ജെ എന്‍ യു: ന്യൂസ് റൂമില്‍ അന്ന് സംഭവിച്ചത്

ടെലിവിഷന്‍ ജേര്‍ണലിസത്തില്‍ ഞങ്ങള്‍ 'ഇംപാക്റ്റി'ന് വേണ്ടി മരിക്കാന്‍ പോലും തയ്യാറായിരുന്നു. ഞങ്ങള്‍ അവതരിപ്പിക്കുന്ന വാര്‍ത്തകളെ തുടര്‍ന്നുണ്ടാകുന്ന മാറ്റങ്ങളെ അത്രമാത്രം പ്രാധാന്യത്തോടെയാണ് ഞങ്ങള്‍ കണ്ടിരുന്നത്. സീ ന്യൂസ് വാര്‍ത്തയെ തുടര്‍ന്ന് ഇപ്പോള്‍ സര്‍ക്കാര്‍ നിയമനടപടിക്കൊരുങ്ങുകയാണ്. എന്നാല്‍ ചില എഡിറ്റര്‍മാര്‍ ഒരിക്കലും അത് അംഗീകരിച്ചില്ല. ചാനലിന്റെ ഇംപാക്റ്റ് എന്ന് പറയുന്ന എഫ് ഐ ആറും സര്‍ക്കാര്‍ നടപടിയുമെല്ലാം ചാനല്‍ നെറ്റ്‌വര്‍ക്കും പോലീസും തമ്മിലുള്ള ഒത്തുകളിയാണെന്ന് എല്ലാവര്‍ക്കും ബോധ്യമുണ്ടായിരുന്നു. അതുകൊണ്ട് തന്നെ ചാനലിന്റെ സൂപ്പര്‍വൈസര്‍ വളരെ ശ്രദ്ധയോടെയാണ് സീ ന്യൂസ് ഇംപാക്റ്റ് വാര്‍ത്തയാക്കിയത്. വളരെക്കുറഞ്ഞ വാക്കുകളില്‍ ഒരു ചെറിയ ന്യൂസായാണ് 'ഇംപാക്റ്റ്' അവതരിപ്പിച്ചത്. എന്നാല്‍ ദേശീയവാദികള്‍ എന്ന് പറയുന്നവര്‍ക്ക് ജെ എന്‍ യു വിഷയം കത്തിക്കാന്‍ അത്ര ചെറിയ ന്യൂസ് ധാരാളമായിരുന്നു.
Posted on: March 24, 2016 6:00 am | Last updated: March 23, 2016 at 10:31 pm

caravanഒരു ദശാബ്ദം മുമ്പ്, ഞാനൊരു ജേര്‍ണലിസം വിദ്യാര്‍ഥി ആയിരുന്നപ്പോള്‍ ടെലിവിഷന്‍ രംഗത്ത് ഒരു കരിയര്‍ എനിക്കുണ്ടാകുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. എന്നാല്‍, 2014 ഒക്ടോബര്‍ നാലിന് സീ ന്യൂസ് നെറ്റ്‌വര്‍ക്കിന്റെ ന്യൂസ് പ്രൊഡ്യൂസര്‍ ആയി ഞാന്‍ നിയമിതനായി.
അര്‍ഹതയുള്ളവരുടെ അതിജീവനം എന്ന ആപ്തവാക്യത്തിന്റെ ഏറ്റവും വലിയ ഉദാഹരണമായിരുന്നു സീ ന്യൂസിലെ എന്റെ പത്രപ്രവര്‍ത്തനജീവിതം. നിരവധി പുതിയ വെല്ലുവിളികള്‍ നേരിട്ട് ഒരു വര്‍ഷം ചാനലില്‍ സജീവമായി ഞാന്‍ ജോലി ചെയ്തു. സീ ന്യൂസില്‍ തുടര്‍ച്ചയായി ഒരു വര്‍ഷം തുടരുക എന്നത് ചെറിയ കാര്യമായിരുന്നില്ല. ചാനല്‍ പുലര്‍ത്തിവരുന്ന നഗ്നമായ പക്ഷപാതം, വസ്തുതകളെ വിദഗ്ധമായി വളച്ചൊടിക്കല്‍, നിലവിലുള്ള സര്‍ക്കാറിന് അനുകൂലമായി സംഘടിപ്പിക്കുന്ന തുടര്‍ച്ചയായ ന്യൂസ് ക്യാമ്പയിനുകള്‍ എന്നിവയെ സഹിഷ്ണുതയോടെയും അനുകമ്പയോടെയും സമീപിക്കാന്‍ തീര്‍ച്ചയായും ‘അര്‍ഹത’യുള്ളവര്‍ക്ക് മാത്രമേ കഴിയുമായിരുന്നുള്ളൂ.
