ഷേപം അവിടത്തെ ജനങ്ങള്‍ക്കും രാജ്യത്തിനും ഉപകരിക്കുമെന്നും നേതാക്കള്‍ വ്യക്തമാക്കി. മേഖലയിലെ ഏറ്റവും ശക്തമായ രാജ്യമെന്ന നിലയില്‍ മധ്യപൗരസ്ത്യമേഖലയിലെ വിഷയങ്ങള്‍ റഷ്യയുമായി ചര്‍ച്ച ചെയ്യാന്‍ സാധിച്ചതില്‍ സന്തോഷവാനാണ്. മധ്യപൗരസ്ത്യ മേഖലയില്‍ യു എ ഇയും റഷ്യയും തമ്മിലുള്ള ബന്ധം കൂടുതല്‍ സുസ്ഥിരവും സുരക്ഷിതവുമാക്കാന്‍ കഴിയുമെന്നും ജനറല്‍ ശൈഖ് മുഹമ്മദ് വ്യക്തമാക്കി. കൂടാതെ നിരവധി പ്രാദേശിക-അന്തര്‍ദേശീയ വിഷയങ്ങളും ഒപ്പം മധ്യപൗരസ്ത്യമേഖലയിലെ ഭീകരവാദ സംഘടനകളെയും സംഭവവികാസങ്ങളെയും പ്രതിരോധിക്കുന്നതിനെക്കുറിച്ചും പ്രത്യേകിച്ച് സിറിയന്‍ പ്രശ്‌നവുമാണ് നേതാക്കള്‍ ചര്‍ച്ച ചെയ്തത്. തീവ്രവാദം ഒരു ആഗോള ഭീഷണിയാണെന്നും ബ്രസല്‍സില്‍ നടന്ന സ്‌ഫോടനം നിരപരാധികളായ നിരവധി ജനങ്ങളുടെ ജീവനെടുത്തതും പരാമര്‍ശിക്കപ്പെട്ടു.
റോസ്‌തോവ് ഓണ്‍ ഡോണ്‍ വിമാനത്താവളത്തില്‍ ഫ്‌ളൈ ദുബൈ വിമാനം തകര്‍ന്നുണ്ടായ ദുരന്തത്തില്‍ തന്റെ രാജ്യത്തിന്റെ അഗാധ ദുഃഖം ജനറല്‍ ശൈഖ് മുഹമ്മദ് പുടിനുമായി പങ്കുവെച്ചു. ദുരന്തത്തിനിരയായവരുടെ ബന്ധുക്കളോടും റഷ്യന്‍ ജനതയോടും ശൈഖ് മുഹമ്മദ് അനുശോചനം രേഖപ്പെടുത്തി.
ഉഭയകക്ഷി-സാമ്പത്തിക ബന്ധങ്ങള്‍ക്കായുള്ള യു എ ഇ-റഷ്യ സംയുക്ത കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ രാജ്യങ്ങള്‍ തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്താന്‍ സാധിക്കുമെന്ന് പുടിന്‍ പ്രത്യാശിച്ചു. നിക്ഷേപ സഹകരണങ്ങള്‍ക്കാണ് റഷ്യ കൂടുതല്‍ പ്രാധാന്യം നല്‍കുന്നത്. ഈ മേഖലയില്‍ കൂടുതല്‍ വിജയം കൈവരിക്കാനാകും. ഇരുരാജ്യങ്ങളും തമ്മില്‍ സുദൃഢമായ ബന്ധമാണുള്ളത്. ഇനിയും ഉയര്‍ന്ന തലത്തിലേക്ക് ആ ബന്ധങ്ങള്‍ വളര്‍ത്താന്‍ ശ്രമിക്കും.
ചര്‍ച്ചയില്‍ യു എ ഇ വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്‌യാന്‍, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ശൈഖ് തഹ്‌നൂന്‍ ബിന്‍ സായിദ് അല്‍ നഹ്‌യാന്‍, റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലാവ്‌റോവ് പങ്കെടുത്തു.

---- facebook comment plugin here -----

Latest