വിന്‍ഡോ ഗ്ലാസ് ടിന്റിനെ കുറിച്ച് കൂടുതല്‍ സംശയം

Posted on: March 23, 2016 9:07 pm | Last updated: March 23, 2016 at 9:07 pm

ദോഹ: ജി സി സി ട്രാഫിക് വാരാഘോഷത്തിന്റെ ഭാഗമായി വഖൂദിന്റെ വാഹന പരിശോധന വിഭാഗമായ ഫാഹിസ് ഒരുക്കിയ പവലിയനിലെത്തിയ അധിക സന്ദര്‍ശകര്‍ക്കും അറിയേണ്ടത് കാറുകളില്‍ ടിന്റഡ് ഗ്ലാസുകള്‍ ഉപയോഗിക്കുന്നതിനെ കുറിച്ച്. എത്ര ശതമാനം ടിന്റ് ഉപയോഗിച്ച ഗ്ലാസുകള്‍ ഉപയോഗിക്കാനാണ് ട്രാഫിക് വകുപ്പിന്റെ അനുമതിയുള്ളത് എന്നതാണ് അധിക സന്ദര്‍ശകരും ചോദിച്ചത്.
വിന്‍ഡ്‌സ്‌ക്രീനും റിയര്‍ സ്‌ക്രീനും ടിന്റ് ചെയ്യാന്‍ അനുവാദമില്ലെന്ന് ഫാഹിസ് പവലിയന്‍ ഇന്‍ചാര്‍ജ് അലി ലഹ്ദാന്‍ അല്‍ മുഹന്നദി പറഞ്ഞു. വാഹനത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഭാഗങ്ങള്‍ പവലിയനില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. പ്രത്യേകിച്ച് ചൂടു കാലാവസ്ഥ വരുന്നതിനാല്‍ ഒറിജിനല്‍ ടയറുകള്‍ മാത്രമാണ് ഉപയോഗിക്കേണ്ടത്. ടയറുകളാണ് വാഹനത്തിന്റെ പ്രധാന ഭാഗം. എല്ലാ സ്‌പെയര്‍ പാര്‍ട്‌സുകളും ഒറിജിനല്‍ മാത്രമേ ഉപയോഗിക്കാവൂ.
വഖൂദിന്റെ സാങ്കേതിക പരിശോധന വി ഭാഗമാണ് ഫാഹിസ്. റോഡ് പെര്‍മിറ്റ് ലഭിച്ച വാഹനങ്ങള്‍ക്ക് ക്ലിയര്‍നസ്സ് നല്‍കുന്നത് ഫാഹിസ് ആണ്. സ്‌കൂള്‍ വിദ്യാര്‍ഥികളടക്കം നിരവധി പേരാണ് ട്രാഫിക് വകുപ്പിന്റെ പവലിയന്‍ സന്ദര്‍ശിച്ചത്. റോഡ് സുരക്ഷാ ബോധവത്കരണ ക്ലാസുകളും നല്‍കുന്നുണ്ട്. 60 കമ്പനികളും സര്‍ക്കാര്‍ ഏജന്‍സികളും വകുപ്പുകളും അര്‍ധസര്‍ക്കാര്‍ വകുപ്പുകളും പരിപാടിയില്‍ പങ്കെടുത്തിട്ടുണ്ട്.