സീ ന്യൂസില്‍ ജോലി ആരംഭിച്ചത് മുതല്‍ സ്ഥാപനത്തിന്റെ നിലപാടുകളോടും സംസ്‌കാരത്തോടും നീതി പുലര്‍ത്തി സജീവമായി ഞാന്‍ പ്രവര്‍ത്തിച്ചുവന്നു. ഓരോ ദിവസവും എട്ട് മണിക്കൂറിലധികം ജോലി ചെയ്തു. ഓഫീസില്‍ കയറുമ്പോള്‍ തന്നെ ഞങ്ങളുടെ മൊബൈല്‍ ഫോണ്‍ പോലും വാങ്ങി വെക്കാറുണ്ടായിരുന്നു. എന്റെ മുകളിലുള്ള എഡിറ്റര്‍മാരുടെ നിര്‍ദേശങ്ങളും കല്‍പ്പനകളും ഞാന്‍ കൃത്യമായി നടപ്പിലാക്കി; 2016 ഫെബ്രുവരി ഒന്‍പതിന് ജെ എന്‍ യു ക്യാമ്പസില്‍ നടന്ന സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിന് സാക്ഷിയാകുന്നത് വരെ.
അന്നാണ് ജവഹര്‍ ലാല്‍ നെഹ്‌റു യൂനിവേഴ്‌സിറ്റി ക്യാമ്പസിനുള്ളില്‍ ‘ദേശവിരുദ്ധ പ്രവര്‍ത്തനം’ നടന്നത്. അടുത്ത ദിവസം സീ ന്യൂസിലെ ന്യൂസ്‌റൂം ഏതൊരു സാധാരണ ദിവസത്തെയും പോലെയാണ് പ്രവര്‍ത്തിച്ചു തുടങ്ങിയത്. പൊതുവേ ന്യൂസ് ചാനലുകള്‍ ഉച്ചക്ക് ശേഷമാണ് ഉണര്‍ന്നു തുടങ്ങുക. എന്തെങ്കിലും ബ്രേക്കിംഗ് ന്യൂസ് ഉണ്ടാകുമ്പോള്‍ മാത്രമാണ് ഇതിനു മാറ്റമുണ്ടാകുക. എഡിറ്റോറിയല്‍ മീറ്റിംഗ് കഴിഞ്ഞ് അജന്‍ഡ (അതാണല്ലോ ന്യൂസ് എന്നതിന്റെ ഓമനപ്പേര്) തയ്യാറായ ശേഷമാണ് ന്യൂസ് റൂം ചൂടുപിടിക്കുക.
ജെ എന്‍ യു സംഭവവുമായി ബന്ധപ്പെട്ട്, അന്നത്തെ മീറ്റിംഗ് റൂമില്‍ വെച്ചാണ് ‘ദേശവിരുദ്ധം’ എന്ന പദപ്രയോഗം ഞാന്‍ ആദ്യമായി കേട്ടത്. നോയിഡയിലെ ആസ്ഥാനത്ത് സ്ഥിതി ചെയ്യുന്ന ‘സി’ ആകൃതിയിലുള്ള ന്യൂസ് സ്റ്റുഡിയോയിലെ മധ്യഭാഗത്താണ് എഡിറ്റോറിയല്‍ മീറ്റിംഗ് റൂം. ന്യൂസ് പ്രൊഡ്യൂസര്‍മാര്‍ സാധാരണയില്‍ ഈ മീറ്റിംഗ് കഴിഞ്ഞയുടന്‍, ഒരു തുട്ടു പേപ്പറും കൈയില്‍ പിടിച്ച്, അജന്‍ഡയനുസരിച്ച് അന്നത്തെ ന്യൂസിന് വേണ്ട അവശ്യകാര്യങ്ങള്‍ ഒപ്പിക്കാന്‍ സ്വന്തം സീറ്റില്‍ ഓടിയെത്താറാണ് പതിവ്. ആ തുട്ടു പേപ്പറിലെ നിര്‍ദേശങ്ങള്‍ അനുസരിച്ചാകണം അന്നത്തെ ന്യൂസിന്റെ ഗതി നിയന്ത്രിക്കേണ്ടത്. ഓരോ പ്രൊഡ്യൂസറുടെയും നേതൃത്വത്തില്‍ തയ്യാറാക്കേണ്ട പരിപാടികള്‍ക്ക് വേണ്ട ദൃശ്യങ്ങളും ശബ്ദങ്ങളും തേടിയുള്ള ഓട്ടമാണ് പിന്നീടുണ്ടാകാറുള്ളത്.
