ജനുവരിയില്‍ മാത്രം റോഡില്‍ പൊലിഞ്ഞത് 420 ജീവനുകള്‍

Posted on: March 26, 2016 2:30 am | Last updated: March 26, 2016 at 12:12 am

road accidentതിരുവനന്തപുരം:അശ്രദ്ധയും അമിത വേഗതയും നിരത്തുകളെ വീണ്ടും മരണക്കെണികളാക്കുന്നു. ഇക്കഴിഞ്ഞ ജനുവരിയില്‍ മാത്രം സംസ്ഥാനത്ത് നിരത്തുകളില്‍ പൊലിഞ്ഞത് 420 ജീവനുകള്‍. 3,688 അപകടങ്ങളാണ് ജനുവരിയിലുണ്ടായത്. ഇതില്‍ 4,073 പേര്‍ക്ക് പരുക്കേറ്റു. ഏറ്റവും കൂടുതല്‍ അപകടത്തില്‍ പെട്ടത് ഇരുചക്രവാഹനങ്ങളാണ്. മരിച്ചവരില്‍ ഭൂരിഭാഗവും യുവാക്കളാണെന്ന കാര്യവും ആശങ്കയുളവാക്കുന്നതാണ്. ബൈക്കുകളില്‍ ചീറിപ്പായുന്ന യുവാക്കള്‍ സ്വന്തം ജീവന്‍ മാത്രമല്ല, മറ്റുള്ളവരുടെ ജീവന്‍കൂടി അപഹരിക്കുകയാണ്. പ്രതിദിനം ശരാശരി 14 പേരെങ്കിലും വാഹനാപകടങ്ങളില്‍ മരിക്കുന്നതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
വാഹന പെരുപ്പം, അശ്രദ്ധമായ ഡ്രൈവിംഗ്, മദ്യപാനം, ഉറക്കമൊഴിഞ്ഞ് വണ്ടിയോടിക്കല്‍, കാലഹരണപ്പെട്ട വാഹനങ്ങള്‍, റോഡ് കൈയേറിയുള്ള വഴിയോരക്കച്ചവടങ്ങള്‍ തുടങ്ങിയവയാണ് അപകടങ്ങളുടെ വര്‍ധനവിന് കാരണം. ബസുകളുടെയും ടിപ്പര്‍ ലോറികളുടെയും മത്സരയോട്ടമാണ് മറ്റൊരു കാരണം.
സ്പീഡ് ഗവേര്‍ണര്‍ വെച്ചാല്‍ ബസുകളുടെ വേഗം നിയന്ത്രിക്കാനാകുമെന്നാണ് കരുതിയതെങ്കിലും അതൊന്നും തങ്ങള്‍ക്ക് പ്രശ്‌നമല്ലെന്ന മട്ടിലാണ് പലരും വണ്ടിയോടിക്കുന്നത്. വാഹനപ്പെരുപ്പം വിശേഷിച്ചും ഇരുചക്രവാഹനങ്ങളുടെ ക്രമാതീതമായ വര്‍ധനവാണ് അപകടപ്പെരുപ്പത്തിന്റെ മറ്റൊരു ഘടകം. ഏറ്റവും കൂടുതല്‍ അപകടങ്ങള്‍ക്ക് വിധേയമാകുന്ന വാഹനങ്ങളുടെ പട്ടികയില്‍ പ്രഥമസ്ഥാനം ഇരുചക്രവാഹനങ്ങള്‍ക്കാണ്.
കഴിഞ്ഞ അഞ്ച് വര്‍ഷങ്ങള്‍ക്കിടയില്‍ 20700 ഓളം പേരുടെ ജീവനുകളാണ് റോഡപകടങ്ങളില്‍ പൊലിഞ്ഞത്. 2011ല്‍ 4145, 2012ല്‍ 4286, 2013ല്‍ 4258, 2014ല്‍ 4049, 2015ല്‍ 4196 എന്നിങ്ങനെയാണ് മരിച്ചവരുടെ കണക്ക്. ബൈക്ക് യാത്രക്കാര്‍ക്ക് ഹെല്‍മറ്റ് നിര്‍ബന്ധമാക്കിയും ബസിനും ലോറിക്കുമൊക്കെ സ്പീഡ് ഗവേര്‍ണര്‍ വെച്ചും അപകടം കുറക്കാന്‍ വാഹന വകുപ്പ് സ്വീകരിക്കുന്ന നടപടികള്‍ അപകടങ്ങള്‍ കാര്യമായി കുറക്കാന്‍ സഹായകമാകുന്നില്ലെന്നാണ് ഈ കണക്കുകള്‍ കാണിക്കുന്നത്.
2015 ല്‍ 39,014 വാഹനാപകട കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 43,735 പേര്‍ക്ക് പരുക്കേല്‍ക്കുകയും 4196 പേര്‍ക്ക് ജീവഹാനി സംഭവിക്കുകയും ചെയ്തു. കൗമാര പ്രായക്കാരും യുവാക്കളും യാതൊരു നിയന്ത്രണവുമില്ലാതെയാണ് ബൈക്കുകള്‍ ഓടിക്കുന്നത്. ഹെല്‍മറ്റും സീറ്റ് ബെല്‍റ്റും ധരിക്കാത്തവര്‍ക്കും മദ്യപിച്ച് വാഹനമോടിക്കുന്നവര്‍ക്കുമെതിരെ നടപടി ശക്തമാക്കിയിട്ടുണ്ടെങ്കിലും ഇത്തരത്തിലുള്ള നിയമം ലംഘിക്കുന്നവരുടെ എണ്ണത്തില്‍ കാര്യമായ കുറവില്ലെന്നാണ് ട്രാഫിക് പോലീസ് പറയുന്നത്.