രണ്ടര മാസം പ്രായമുള്ള കുഞ്ഞിനെ വില്‍ക്കാന്‍ ശ്രമം; അമ്മയും സഹായികളും പിടിയില്‍

Posted on: March 26, 2016 6:16 pm | Last updated: March 26, 2016 at 6:16 pm
SHARE

arrestഅബുദാബി: അവിഹിത ബന്ധത്തില്‍ ജനിച്ച പിഞ്ചുകുഞ്ഞിനെ വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ മാതാവും മൂന്നു സഹായികളും അബുദാബി പോലീസിന്റെ പിടിയിലായി. സംഭവം മനുഷ്യക്കടത്തിന്റെ പരിധിയില്‍പെടുത്തി പോലീസ് പ്രതികള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു.
വീട്ടുവേലക്കുള്ള വിസയില്‍ രാജ്യത്ത് പ്രവേശിച്ച യുവതി തൊഴിലുടമയില്‍ നിന്ന് ഒളിച്ചോടി അനധികൃത താമസക്കാരിയായി രാജ്യത്ത് തങ്ങുകയായിരുന്നെന്ന് പോലീസ് വ്യക്തമാക്കി. ഒളിച്ചോട്ടത്തിന് ഇവര്‍ക്കെതിരെ പരാതി നിലവിലുണ്ട്. തൊഴിലുടമയില്‍നിന്ന് ഒളിച്ചോടികഴിയവേ തന്റെ നാട്ടുകാരനായ യുവാവുമായി അടുപ്പത്തിലാവുകയും അവിഹിത ബന്ധം പുലര്‍ത്തുകയും ചെയ്തതിലൂടെയാണ് 36 കാരി കുഞ്ഞിന് ജന്മം നല്‍കിയത്. കുഞ്ഞിന്റെ പിതാവെന്ന് പറയുന്ന യുവാവ് നേരത്തെ രാജ്യം വിട്ടതായി അന്വേഷണത്തില്‍ വ്യക്തമായതായി പോലീസ് അറിയിച്ചു.
ഗര്‍ഭിണിയായ യുവതി പ്രസവ സമയമടുത്തപ്പോള്‍ നാട്ടുകാരിയും വിവിധയിടങ്ങളില്‍ പ്രസവ ശുശ്രൂഷാ സേവനം ചെയ്തുവരികയുമായിരുന്ന 59 കാരിയെ പരിചയപ്പെടുകയും പ്രസവ ശുശ്രൂഷക്ക് സഹായിക്കാന്‍ ആവശ്യപ്പെടുകയും ചെയ്യുകയായിരുന്നു. പ്രസവാനന്തരം കുഞ്ഞിനെ വിറ്റുകിട്ടുന്ന പണത്തിന്റെ വിഹിതം സേവനത്തിന് പ്രതിഫലമായി നല്‍കാമെന്നതായിരുന്നു ഇവര്‍ തമ്മിലുള്ള ധാരണ. നാട്ടില്‍ നേരത്തെ നഴ്‌സായി ജോലി ചെയ്തു പരിചയമുള്ളയാളാണ് 56 കാരിയായ രണ്ടാം പ്രതി.
പ്രസവാനന്തരം കുഞ്ഞിനെ വില്‍ക്കാന്‍ ബ്രോക്കറായി പ്രവര്‍ത്തിച്ചതും ഈ 56 കാരിയായിരുന്നെന്ന് പോലീസ് വെളിപ്പെടുത്തി. പിഞ്ചുകുഞ്ഞിനെ വില്‍ക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്ന വിവരം കിട്ടിയ പോലീസ് പ്രത്യേക സംഘത്തെ നിശ്ചയിച്ച ഓപറേഷന് പദ്ധതിയിടുകയായിരുന്നു. അബുദാബിയിലെ പ്രത്യേക സ്ഥലത്തെത്തിച്ച പ്രതികളുടെ മുമ്പില്‍ ആവശ്യക്കാരിയെന്ന നിലയില്‍ പ്രത്യക്ഷപ്പെട്ട, അന്വേഷണ സംഘത്തിലെ വനിതാ പോലീസിനോട് 10,000 ദിര്‍ഹം വിലപറഞ്ഞു കച്ചവടം ഉറപ്പിച്ച് കുഞ്ഞിനെ കൈമാറുന്നതിനിടെ സ്ഥലത്ത് ക്യാമ്പ് ചെയ്തിരുന്ന പോലീസ് സംഘം പ്രതികളെ വലയിലാക്കുകയായിരുന്നു. കേസില്‍ ഇവര്‍ക്ക് സഹായങ്ങള്‍ ചെയ്തുകൊടുത്ത രണ്ടു യുവാക്കളെയും പോലീസ് പിടികൂടിയിട്ടുണ്ട്.