അന്നത്തെ എല്ലാ സെഷനുകളിലും നിറഞ്ഞു നിന്നത് ‘ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍’ ആയിരുന്നു. ആ വാര്‍ത്തക്ക് മാറ്റ് കൂട്ടാന്‍ എന്റെ സുഹൃത്ത് കൂടിയായ ഒരു സീനിയര്‍ ന്യൂസ് പ്രൊഡ്യൂസര്‍ക്ക് അവതരിപ്പിക്കാനായി ഒരു പ്രത്യേക പരിപാടിയും ‘അജന്‍ഡ’യില്‍ ഉണ്ടായിരുന്നു. ഞാന്‍ ഇപ്പോഴും ആ ന്യൂസ് പ്രൊഡ്യൂസറുടെ ശരീരഭാഷ ഓര്‍ക്കുന്നു. എഡിറ്റോറിയല്‍ മീറ്റിംഗ് കഴിഞ്ഞാല്‍ ഞങ്ങള്‍ കമ്പ്യൂട്ടറിന് മുന്‍പില്‍ ഓടിയെത്താറാണ് പതിവ്. എന്നാല്‍ അന്ന് അയാള്‍ ചാനലിന്റെ ഔപചാരികമായ പെരുമാറ്റച്ചട്ടം ഒന്നും മുഖവിലക്കെടുക്കാതെ നേരെ പോയത് എഡിറ്റിംഗ് റൂമിലേക്കാണ്. എല്ലാ ദൃശ്യങ്ങളും എഡിറ്റ് ചെയ്യുന്ന ആ റൂമില്‍ വെച്ച് അദ്ദേഹത്തെ ഞാന്‍ കണ്ടിരുന്നു. ഇന്ന് താങ്കള്‍ എന്താണ് ചെയ്യാന്‍ പോകുന്നത് എന്ന് ഞാന്‍ അദ്ദേഹത്തോട് ചോദിച്ചു. ‘താല്‍ ധോക് കെ’ അദ്ദേഹം ആവേശത്തോടെയാണ് മറുപടി പറഞ്ഞത്. സീ ന്യൂസ് ഔട്പുട്ട് എഡിറ്റര്‍ ആയ രോഹിത് ശാര്ദന അവതരിപ്പിക്കുന്ന സംവാദ പരിപാടിയാണ് താല്‍ ധോക് കെ. എല്ലാ ദിവസവും വൈകീട്ട് അഞ്ചിനും എട്ടിനുമിടയില്‍ സംപ്രേക്ഷണം ചെയ്യുന്ന ഏറ്റവും ശ്രദ്ധേയമായ പരിപാടി. ഈ ഷോയുടെ ഏറ്റവും വലിയ ആകര്‍ഷണം അവതാരകനായ രോഹിത് ശാര്‍ദന തന്നെയായിരുന്നു. പ്രധാനപ്പെട്ട നിരവധി വ്യക്തികള്‍ പതിവായി ഈ സംവാദാത്മക പരിപാടിയില്‍ ക്ഷണിതാക്കളായി എത്താറുണ്ട്. കുറിക്കുകൊള്ളുന്ന ചോദ്യശരങ്ങള്‍ കൊണ്ട് തന്നെ താല്‍ ധോക് കെ ചാനലിലെ ഏറ്റവും ജനകീയമായ പരിപാടിയാണ്. താല്‍ ധോക് കെ എന്ന പേര് സൂചിപ്പിക്കുന്നത് പോലെ ‘എക്‌സ്ട്രാ സ്‌ട്രോങ്ങ്’ തന്നെയാണ് പ്രസ്തുത ഷോ. ശരിയും തെറ്റും നോക്കാതെ ചാനലിന്റെ നിലപാട് വ്യക്തമാക്കുകയും ഉറപ്പിക്കുകയും ചെയ്യുന്ന ധീരതയാണ് ഈ പരിപാടിയുടെ പ്രധാന ദൗത്യം. എക്‌സ്ട്രാ വാദങ്ങളും എക്‌സ്ട്രാ രാഷ്ട്രീയ കാഴ്ചപ്പാടുകളും കുത്തിനിറച്ചാണ് താല്‍ ധോക് കെയുടെ ഓരോ എഡിഷനും സംപ്രേക്ഷണം ചെയ്തിരുന്നത്.
