വയനാട് കൊടും ചൂടിലേക്ക്; ‘എല്‍നിനോ’ പ്രതിഭാസമെന്ന്

Posted on: March 26, 2016 12:49 am | Last updated: March 26, 2016 at 12:49 am

SUMMERകല്‍പ്പറ്റ: വേനല്‍ച്ചൂടില്‍ വയനാട് എരിപിരികൊള്ളുന്നു. ഫെബ്രുവരി മാര്‍ച്ച് മാസത്തെ ശരാശരി താപനില 32 ഡിഗ്രിസെല്‍ഷ്യസാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങള്‍ രേഖപ്പെടുത്തിയത്. സമുദ്ര താപനില അസാധാരണമായി വര്‍ധിക്കുന്ന ‘എല്‍നിനോ’ പ്രതിഭാസമാണ് ചൂടുകൂടാനുളള കാരണമായി കാലാവസ്ഥാ ശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാട്ടുന്നത്.

അന്തരീക്ഷ താപനില ഇതുവരെയില്ലാത്തവിധം വര്‍ധിക്കുകയാണ്. പകല്‍ച്ചൂട് അസനീയമാവും വിധമാണ് വയനാടിനെ ബാധിക്കുന്നത്. അമ്പലവയല്‍ പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ നിന്നുളള കണക്കനുസരിച്ച് മാര്‍ച്ച് മാസത്തിലെ ശരാശരി ചൂട് 31 ഡിഗ്രി സെല്‍ഷ്യസാണ്. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് മാസത്തില്‍ ചൂട് 43 ഡിഗ്രിവരെ ഉയര്‍ന്നിരുന്നു. മാര്‍ച്ച് 18നാണ് ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന ചൂട്. 36 ഡിഗ്രി സെല്‍ഷ്യസ്. 19 മുതല്‍ 24 വരെയുള്ള ചൂട് യഥാക്രമം 31.05, 31.03, 31.02, 31.05,31.07,31.02 ഡിഗ്രി സെല്‍ഷ്യസ് ചൂടാണ്. ജില്ലയില്‍ ഓരോ വര്‍ഷവും താപനിലയില്‍ ക്രമാതീതമായ വര്‍ധനവുണ്ടാകുന്നുവെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

കുംഭമാസത്തില്‍ പതിവുള്ള ഇടമഴ ഇത്തവണ കാര്യമായി ലഭിച്ചിട്ടില്ല. മാര്‍ച്ച് രണ്ടാം വാരത്തിലാണ് ജില്ലയുടെ മൂന്ന് താലൂക്കുകളിലും വേനല്‍മഴ ലഭിച്ചത്. മാര്‍ച്ച് ഒന്നു മുതല്‍ 23 വരെ വയനാട്ടില്‍ 9.8 മില്ലീമീറ്റര്‍ മഴപെയ്തതായാണ് തിരുവനന്തപുരത്തുള്ള ഇന്ത്യന്‍ മെറ്ററോളജിക്കല്‍ ഡിപ്പാര്‍ട്ട്‌മെന്റ് രേഖപ്പെടുത്തിയിരിക്കുന്നത്. വേനല്‍മഴ പെയ്ത് പോയതോടെ ചൂടും അധികരിച്ചിട്ടുണ്ട്. മറ്റു ജില്ലകളെയപേക്ഷിച്ച് ചൂട് കുറവായിരുന്ന വയനാട്ടിലും ഇപ്പോള്‍ കാര്യങ്ങള്‍ മാറിമറിയുകയാണ്.
അതിര്‍ത്തി ഗ്രാമങ്ങളുടെ കാര്യമാണ് ഏറെ കഷ്ടം ഇവിടങ്ങളില്‍ മണ്ണ് തണുക്കുവോളം ഒരു മഴ പോലും ലഭിച്ചിട്ടില്ല. ഈ വര്‍ഷം കാലവര്‍ഷം ദുര്‍ബ്ബലപ്പെട്ടത് വേനല്‍മഴയുടെ കാര്യത്തിലും സംഭവിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷകര്‍ പറയുന്നത്. കൊടും ചൂടിലേക്ക് ജില്ല നീങ്ങുന്നതായാണ് സൂചനകള്‍.