Connect with us

Kerala

രാഷ്ട്രീയം വളരെ സിമ്പഌണ്... പവര്‍ കിട്ടിയാല്‍ ഫൂള്‍ ആക്കരുത്

Published

|

Last Updated

സിനിമയും രാഷ്ട്രീയവും തമ്മില്‍ അഭേദ്യമായ ബന്ധമുണ്ടെന്ന് കേരളത്തിലെ സിനിമാക്കാര്‍ക്കും രാഷ്ട്രീയക്കാര്‍ക്കും മനസ്സിലാകാന്‍ ഇത്രയും കാലമെടുത്തതിലാണ് സങ്കടം. നല്ല അഭിനേതാവാകുകയെന്നതാണ് ഒരു രാഷ്ട്രീയക്കാരന് ഉണ്ടാകേണ്ട അവിഭാജ്യ ഘടകം. ഖദര്‍ മുണ്ടും ഷര്‍ട്ടും മായാത്ത ചിരിയുമൊക്കെ പിന്നീട് മതി. അഭിനയിക്കാന്‍ അപാരമായ കഴിവുള്ളവര്‍ക്ക് രാഷ്ട്രീയത്തില്‍ തിളങ്ങി നില്‍ക്കാം. അങ്ങനെ വരുമ്പോള്‍ അഭിനയപാടവം കുറഞ്ഞ യൂത്തന്മാരേക്കാളും നല്ലത് പ്രൊഫഷനലായി അഭിനയം പഠിച്ച, പരിചയിച്ച നടന്മാരും നടികളുമല്ലേ സ്ഥാനാര്‍ഥികളാകാന്‍ ഏറ്റവും യോഗ്യര്‍.
വോട്ടഭ്യര്‍ഥിക്കുമ്പോഴും നേതാക്കളെ പുകഴ്ത്തുമ്പോഴും എതിരാളിയെ ഇകഴ്ത്തുമ്പോഴും വാക്കുകളില്‍ ആത്മാര്‍ഥത “ഒലിപ്പി”ക്കാന്‍ നടന്മാരാകുമ്പോള്‍ പ്രത്യേക പരിശീലനം വേണ്ടതില്ല. പാവപ്പെട്ടവരെ കാണുമ്പോള്‍, പ്രമാണിയുടെ മുന്നിലെത്തുമ്പോള്‍, മരിച്ച വീട്ടിലെത്തുമ്പോള്‍, കല്യാണത്തിന് പോകുമ്പോള്‍, വൃദ്ധരെ കാണുമ്പോള്‍, വല്ലവന്റേയും കുട്ടികളെ താലോലിക്കുമ്പോള്‍ കൃത്യമായ “ടൈമിംഗി”ല്‍ സഹതാപം, ഓച്ഛാനം, കരച്ചില്‍ എന്നിവക്ക് പുറമെ ശൃംഗാരം, കരുണം, വീരം, രൗദ്രം, ഹാസ്യം, ഭയാനകം, ബീഭത്സം, ശാന്തം…എന്നിങ്ങനെയുള്ള നവരസങ്ങള്‍ അവതരിപ്പിക്കാനുള്ള കഴിവ് പ്രത്യേകമായി പഠിച്ചെടുക്കേണ്ട ആവശ്യവും വരില്ലല്ലോ. അപ്പോള്‍ സ്ഥാനാര്‍ഥിയാകാന്‍ എന്തുകൊണ്ടും യോഗ്യരല്ലെ നടന്മാര്‍ ?. ഉണ്ണുമ്പോഴും ഉറങ്ങുമ്പോഴും എന്തിന് മുള്ളുമ്പോള്‍ വരെ ക്യാമറക്ക് മുന്നിലാണെന്ന് നിനച്ചാല്‍ സംഗതി എത്ര എളുപ്പം.
ഇതൊക്കെ പാര്‍ട്ടി നേതൃത്വങ്ങള്‍ക്ക് മനസ്സിലായിട്ടുണ്ട്. പക്ഷെ പാവം അണികളെ ബോധ്യപ്പെടുത്താന്‍ കഴിഞ്ഞില്ല. അതുകൊണ്ടാണ് കെ പി എ സി ലളിതക്കും സുരേഷഗോപിക്കുമൊക്കെ പുറത്തിരിക്കേണ്ടിവന്നത്. എന്തായാലും ഇക്കുറി നടന്മാരും വില്ലന്മാരുമൊക്കെയായി ചിലരെയൊക്കെ “അഭിനയിപ്പി”ക്കാന്‍ ബി ജെ പി തീരുമാനിച്ചിട്ടുണ്ട്. പക്ഷെ ഈ പ്രൊജക്റ്റിന് നടന്മാര്‍ക്ക് കാര്യമായ വരവൊന്നും ഇപ്പോഴുണ്ടാകില്ലെങ്കിലും ഒത്താല്‍ ഒരു വരവ് തന്നെയാകും. അത് പല രീതിയിലും എത്തും. തമിഴ്‌നാട്ടിലെയും ആന്ധ്രയിലേയും “നടികര്‍ തിലക”ങ്ങള്‍ അത് തെളിയിച്ചിട്ടുണ്ട്.