രോഹിത് ശാര്‍ദന അന്ന് പതിവില്‍ കൂടുതല്‍ സന്തോഷവാനായി കാണപ്പെട്ടു. ഫെബ്രുവരി പത്തിന് അവതരിപ്പിക്കേണ്ട താല്‍ ധോക് കെ നേരത്തെ തയ്യാറാക്കിക്കഴിഞ്ഞിരുന്നു. ജെ എന്‍ യു വില്‍ നടക്കുന്ന ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ആഞ്ഞടിക്കാനാണ് അന്നത്തെ തീരുമാനം. ദേശദ്രോഹക്കുറ്റത്തിന്റെ പേരില്‍ പിന്നീട് അറസ്റ്റ് ചെയ്യപ്പെട്ട ജെ എന്‍ യു വിദ്യാര്‍ഥി ഉമര്‍ ഖാലിദ്, ജെ എന്‍ യുവിലെ എ ബി വി പി പ്രവര്‍ത്തകന്‍ ഗൗരവ് കുമാര്‍ എന്നിവരാണ് അന്നത്തെ പാനലില്‍ ഉണ്ടായിരുന്നത്. ബി ജെ പി വക്താവ് സമ്പിത് പത്ര, ആര്‍ എസ് എസ് നേതാവ് രാഗേഷ് സിന്‍ഹ എന്നിവര്‍ ‘സര്‍ക്കാര്‍’ പ്രതിനിധികളായും പങ്കെടുത്തു.
അതൊരു ഏകപക്ഷീയമായ ആക്രമണമായിരുന്നു. അവതാരകനടക്കം നാലു പേര്‍ ഒരാള്‍ക്കെതിരെ നടത്തിയ ആക്രമണം. ചര്‍ച്ച ഏതു ദിശയിലേക്കാണ് പോകേണ്ടത് എന്നതിനെക്കുറിച്ച് സംശയമൊന്നുമുണ്ടായിരുന്നില്ല. സാമൂഹിക മാധ്യമങ്ങളില്‍ അതിനകം ജെ എന്‍ യു സംഭവം ചൂടുപിടിച്ച ചര്‍ച്ചയായിക്കഴിഞ്ഞിരുന്നു. എന്നാല്‍, ഫെബ്രുവരി പത്തിന് സംപ്രേക്ഷണം ചെയ്ത പരിപാടി വിജയകരമായി അവസാനിച്ചതോടെ സീ ന്യൂസ് കൂടുതല്‍ തീവ്രമായ നിലപാടുകളുമായാണ് മുന്നോട്ടു പോയത്. അടുത്ത ദിവസം മുതല്‍ ദേശവിരുദ്ധ ‘ഗൂഢാലോചന’ നടത്തിയവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് സീ ന്യൂസ് നിരന്തരം ആവശ്യപ്പെട്ടു. ജെ എന്‍ യു രാജ്യത്തെ ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ കേന്ദ്രമാണെന്ന് പോലും ചാനല്‍ തീര്‍പ്പ് കല്‍പ്പിച്ചു.
