Connect with us

Gulf

മാധ്യമ സ്ഥാപനങ്ങള്‍ക്ക് വാതില്‍ തുറന്നിട്ട് റാകിയ

Published

|

Last Updated

റാസല്‍ ഖൈമ: മാധ്യമ സ്ഥാപനങ്ങള്‍ക്ക് വാതില്‍ തുറന്നിട്ട് റാകിയ(റാസല്‍ ഖൈമ ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റി). മാധ്യമരംഗത്തെ പ്രൊഫഷണലുകളെയും മാധ്യമങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളെയുമാണ് റാകിയ റാസല്‍ ഖൈമയിലേക്ക് ക്ഷണിക്കുന്നത്.
ഇതുമായി ബന്ധപ്പെട്ട് അടുത്തിടെ റാകിയ നാഷണല്‍ മീഡിയാ കൗണ്‍സിലു(എന്‍ എം സി)മായി ധാരണാപത്രം ഒപ്പിട്ടിരുന്നു. റാകിയയില്‍ സ്ഥാപനം ആരംഭിക്കുന്ന കമ്പനികള്‍ക്ക് മീഡിയാ ലൈസന്‍സ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു ഇത്. മാധ്യമ രംഗവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ക്കുള്ള റാസല്‍ ഖൈമയിലെ ഏക സ്വതന്ത്ര വ്യാപാര മേഖലയാണ് റാകിയ. രാജ്യാന്തരവും ദേശീയവുമായ കമ്പനികള്‍ക്ക് വളര്‍ച്ചക്ക് റാകിയയിലെ പ്രവര്‍ത്തനം സഹായകമാവുമെന്നാണ് കരുതുന്നതെന്ന് റാകിയ സി ഇ ഒ റാമി ജല്ലാദ് അഭിപ്രായപ്പെട്ടു.
റാസല്‍ ഖൈമയുടെ സമ്പദ്‌വ്യവസ്ഥയെ വൈവിധ്യവത്ക്കരിക്കുന്നതില്‍ പ്രധാനപ്പെട്ട പദ്ധതിയാണിത്. ഇതിലൂടെ സമ്പദ്‌വ്യവസ്ഥക്ക് പുതിയ വാതായനങ്ങള്‍ തുറക്കപ്പെടും. ടെലിവിഷന്‍ പരിപാടികള്‍, റേഡിയോ സ്‌റ്റേഷനുകള്‍, പ്രസിദ്ധീകരണ സ്ഥാപനങ്ങള്‍, പരസ്യ സ്ഥാപനങ്ങള്‍, വാര്‍ത്താവിനിമയ സ്ഥാപനങ്ങള്‍, മാധ്യമ നിരീക്ഷണ സ്ഥാപനങ്ങള്‍, ഇതുമായി ബന്ധപ്പെട്ട സേവനങ്ങള്‍ എന്നിവക്കെല്ലാം ഇവിടെ അവസരം ഒരുക്കിയിട്ടുണ്ട്. സിനിമാ നിര്‍മാണത്തിനുള്ള സംവിധാനങ്ങള്‍, സംഗീതം, ഇവന്റ് മാനേജ്‌മെന്റ് എന്നിവക്കും റാകിയയെ ഉപയോഗപ്പെടുത്താനാവും. വ്യവസായത്തിനും വാണിജ്യത്തിനും വ്യാപാരത്തിനും കണ്‍സള്‍ട്ടന്‍സിക്കുമെല്ലാമുള്ള ലൈസന്‍സുകള്‍ ഇവിടെ ലഭ്യമാണെന്നും റാമി പറഞ്ഞു.

Latest