കാറുകളില്‍ ചൈല്‍ഡ് സീറ്റ്: കുട്ടികളെ ആകര്‍ഷിച്ച് ഹമദ് സംഘം

Posted on: March 23, 2016 6:45 pm | Last updated: March 24, 2016 at 6:59 pm
ഹമദ് മെഡിക്കല്‍ കോര്‍പറേഷന്റെ പവലിയന്‍ സന്ദര്‍ശിക്കുന്ന കുട്ടികള്‍
ഹമദ് മെഡിക്കല്‍ കോര്‍പറേഷന്റെ പവലിയന്‍ സന്ദര്‍ശിക്കുന്ന കുട്ടികള്‍

ദോഹ: കാറില്‍ സഞ്ചരിക്കുന്ന കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പു വരുത്തുന്നതിനായി ചൈല്‍ഡ് സീറ്റ് ധരിക്കണമെന്ന ബോധവത്കരണവുമായി എത്തി ഹമദ് സംഘം ശ്രദ്ധയാകര്‍ഷിച്ചു. ട്രാഫിക് വാരാചരണത്തോടനുബന്ധിച്ച് ആഭ്യന്തര മന്ത്രാലത്തിന്റെ ആഭിമുഖ്യത്തില്‍ ദര്‍ബ് ആല്‍ സായില്‍ നടന്ന പരിപാടികളിലാണ് ഹമദ് മെഡിക്കല്‍ കോര്‍പറേഷന്റെ പവലിയന്‍ പ്രവര്‍ത്തിച്ചത്.
കുട്ടികള്‍ക്കായി ഖത്വറില്‍ ലഭ്യമായ വിവിധ കാര്‍ സീറ്റുകള്‍ പ്രദര്‍ശിപ്പിച്ചു കൊണ്ടായിരുന്നു ബോധവത്കരണം. കുട്ടികളുടെ യാത്രാ സുരക്ഷിതത്വം സംബന്ധിച്ച് സന്ദര്‍ശകര്‍ക്കായി പ്രദര്‍ശനവും വിശദീകരണവും നടത്തി. റോഡുകളിലെ സുരക്ഷിതത്വത്തിന് ഓരോരുത്തരും താത്പര്യമെടുക്കണമെന്നും കുട്ടികളുടെ സരുക്ഷക്ക് വലിയ പ്രാധാന്യം കൊടുക്കണമെന്നുമുള്ള സന്ദേശമാണ് പ്രദര്‍ശനത്തിലൂടെ നല്‍കിയതെന്ന് ഹമദ് ഇന്റര്‍നാഷനല്‍ ട്രെയ്‌നിംഗ് സെന്റര്‍ ചെയര്‍മാന്‍ ഡോ. ഖാലിദ് അബ്ദുന്നൂര്‍ സൈഫല്‍ദീന്‍ പറഞ്ഞു. പലരും കുട്ടികളുടെ സീറ്റുകള്‍ ഉപയോഗിക്കുന്നത് ശരിയായി രീതിയിലല്ല. കുട്ടികളുടെ സീറ്റ് എങ്ങനെയാണ് ഘടിപ്പിക്കേണ്ടെന്ന് ടെക്‌നീഷ്യന്‍മാരില്‍നിന്നും മനസ്സിലാക്കണം. ഓരോ കുട്ടിക്കും അനുയോജ്യമായ സീറ്റുകളാണ് വാങ്ങേണ്ടത്. കുട്ടികളുടെ ഉയരവും ഭാരവും നോക്കാതെ പൊതുവായ സീറ്റുകള്‍ വാങ്ങി ഉപയോഗിക്കരുത്. ജനങ്ങള്‍ക്ക് അവബോധം ഉണ്ടായാല്‍ വലിയൊരു ശതമാനം അപകടങ്ങള്‍ ഒഴിവാക്കാനാകുമെന്നും ചൈല്‍ഡ് സീറ്റ് ഉപയോഗിച്ചില്ലെങ്കില്‍ അപകടങ്ങളില്‍ കൂടുതല്‍ പരുക്കു പറ്റുക കുട്ടികള്‍ക്കായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.