തൊട്ടടുത്ത ദിവസം, രാത്രി ഒമ്പതിന് സംപ്രേക്ഷണം ചെയ്യുന്ന ഡെയ്‌ലി ന്യൂസ് ആന്‍ഡ് അനാലിസിസ് (ഡി എന്‍ എ) എന്ന പരിപാടിയില്‍ ജെ എന്‍ യു സംഭവത്തിനു കൂടുതല്‍ വൈകാരികമായ മാനം കൈവന്നു. അവതാരകനായ സുധീര്‍ ചൗധരി ദേശദ്രോഹം നടന്നതിനുള്ള ആറ് തെളിവുകള്‍ നിര്‍മിച്ചെടുത്ത് അവതരിപ്പിക്കുകയുണ്ടായി. അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റിയതില്‍ പ്രതിഷേധിച്ച് ജെ എന്‍ യു ക്യാമ്പസില്‍ പ്രതിഷേധം നടത്തിയവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് സുധീര്‍ ചൗധരി തന്റെ ഷോയില്‍ ആവശ്യപ്പെട്ടുകൊണ്ടേയിരുന്നു. തീവ്രവാദ ഭീഷണിക്കെതിരെ ഉയര്‍ന്നുവരുന്ന ദേശീയവികാരം എന്ന നിലയിലേക്ക് കാര്യങ്ങള്‍ കൊണ്ടെത്തിക്കുന്നതില്‍ അദ്ദേഹം വിജയിക്കുകയും ചെയ്തു. ജെ എന്‍ യുവിലെ പ്രതിഷേധപ്രകടനങ്ങളെ ചൗധരി താരതമ്യം ചെയ്തത് ഐ എസ് തീവ്രവാദികളോടും കാശ്മീര്‍ വിഘടനവാദികളോടുമായിരുന്നു.
ഡല്‍ഹി യൂനിവേഴ്‌സിറ്റിയിലെ മുന്‍ പ്രൊഫസര്‍ സയ്യിദ് അബ്ദുര്‍റഹ്മാന്‍ ഗീലാനി ഡല്‍ഹി പ്രസ്‌ക്ലബ്ബില്‍ സംഘടിപ്പിച്ച അഫ്‌സല്‍ ഗുരു ‘അനുകൂല’ പത്രസമ്മേളനത്തിനെതിരെ ലാന്‍സ് നായിക് ഹനുമന്തപ്പയുടെ മരണം രാജ്യസ്‌നേഹത്തിന്റെ ഉദാത്തമാതൃകയായി അവതരിപ്പിച്ച് വാര്‍ത്തകളെ അജന്‍ഡയനുസരിച്ചു മാറ്റിത്തീര്‍ത്ത സുധീര്‍ ചൗധരിയുടെ കഴിവ് ഞെട്ടിപ്പിക്കുന്നതായിരുന്നു. ഇക്കാര്യം സ്ഥാപിക്കുന്നതിനായി വാര്‍ത്താ അവതരണത്തിനിടെ ഐ എസ് തീവ്രവാദികളുടെ ദൃശ്യങ്ങള്‍ ഇടക്കിടെ കാണിച്ചുകൊണ്ടിരുന്നു. അതോടെ ജെ എന്‍ യുവിലെ സമരപരിപാടികള്‍ക്ക് ഭീതിയുടെയും ഭീകരതയുടെയും സ്വഭാവം കൈവന്നു.
ജെ എന്‍ യു വിദ്യാര്‍ഥികള്‍ക്കെതിരെ ഡല്‍ഹി പോലീസ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്ത കാര്യവും ചൗധരി സീ ന്യൂസ് പ്രേക്ഷകരോട് വെളിപ്പെടുത്തി. എന്നാല്‍ അദ്ദേഹത്തിന്റെ ഷോ കഴിഞ്ഞു അടുത്ത ദിവസം മാത്രമാണ് എഫ് ഐ ആര്‍ കോപ്പി ചാനലിനു ലഭിക്കുന്നത്. എഫ് ഐ ആര്‍ പരിശോധിച്ച ഞങ്ങള്‍ അക്ഷരാര്‍ഥത്തില്‍ ഞെട്ടി. തലേദിവസം രാത്രി സീ ന്യൂസ് സംപ്രേക്ഷണം ചെയ്ത ഡി എന്‍ എ എന്ന പരിപാടിയെ അടിസ്ഥാനമാക്കിയാണ് പോലീസ് എഫ് ഐ ആര്‍ തയ്യാറാക്കിയത്. സീ ന്യൂസ് എഡിറ്ററായ ശ്രീജിത്ത് സര്‍ക്കാരിന്റെ പേര് അതില്‍ പരാമര്‍ശിച്ചിരുന്നു. ദേശവിരുദ്ധ പ്രവര്‍ത്തനത്തിനുള്ള തെളിവായി ലഭിച്ച ഫൂട്ടേജുകള്‍ കേന്ദ്ര സര്‍ക്കാറാണ് തങ്ങള്‍ക്ക് നല്‍കിയതെന്നും എഫ് ഐ ആറില്‍ രേഖപ്പെടുത്തിയിരുന്നു.
