Connect with us

Idukki

ടൂറിസം ഭൂപടത്തിലിടം നേടാന്‍ ചതുരംഗപ്പാറമേട്ട്

Published

|

Last Updated

കോതമംഗലം: പ്രകൃതി ഒരുക്കിയ ദൃശ്യവിസ്മയവുമായി ചതുരംഗപ്പാറ മേട്ട്. രാമക്കല്‍മേടിനെ പോലെ അനുസ്മരിപ്പിക്കുന്ന കോട മൂടിയ ഈ മലനിരകളില്‍ നിന്ന് സദാസമയവും വീശുന്ന കാറ്റുമേറ്റ് തമിഴ്‌നാട്ടിലെ കോബ, തേവാരം, കൊരങ്ങിണി കമ്പം എന്നീ സ്ഥലങ്ങളുടെ വിദൂരക്കാഴ്ച്ച കാണാം. മൂന്നാര്‍- തേക്കടി സംസ്ഥാനപാതയിലെ ശാന്തമ്പാറയില്‍ നിന്നും എഴ് കിലോമീറ്റര്‍ അകലെയാണ് ചതുരംഗപ്പാറമേട്ട്. ഉടുമ്പന്‍ചോല – ശാന്തമ്പാറ പഞ്ചായത്തുകളുടെ അതിര്‍ത്തിയിലുള്ള ഈ പ്രദേശം മികച്ച സാഹസിക വിനോദസഞ്ചാരം കേന്ദ്രം കൂടിയാണ്. തമിഴ്‌നാട്ടിലെ അസംഖ്യം പച്ചപുതുച്ച കൃഷിയിടങ്ങളുടെ കാഴ്ചക്കൊപ്പം രാമക്കല്‍മേട്ടിലേയും പുഷ്പ്പകണ്ടത്തേയും കാറ്റാടി പാടങ്ങളുടെ വിദൂര ദൃശ്യവും ചതുരംഗപ്പാറയില്‍ നിന്നും കാണാനാകും.

കേരളത്തിന്റെ കിഴക്കേയറ്റത്തുള്ള ചതുരംഗപ്പാറമേട്ടിന്റെ കൂടുതല്‍ ഭാഗവും തമിഴ്‌നാടിന്റെ അധീനതയിലാണ്. എപ്പോഴും വീശിയടിക്കുന്ന കാറ്റിന്റെ സാധ്യത തിരിച്ചറിഞ്ഞ് മൂന്ന് വര്‍ഷം മുമ്പ് തമിഴ്‌നാട് വൈദ്യുതി ഉത്പാദനത്തിനായി ഏഴ് കാറ്റാടികള്‍ ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. സ്ഥലം തമിഴ്‌നാടിന്റെ അധീനതയിലാണെങ്കിലും ഇവിടേക്ക് റോഡ് മാര്‍ഗം എത്താന്‍ കഴിയുക കേരളത്തിലൂടെ മാത്രമാണ്. ഈ സാധ്യത പ്രയോജനപ്പെടുത്തി ഇവിടെ വിനോദസഞ്ചാരവികസനം സാധ്യമാക്കിയാല്‍ അതിന്റെ ഗുണം സംസ്ഥാനത്തിനായിരിക്കും ലഭിക്കുക.
കേരളത്തിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളായ തേക്കടിയിലേക്കും മൂന്നാറിലേക്കും പോകുന്ന സ്വദേശികളും വിദേശികളുമായ നിരവധി സഞ്ചാരികളാണ് നിത്യേന ചതുരംഗപ്പാറമേട്ടിലെത്തുന്നത്. വിനോദസഞ്ചാര സീസണില്‍ വൈകുന്നേരങ്ങളില്‍ വന്‍തിരക്കാണ് ഇവിടെ അനുഭവപ്പെടുന്നത്. സര്‍ക്കാര്‍ സംവിധാനങ്ങള്‍ ആവശ്യമായ പരിഗണന നല്‍കിയാല്‍ തേക്കടിക്കും മൂന്നാറിനും ഇടയിലുള്ള ചതുരംഗപ്പാറമേട്ടിനും കേരളത്തിന്റെ ടൂറിസം ഭൂപടത്തില്‍ പ്രധാന ഇടം നേടാനാവും.

Latest