Connect with us

Uae

ഭാരം കുറഞ്ഞ സ്‌കൂള്‍ ബാഗുകള്‍ രംഗത്തിറക്കി വിദ്യാലയം മാതൃകയാകുന്നു

Published

|

Last Updated

അജ്മാന്‍: ഭാരം കുറഞ്ഞ സ്‌കൂള്‍ ബാഗുകള്‍ രംഗത്തിറക്കി വിദ്യാഭ്യാസ രംഗത്ത് പുത്തന്‍ മാതൃക സൃഷ്ടിച്ചിരിക്കുകയാണ് ഹാബിറ്റാറ്റ് സ്‌കൂളുകള്‍. അജ്മാനിലും ഉമ്മുല്‍ ഖുവൈനിലുമായി ഹാബിറ്റാറ്റ് ഗ്രൂപ് ഓഫ് സ്‌കൂളിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന വിദ്യാലയങ്ങളിലാണ് ഭാരം കുറഞ്ഞതും കൂടുതല്‍ സൗകര്യപ്രദവുമായ ബാഗുകള്‍ പരിചയപ്പെടുത്തുന്നത്. കുട്ടികള്‍ക്ക് താങ്ങാവുന്ന വിധത്തില്‍, ആവശ്യമായ പുസ്തകങ്ങളും ചോറ്റുപാത്രവും ഉള്‍പ്പെടുത്തിത്തന്നെ ഭാരം കുറക്കാമെന്നതാണ് ബാഗുകളുടെ സവിശേഷത.
ബാഗുകളുടെ പ്രത്യേക തരത്തിലുള്ള സ്ട്രാപ് കുട്ടികളുടെ തോളിന് അമിതഭാരം നല്‍കാതെ താങ്ങാകും. മാത്രമല്ല, അരക്കെട്ടില്‍ കെട്ടാവുന്ന ഒരു ബെല്‍റ്റും പിറകില്‍ അധികഭാരം വരാത്ത വിധത്തിലുള്ള “ഫോം റെസ്റ്റും” പുസ്തകക്കെട്ടിന്റെ ഭാരം കുറക്കുന്നു. സ്‌കൂളിന്റെ ലോഗോക്കൊപ്പം ക്ലാസും പേരുവിവരങ്ങളും രേഖപ്പെടുത്താനുള്ള സംവിധാനവുമുള്ളതും കെ ജി, പ്രൈമറി, ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് മൂന്ന് നിറങ്ങളില്‍ നല്‍കുന്നതും കുട്ടികളെ പെട്ടെന്നു തിരിച്ചറിയാന്‍ സഹായിക്കും.
വിദ്യാര്‍ഥികള്‍ക്ക് പുതിയ അധ്യയന വര്‍ഷത്തില്‍ ഈ ബാഗുകള്‍ വിതരണം ചെയ്യുമെന്ന് മാനേജിംഗ് ഡയറക്ടര്‍ സി ടി ശംസു സമാന്‍ അറിയിച്ചു. പുസ്തകക്കെട്ടുകളുടെ ഭാരം കുട്ടികളുടെ ആരോഗ്യത്തെതന്നെ ബാധിക്കുന്നുവെന്ന കണ്ടെത്തലില്‍ ശംസു സമാന്‍ തന്നെയാണ് ഭാരം കുറഞ്ഞ ബാഗുകള്‍ യാഥാര്‍ഥ്യമാക്കാന്‍ മുന്‍കൈയെടുത്തത്. ആരോഗ്യ വിദഗ്ധരുടെയും വിദ്യാഭ്യാസ വിചക്ഷണരുടെയും നിര്‍ദേശപ്രകാരം അധ്യാപകരുടെയും രക്ഷിതാക്കളുടെയും അഭിപ്രായങ്ങള്‍കൂടി പരിഗണിച്ചാണ് പുതിയ മാതൃകകള്‍ തയ്യാറാക്കിയത്. ശരീരഭാരത്തേക്കാള്‍ 15 മുതല്‍ 20 ശതമാനംവരെ കൂടുതല്‍ തൂക്കംവരുന്ന ബാഗുകള്‍ ചുമക്കുന്നത് കുട്ടികളുടെ ആരോഗ്യത്തിന് ഹാനികരമാകുമെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു.
എന്നാല്‍, ഈയൊരു പ്രശ്‌നത്തിന് പരിഹാരമാകുന്ന തരത്തിലുള്ള ബാഗുകള്‍ വിപണിയില്‍ വിരളമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.