ഞാനാകെ അസ്വസ്ഥനായിരുന്നു. ഫസ്റ്റ് ഇന്‍ഫര്‍മേഷന്‍ റിപ്പോര്‍ട്ടിനേക്കാള്‍ എന്റെ ആശങ്ക ശ്രീജിത്ത് സര്‍ക്കാര്‍ എന്ന എഡിറ്ററെക്കുറിച്ചായിരുന്നു. എന്റെ സീ ന്യൂസ് ജീവിതകാലത്ത് നടന്ന ഒരു എഡിറ്റോറിയല്‍ മീറ്റിംഗില്‍ പോലും ഞാന്‍ അദ്ദേഹത്തെ കണ്ടിട്ടില്ല.
ടെലിവിഷന്‍ ജേര്‍ണലിസത്തില്‍ ഞങ്ങള്‍ ‘ഇംപാക്റ്റി’ന് വേണ്ടി മരിക്കാന്‍ പോലും തയ്യാറായിരുന്നു. ഞങ്ങള്‍ അവതരിപ്പിക്കുന്ന വാര്‍ത്തകളെ തുടര്‍ന്നുണ്ടാകുന്ന മാറ്റങ്ങളെ അത്രമാത്രം പ്രാധാന്യത്തോടെയാണ് ഞങ്ങള്‍ കണ്ടിരുന്നത്. സീ ന്യൂസ് വാര്‍ത്തയെ തുടര്‍ന്ന് ഇപ്പോള്‍ സര്‍ക്കാര്‍ നിയമനടപടിക്കൊരുങ്ങുകയാണ്. എന്നാല്‍ ചില എഡിറ്റര്‍മാര്‍ ഒരിക്കലും അത് അംഗീകരിച്ചില്ല. ചാനലിന്റെ ഇംപാക്റ്റ് എന്ന് പറയുന്ന എഫ് ഐ ആറും സര്‍ക്കാര്‍ നടപടിയുമെല്ലാം ചാനല്‍ നെറ്റ്‌വര്‍ക്കും പോലീസും തമ്മിലുള്ള ഒത്തുകളിയാണെന്ന് എല്ലാവര്‍ക്കും ബോധ്യമുണ്ടായിരുന്നു. അതുകൊണ്ട് തന്നെ ചാനലിന്റെ സൂപ്പര്‍വൈസര്‍ വളരെ ശ്രദ്ധയോടെയാണ് സീ ന്യൂസ് ഇംപാക്റ്റ് വാര്‍ത്തയാക്കിയത്. വളരെക്കുറഞ്ഞ വാക്കുകളില്‍ ഒരു ചെറിയ ന്യൂസായാണ് ‘ഇംപാക്റ്റ്’ അവതരിപ്പിച്ചത്. എന്നാല്‍ ദേശീയവാദികള്‍ എന്ന് പറയുന്നവര്‍ക്ക് ജെ എന്‍ യു വിഷയം കത്തിക്കാന്‍ അത്ര ചെറിയ ന്യൂസ് ധാരാളമായിരുന്നു.
സീ ന്യൂസ് സംപ്രേക്ഷണം ചെയ്ത ദൃശ്യങ്ങള്‍, പോലീസിന്റെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും സമ്മര്‍ദം എന്നിവയുടെ ഫലമായി ജെ എന്‍ യു സ്റ്റുഡന്‍സ് യൂനിയന്‍ പ്രസിഡന്റ് കന്‍ഹയ്യ കുമാര്‍ അറസ്റ്റ് ചെയ്യപ്പെട്ടു. ഫെബ്രുവരി 12ന് ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ഗൂഢാലോചന നടത്തി എന്നതായിരുന്നു കേസ്. ബാക്കിയുള്ള കഥകള്‍ എല്ലാവര്‍ക്കും അറിയാമല്ലോ.
