800 കോടി ദിര്‍ഹം ചെലവില്‍ ‘വണ്‍ സെന്‍ട്രല്‍’ പദ്ധതി

Posted on: March 24, 2016 7:06 pm | Last updated: March 24, 2016 at 7:06 pm

3ദുബൈ: 800 കോടി ദിര്‍ഹം ചെലവ് ചെയ്ത് ‘വണ്‍ സെന്‍ട്രല്‍’ എന്ന പേരില്‍ ബഹുമുഖ കെട്ടിടം പദ്ധതി വരുന്നു. ദുബൈ വേള്‍ഡ് ട്രേഡ് സെന്റര്‍ അതോറിറ്റിയാണ് വിവിധോദ്ദേശ്യ പദ്ധതി നടപ്പാക്കുക. യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം ഇതിന് അനുമതി നല്‍കി. വണ്‍ സെന്‍ട്രലിന്റെ രൂപരേഖ ശൈഖ് മുഹമ്മദ് പരിശോധിച്ചു. ദുബൈ ഉപ ഭരണാധികാരി ശൈഖ് മക്തൂം ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം, ദുബൈ പ്രോട്ടോകോള്‍ ഡയറക്ടര്‍ ജനറല്‍ ഖലീഫ സഈദ് സുലൈമാന്‍ എന്നിവര്‍ ശൈഖ് മുഹമ്മദിനോടൊപ്പമുണ്ടായിരുന്നു.
രാജ്യാന്തര വാണിജ്യ വ്യവസായ മേഖലക്ക് ഇത് പുതിയ ലക്ഷ്യസ്ഥാനമായിരിക്കുമെന്ന് ശൈഖ് മുഹമ്മദ് പ്രത്യാശിച്ചു. ബഹുരാഷ്ട്ര വാണിജ്യമാണ് ഇവിടെ പ്രധാനമായും ഉദ്ദേശിച്ചിരിക്കുന്നത്. 5.4 ലക്ഷം ചതുരശ്രമീറ്ററിലാണ് പദ്ധതി.
ഇവിടെ താമസ കേന്ദ്രവും വിനോദ കേന്ദ്രവും ഹോട്ടലുകളും ഉണ്ടായിരിക്കും. 2,000 മുറികളുള്ള ഹോട്ടലുകളാണ് വിഭാവനം ചെയ്തിരിക്കുന്നത്. 2,500 പേര്‍ക്ക് ഇരിക്കാവുന്ന വിവിധോദ്ദേശ്യ തിയേറ്റര്‍ നിര്‍മിക്കും. 2017 ലെ അവസാനത്തോടെ രണ്ട് കെട്ടിടങ്ങള്‍ പൂര്‍ത്തിയാകുമെന്ന് അധികൃതര്‍ അറിയിച്ചു.