ജനങ്ങളെ കാലങ്ങളായി ചിരിപ്പിക്കുന്നവരും കരയിപ്പിക്കുന്നവരും ഒരുമിച്ചാണ് ഇക്കുറി മണ്ഡലത്തിലേക്ക് ഇറങ്ങുന്നത്. ക്യാമറക്ക് മുന്നില്‍ എല്ലാ വേഷത്തിലും തിളങ്ങിയ ഇവര്‍ക്ക് വോട്ട് വാരാന്‍ കഴിയുമെന്ന് പാര്‍ട്ടി നേതൃത്വങ്ങള്‍ക്ക് ഉറപ്പുണ്ട്.
കാണികളായ ജനങ്ങള്‍ക്ക് ചെറിയ ചില ഉപദേശങ്ങളാണ് തങ്ങളുടെ ഇഷ്ടതാരങ്ങള്‍ക്ക് നല്‍കാനുള്ളത്. സംവിധായകന്‍ രഞ്ജിത്തിന്റെ വാക്കുകളില്‍ അനിവാര്യമായ ചില കൂട്ടിച്ചേര്‍ക്കലുകളും മായം ചേര്‍ക്കലുകളും നടത്തി ആ ഉപദേശം ഇവിടെ കുറിക്കുന്നു.
“ഒരു നല്ല “”രാഷ്ട്രീയക്കാര””നാകണമെങ്കില്‍ ജീവിതാനുഭവങ്ങള്‍ വേണം നല്ല നിരീക്ഷണ ബോധം വേണം നമുക്ക് ചുറ്റുമുള്ള സുഹൃത്തുക്കളെ, ശത്രുക്കളെ പരിചയം പോലുമില്ലാത്തവരെ “”വോട്ടര്‍””മാരാക്കി പഠിക്കാനുള്ള മനസ്സുണ്ടാകണം..അതൊക്കെ അവതരിപ്പിക്കാനുള്ള പ്രതിഭയുമുണ്ടാകണം…ഇതൊക്കെ ഉണ്ടെങ്കിലും ഇച്ഛാശക്തിയും വേണം..
നിങ്ങളൊരു “”സ്ഥാനാര്‍ഥി””യാകണമെന്ന് നിങ്ങള്‍ തീരുമാനിച്ചിട്ടുണ്ടെങ്കില്‍ നിങ്ങളതായിരിക്കും…”
മുന്നില്‍ കാണുന്നവരെ വോട്ടര്‍മാരായി കാണാനുള്ള പ്രതിഭയൊക്കെ ഉണ്ടായാലും ഇച്ഛാശക്തി പ്രധാനമാണ്. അല്ലെങ്കില്‍ കെ പി എ സി ലളിതയപോലെ തകര്‍ന്ന് പോകും. സ്ഥാനാര്‍ഥിയാകണമെന്ന ഉറച്ച തീരുമാനം ഉണ്ടെങ്കില്‍ അതാകുക തന്നെ വേണം. എന്ത് പോസ്റ്ററുകളും കമന്റുകളും ട്രോളുകളും വന്നാലും പതറരുത്..പിന്തിരിയരുത്. അപ്പകഷ്ണത്തില്‍ തൂങ്ങി നില്‍ക്കാനുള്ള ഇച്ഛാശക്തി വേണമെന്ന് ചുരുക്കം.
അതുകൊണ്ടു തന്നെ സ്ഥാനാര്‍ഥി കുപ്പായം അടിക്കാന്‍ കൊടുത്ത് കാത്തിരിക്കുന്ന നടന്മാരോടും സംവിധായകരും മനസ്സിലാക്കുക…
രാഷ്ട്രീയം വളരെ സിംപഌണ്..പവര്‍ഫുള്‍…ഭയങ്കര “പവര്‍” ഫുള്ളാണ്. “പവര്‍” കണ്ടാലും “പവര്‍” ഉള്ളവരാലും ഫൂള്‍ ആകരുത്. നിങ്ങള്‍ക്കൊക്കെ “പവര്‍” കിട്ടിയാല്‍ അരാധകരായ ജനങ്ങളെ ഫൂള്‍ ആക്കരുതെന്നൊരു അഭ്യര്‍ഥന കൂടിയുണ്ടേ…

Latest