ശാസ്ത്ര ഗവേഷണ നിക്ഷേപത്തിന് ഖത്വര്‍ പര്യാപ്തം: ശൈഖ മൗസ

Posted on: March 23, 2016 6:32 pm | Last updated: March 24, 2016 at 6:55 pm
ശൈഖ ഹിന്ദ് ബിന്‍ത് ഹമദ് അല്‍ താനി  അവാര്‍ഡ് വിതരണം ചെയ്യുന്നു
ശൈഖ ഹിന്ദ് ബിന്‍ത് ഹമദ് അല്‍ താനി
അവാര്‍ഡ് വിതരണം ചെയ്യുന്നു

ദോഹ: ശാസ്ത്ര ഗവേഷണങ്ങളില്‍ നിക്ഷേപമിറക്കാന്‍ യോഗ്യതയുള്ള രാഷ്ട്രങ്ങളില്‍ പെട്ടതാണ് ഖഥ്വറെന്ന് ഖത്വര്‍ ഫൗണ്ടേഷന്‍ ഫോര്‍ എജുക്കേഷന്‍, സയന്‍സ്, കമ്യൂനിറ്റി ഡെവലപ്‌മെന്റ് ചെയര്‍പേഴ്‌സന്‍ ശൈഖ മൗസ ബിന്‍ത് നാസര്‍. ഖത്വര്‍ ഫൗണ്ടേഷന്‍ വാര്‍ഷിക ഗവേഷണ സമ്മേളന (ആര്‍ക്- 16)ത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. ഖത്വര്‍ ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ മികച്ച ഗവേഷണം, മികച്ച കണ്ടുപിടുത്തം എന്നിവക്കുള്ള അവാര്‍ജ് ജേതാക്കളെ ഖത്വര്‍ ഫൗണ്ടേഷന്‍ വൈസ് ചെയര്‍പേഴ്‌സനും സി ഇ ഒയുമായ ശൈഖ ഹിന്ദ് ബിന്‍ത് ഹമദ് അല്‍ താനി ആദരിച്ചു. ഖത്വറിലെ ടെക്‌സാസ് എ ആന്‍ഡ് എം യൂനിവേഴ്‌സിറ്റിയിലെ ഇലക്ട്രിക്കല്‍ ആന്‍ഡ് കംപ്യൂട്ടര്‍ എന്‍ജിനീയറിംഗ് അസോസിയേറ്റ് പ്രൊഫസര്‍ ഡോ. ശിഹാബ് അഹ്മദിന് മികച്ച ഗവേഷണത്തിനുള്ള അവാര്‍ഡും ഖത്വര്‍ മൊബിലിറ്റി ഇന്നൊവേഷന്‍സ് സെന്റര്‍ സി ഇ ഒ ഡോ. അദ്‌നാന്‍ അബു ദയ്യക്ക് മികച്ച കണ്ടുപിടിത്തത്തിനുള്ള അവാര്‍ഡും ലഭിച്ചു.
ശാസ്ത്രീയ ഗവേഷണം അടിസ്ഥാനമാക്കി സമഗ്ര വികസനത്തിനുള്ള എല്ലാ ഘടകങ്ങളും ഖത്വറിനുണ്ട്. രാഷ്ട്രീയ ഇച്ഛാശക്തിയും ഉയര്‍ന്ന നിലവാരമുള്ള വിദ്യാഭ്യാസവും ഭദ്രമായ സാമ്പത്തിക സ്രോതസ്സും ഗവേഷണ, വികസന കേന്ദ്രങ്ങളും ആഗോള സയന്റിഫിക്, അക്കാദമിക് പങ്കാളിത്തവും ഖത്വറിനുണ്ട്. കഴിഞ്ഞ പത്ത് വര്‍ഷം കൊണ്ട് രാജ്യത്ത് അടിസ്ഥാനപരമായ ഗവേഷണ സംവിധാനത്തിന് ഖത്വര്‍ ഫൗണ്ടേഷന്‍ അടിത്തറ പാകിയിട്ടുണ്ട്. ദീര്‍ഘകാല പ്രക്രിയയാതിനാല്‍ ഇത് യാഥാര്‍ഥ്യമാകാന്‍ ക്ഷമ ആവശ്യമാണ്. എല്ലാ രാഷ്ട്രങ്ങളും അതിന് ഉദാഹരണങ്ങളാണ്. ആഴത്തിലുള്ള ഗവേഷണം സമ്പദ്‌വ്യവസ്ഥ ആസ്വദിക്കണം. ഗവേഷണ മേഖലയിലെ വിദഗ്ധരെ സഹായിക്കുന്നതിന് പൊതു- സ്വകാര്യ മേഖലകളുടെ സഹകരണം ആവശ്യമാണ്.
പശ്ചാത്യന്‍ രാഷ്ട്രങ്ങളുമായും വെസ്റ്റ് ഏഷ്യയുമായും താരതമ്യം ചെയ്യുമ്പോള്‍ ശാസ്ത്രീയ ഗവേഷണത്തില്‍ അറബ് രാഷ്ട്രങ്ങളുടെ ചെലവഴിക്കല്‍ വളരെ കുറവാണ്; പ്രത്യേകിച്ച് സ്വകാര്യ മേഖലയില്‍. ശാസ്ത്രീയ ഗവേഷണ മേഖലയെ പിന്തുണക്കാന്‍ ദേശീയതലത്തില്‍ എല്ലാ ശ്രമങ്ങളും ഉണ്ടാകണം. വൈവിധ്യമാര്‍ന്നതും സുസ്ഥിരവുമായ വിജ്ഞാനാധിഷ്ഠിത സമ്പദ്‌വ്യവസ്ഥയുടെ സംസ്ഥാപനത്തിന്‍ അത് അത്യന്താപേക്ഷിതമാണ്. ഭാവിയിലെ വെല്ലുവിളികളെ സംബന്ധിച്ച് ഖത്വറിന് ഉറച്ച ബോധ്യമുള്ളതിനാല്‍ കരുത്തുറ്റ വിജ്ഞാനാധിഷ്ഠിത സമൂഹം പടുത്തുയര്‍ത്തി എല്ലാ വെല്ലുവിളികളെയും അതിജീവിക്കാനാണ് ശ്രമം.
പ്രകൃതിവിഭവങ്ങളും സുസ്ഥിര വികസനവുമായി ചേര്‍ത്ത് സുസ്ഥിരവും പുതിയതുമായ സ്വത്തെന്ന നിലയില്‍ ശാസ്ത്രീയ ഗവേഷണത്തെ കാണുകയാണ്. ഗുണമേന്മയുള്ള വിദ്യാഭ്യാസം, ശാസ്ത്രീയ ഗവേഷണത്തിന് വ്യവസ്ഥാപിത സാമ്പത്തിക പിന്തുണ എന്നീ ഘടകങ്ങളില്‍ ഊന്നിയാണ് ആധുനികകാലത്ത് വിവിധ രാഷ്ട്രങ്ങളില്‍ നവോത്ഥാനം സാധ്യമായത്.
നോര്‍വേയും സിംഗപ്പൂരും ഇതിന് മികച്ച മാതൃകയാണെന്നും അവര്‍ ചൂണ്ടിക്കാട്ടി.