ബ്രസല്‍സ് ബോംബാക്രമണം: ബുര്‍ജ് ഖലീഫ ബല്‍ജിയന്‍ പതാകയണിഞ്ഞു

Posted on: March 24, 2016 6:58 pm | Last updated: March 25, 2016 at 2:55 pm
ബുര്‍ജ് ഖലീഫ ബല്‍ജിയന്‍ പതാക പുതച്ചപ്പോള്‍
ബുര്‍ജ് ഖലീഫ ബല്‍ജിയന്‍ പതാക പുതച്ചപ്പോള്‍

ദുബൈ: ബല്‍ജിയം തലസ്ഥാനമായ ബ്രസല്‍സില്‍ നടന്ന തീവ്രവാദി ആക്രമണത്തിനെതിരായ സന്ദേശം നല്‍കാന്‍ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫ ബല്‍ജിയന്‍ പതാക പുതച്ചു. ചൊവ്വാഴ്ച രാത്രിയാണ് ബുര്‍ജ് ഖലീഫ ബല്‍ജിയന്‍ പതാകയുടെ നിറങ്ങളായ കറുപ്പ്, മഞ്ഞ, നീല എന്നിവയില്‍ നിറഞ്ഞുനിന്നത്. ബല്‍ജിയന്‍ ജനതയോടുള്ള ഐക്യദാര്‍ഢ്യമാണ് ഇതിലൂടെ പ്രകടമാക്കാന്‍ ശ്രമിക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി. ദുബൈ മീഡിയാ ഓഫീസ് ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയാണ് പതാകയുടെ വര്‍ണത്തിലുള്ള ബുര്‍ജ് ഖലീഫയുടെ ചിത്രം പുറത്തുവിട്ടത്.
തലസ്ഥാന നഗരമായ അബുദാബി ശൈഖ് സായിദ് പാലത്തില്‍ ബല്‍ജിയന്‍ പതാകയുടെ നിറത്തിലുള്ള വിളക്കുകള്‍ തെളിയിച്ചാണ് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്. ദുരന്തത്തിന് ഇരയായവരോടുള്ള ആദരസൂചകമായാണ് പാലത്തിന് നിറം നല്‍കിയതെന്ന് അബുദാബി നഗരസഭ അറിയിച്ചു. ന്യൂയോര്‍ക്കിലെ വേള്‍ഡ് ട്രേഡ് സെന്റര്‍ കെട്ടിടവും ബല്‍ജിയന്‍ പതാക പുതച്ചിരുന്നു. പാരീസിലെ ഈഫല്‍ ടവര്‍, പോളണ്ടിലെ പാലസ് ഓഫ് കള്‍ചര്‍ കെട്ടിടം, ബര്‍ലിനിലെ ബ്രാന്റെണ്‍ബര്‍ഗ് ഗേറ്റ്, റോമിലെ ട്രെവി ഫൗണ്ടയിന്‍ തുടങ്ങിയ നിരവധി ലോക പ്രശസ്ത കെട്ടിടങ്ങളാണ് ബുര്‍ജ് ഖലീഫക്കൊപ്പം ബല്‍ജിയന്‍ പതാകയുടെ നിറങ്ങള്‍ സ്വീകരിച്ച് ജനതയോടുള്ള ഐക്യദാര്‍ഢ്യം പ്രകടമാക്കിയത്. യു എ ഇ വിദേശ കാര്യ സഹമന്ത്രി ഡോ. അന്‍വര്‍ ബിന്‍ മുഹമ്മദ് ഗര്‍ഗാഷ് എല്ലാ വിധ തീവ്രവാദ-ഭീകരവാദ പ്രവര്‍ത്തനങ്ങളെയും അക്രമങ്ങളെയും രാജ്യം അപലപിക്കുന്നതായി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.