അതേസമയം, കന്‍ഹയ്യ കുമാറിന്റെ അറസ്റ്റിനെ തുടര്‍ന്നു നടമാടിയ അക്രമങ്ങളും അനീതികളും സീ ന്യൂസ് കണ്ടില്ലെന്നു നടിച്ചു. ഒരു പത്രപ്രവര്‍ത്തകന്‍ എന്ന നിലയില്‍ അത് എന്നെ ഉലച്ചുകളഞ്ഞു. കോടതിക്കുള്ളില്‍ വെച്ച് കന്‍ഹയ്യകുമാറിനെ അഭിഭാഷക വേഷധാരികള്‍ കൈയേറ്റം ചെയ്തതും ഉമര്‍ ഖാലിദിന്റെ സഹോദരിക്ക് ബലാത്സംഗ ഭീഷണി ഉയര്‍ന്നതും എന്റെയുള്ളിലെ കുറ്റബോധത്തെ കൂടുതല്‍ വ്രണപ്പെടുത്തി. അതുകൊണ്ട് തന്നെ, നിരപരാധികളായ വിദ്യാര്‍ഥികള്‍ക്കെതിരെ പകല്‍ സമയം വാര്‍ത്തകള്‍ സൃഷ്ടിക്കുന്ന ചാനലില്‍ ജോലി ചെയ്ത ഞാന്‍, വൈകീട്ട് ഫേസ്ബുക്കില്‍ അവര്‍ക്ക് അനുകൂലമായ ലേഖനങ്ങള്‍ പോസ്റ്റ് ചെയ്തു. കഴിഞ്ഞ പത്ത് വര്‍ഷത്തിലേറെയായി ജെ എന്‍ യു ക്യാമ്പസും അവിടുത്തെ ബൗദ്ധികനിലവാരവും സമരങ്ങളുമെല്ലാം എനിക്ക് നേരിട്ടറിയാമായിരുന്നു.
തുടര്‍ന്നുള്ള ദിവസങ്ങളില്‍ സീ ന്യൂസ് സംപ്രേക്ഷണം ചെയ്ത ജെ എന്‍ യു വിരുദ്ധവാര്‍ത്തകള്‍ എന്നെ തീര്‍ത്തും നിരാശനാക്കി. ഓരോ ദിവസവും ചൗധരി ഓരോ വ്യാജ തെളിവുമായി ന്യൂസ് റൂമിലെത്തി. ഒരു ദിവസം തന്റെ പ്രൈം ന്യൂസ് പരിപാടിയില്‍ ജെ എന്‍ യുവില്‍ ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളും ഗൂഢാലോചനകളും നടക്കുന്നതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് ഡല്‍ഹി പോലീസ് നിരവധി തെളിവുകളോടെ ഇന്റലിജന്‍സ് റിപ്പോര്‍ട്ട് അയച്ചതായി പോലും അയാള്‍ തട്ടിവിട്ടു.
ഫെബ്രുവരി 19ന് സീ ന്യൂസില്‍ നിന്ന് രാജി വെച്ചതായി അറിയിച്ച് രോഹിത് ശാര്‍ദനക്ക് ഞാന്‍ ഇ മെയില്‍ അയച്ചു. മറുപടി ഒന്നും വന്നില്ല. രാജിക്കത്തില്‍ ഞാന്‍ ഉയര്‍ത്തിയ ചോദ്യങ്ങളില്‍ ഒന്നിന് പോലും ഉത്തരമുണ്ടായിരുന്നില്ല. പകരം എനിക്കെതിരെ അപവാദങ്ങള്‍ പറഞ്ഞു പരത്താനാണ് ചാനല്‍ എഡിറ്റര്‍മാര്‍ ശ്രമിച്ചത്. അങ്ങനെയാണ് എന്റെ പോരാട്ടം പൊതുസമൂഹത്തിലേക്ക് എത്തിയത്. എന്റെ പ്രിയപ്പെട്ട കവി മായ ആന്‍ജലേയുടെ ‘I Still Rise’ എന്ന കവിതയുടെ ആമുഖത്തോടെ ഞാന്‍ രാജിക്കത്ത് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു.
കടപ്പാട്: കാരവന്‍ മാഗസിന്‍
വിവര്‍ത്തനം: യാസര്‍ അറഫാത്ത് നൂറാനി