വൈദ്യുതി നിരക്കില്‍ 81 ശതമാനം വര്‍ധന വേണ്ടി വരുമെന്ന് പഠനം

Posted on: March 23, 2016 7:57 pm | Last updated: March 24, 2016 at 8:36 pm

doha electricityദോഹ: രാജ്യത്തെ ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കുള്ള വൈദ്യുതി നിരക്കില്‍ 81 ശതമാനവും വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള വൈദ്യുതി താരിഫില്‍ 40 ശതമാനവും വര്‍ധന വരുത്തേണ്ടി വരുമെന്ന് പഠനം. ഉത്പാദനച്ചെലവുമായി താരതമ്യം ചെയ്താണ് ഗ്ലോബല്‍ റേറ്റിംഗ് ഏജന്‍സിയായ മൂഡീസ് ആണ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.
രാജ്യത്തെ ഗാര്‍ഹിക, വാണിജ്യ മേഖലക്ക് ചുമത്തുന്ന ശരാശരി വൈദ്യുതി നിരക്ക് കിലോ വാട്ടിന് 2.3, 3 സെന്റ് വീതമാണ്. എന്നാല്‍ ഉത്പാദനച്ചെലവ് ഒരു കിലോവാട്ടിന് 4.2 സെന്റാണ്. നല്ല ശതമാനം സബ്‌സിഡി അനുവദിച്ചാണ് ചെലവു നിരക്ക് കുറച്ച് വൈദ്യതി വിതരണം ചെയ്യുന്നത്. എന്നാല്‍ എണ്ണവിലയിടിവിനെത്തുടര്‍ന്നുള്ള സാമ്പത്തിക പ്രതിസന്ധിയും ബജറ്റ് കമ്മി നികത്താനുള്ള ചെലവു ചുരുക്കല്‍ നടപടികളും ഒപ്പം സബ്‌സിഡികള്‍ ഒഴിവാക്കണം എന്ന നിര്‍ദേശം നടപ്പിലാക്കാനും തീരുമാനിച്ചാല്‍ രാജ്യത്ത് വൈദ്യുതി നിരക്ക് ഉയരും. കഴിഞ്ഞ വര്‍ഷം രാജ്യത്ത് സ്ലാബ് താരിഫ് സംവിധാനം ഏര്‍പ്പെടുത്തിയിരുന്നു. ഇതോടെ വൈദ്യതിയുടെയും വെള്ളത്തിന്റെയും നിരക്ക് 120, 130 ശതമാനം തോതില്‍ ഉയര്‍ന്നു. ഈ വര്‍ഷം ജനുവരിയില്‍ പെട്രോള്‍ വിലയില്‍ 30 ശതമാനം വര്‍ധന വരുത്തിയിരുന്നു. ഗള്‍ഫില്‍ ഖത്വറും ഒമാനുമാണ് ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് ഉയര്‍ന്ന നിരക്കില്‍ വൈദ്യതി സബ്‌സിഡി നല്‍കുന്നത്. എല്ലാ സബ്‌സ്ഡികളും ഒഴിവാക്കി സാമ്പത്തിക സുരക്ഷിതത്വം കൈവരിക്കാനാണ് ഐ എം എഫ് ഗള്‍ഫ് നാടുകള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം. എല്ലാ ഗള്‍ഫ് രാജ്യങ്ങളിലും ഉത്പാദന നിരക്ക് കൂടുതലും വൈദ്യുതി വിതരണത്തില്‍ നിന്നു ലഭിക്കുന്ന തുക ചെറുതുമാണ്. ഒമാന്‍, സഊദി, യു എ ഇ എന്നീ രാജ്യങ്ങളിലെല്ലാം നിരക്കു വര്‍ധന വേണ്ടി വരും. ദുബൈയില്‍ ചെറിയ തുക മാത്രമാണ് നിലവില്‍ സബ്‌സിഡി നില്‍കുന്നുള്ളൂ എന്നതിനാല്‍ അവിടെ നിരക്കു വര്‍ധന വലിയ തോതില്‍ വേണ്ടി വരില്ല. സര്‍ക്കാര്‍ സബ്‌സിഡി നിരക്ക് ഒഴിവാക്കിയാല്‍ കുറഞ്ഞ കാലത്തേക്ക് അതു ജനങ്ങളെ ബാധിക്കും. അതു കഴിഞ്ഞാല്‍ ജനം പുതിയ സാമ്പത്തിക രീതിയുമായി പൊരുത്തപ്പെടും. എല്ലാ സബ്‌സിഡികളുടെയും സ്ഥിതി ഇതായിരിക്കുമെന്നും റിപ്പോര്‍ട്ട് പറയുന്നു.