മെഡിക്കല്‍ ടെസ്റ്റില്‍ പരാജയപ്പെട്ട വീട്ടുജോലിക്കാരി തര്‍ഹീല്‍ വഴി നാട്ടിലേയ്ക്ക് മടങ്ങി

Posted on: March 23, 2016 6:14 pm | Last updated: March 23, 2016 at 6:14 pm
റെഹമത്ത് ബീഗത്തിനുള്ള യാത്രാരേഖകള്‍ കൈമാറുന്നു.
റെഹമത്ത് ബീഗത്തിനുള്ള യാത്രാരേഖകള്‍ കൈമാറുന്നു.

ജിദ്ദ: ജോലിയ്ക്കുള്ള മെഡിക്കല്‍ ടെസ്റ്റില്‍ പരാജയപ്പെട്ട വീട്ടുജോലിക്കാരി, നവയുഗം സാംസ്‌കാരികവേദി ജീവകാരുണ്യപ്രവര്‍ത്തകരുടെയും, ഹൈദരാബാദ് അസോസിയേഷന്റേയും സഹായത്തോടെ വനിതാ തര്‍ഹീല്‍ വഴി നാട്ടിലേയ്ക്ക് മടങ്ങി.

ഹൈദരാബാദ് സ്വദേശിനിയായ റഹ്മത്ത് ബീഗം രണ്ടു മാസങ്ങള്‍ക്ക് മുന്‍പാണ് ദമ്മാമിലെ ഒരു സൗദി പൗരന്റെ വീട്ടില്‍ ജോലിയ്ക്കായി എത്തിയത്. ഹൈദരാബാദിലെ ഒരു ഏജന്‍സിയാണ് റഹമത്ത് ബീഗത്തിന് ഹൗസ്‌മൈഡ് വിസ നല്‍കിയത്. നാട്ടില്‍ നടന്ന മെഡിക്കല്‍ പരിശോധനയില്‍ ക്ഷയരോഗം ഉണ്ടെന്നു കണ്ടെങ്കിലും, ‘അതൊന്നും സാരമില്ല’ എന്ന് എജന്റ്‌റ് നല്‍കിയ ഉറപ്പിന്റെ പുറത്ത് പണം നല്‍കിയാണ് മെഡിക്കല്‍ പാസാക്കിയാണ്. റഹമത്ത് ബീഗത്തെ സൗദിയില്‍ എത്തിച്ചത്. സര്‍വ്വീസ് ചാര്‍ജ്ജായി നല്ലൊരു തുക എജന്റ്‌റ് പോക്കറ്റിലാക്കുകയും ചെയ്തു.

എന്നാല്‍ സൗദിയില്‍ ഇഖാമ എടുക്കാനുള്ള മെഡിക്കല്‍ ടെസ്റ്റില്‍ ക്ഷയരോഗം കണ്ടെത്തുകയും, മെഡിക്കല്‍ ടെസ്റ്റില്‍ പരാജയപ്പെട്ട അവര്‍ ജോലിയ്ക്ക് അയോഗ്യയാണ് എന്ന് വരികയും ചെയ്തു. തുടര്‍ന്ന് സ്‌പോണ്‍സര്‍ അവരെ വനിതാ തര്‍ഹീലില്‍ കൊണ്ടു പോയി ഉപേക്ഷിച്ചു.

വനിതാ തര്‍ഹീലില്‍ ഒരു മാസത്തോളം കഴിയേണ്ടി വന്ന റഹമത്ത് ബീഗം, അവിടെ മറ്റൊരു കേസിനായി എത്തിയ നവയുഗം ജീവകാരുണ്യ പ്രവര്‍ത്തകയും ഇന്ത്യന്‍ എംബസ്സി വോളന്റീറുമായ മഞ്ജു മണിക്കുട്ടനോട് സ്വന്തം അവസ്ഥ പറഞ്ഞു. മഞ്ജു മണിക്കുട്ടന്‍ നവയുഗം ജീവകാരുണ്യ പ്രവര്‍ത്തകരായ ഉണ്ണി പൂചെടിയല്‍, മണിക്കുട്ടന്‍ എന്നിവരോടൊത്ത് റഹമത്ത് ബീഗത്തിന്റെ സ്‌പോന്‍സറെ കണ്ടു സംസാരിച്ചു. വിമാനടിക്കറ്റ് റഹമത്ത് ബീഗം തന്നെ എടുക്കുമെങ്കില്‍ എക്‌സിറ്റ് നല്‍കാമെന്ന് സ്‌പോണ്‍സര്‍ സമ്മതിച്ചു.

നവയുഗത്തിന്റെ അഭ്യര്‍ത്ഥന മാനിച്ച് ഹൈദരാബാദ് അസോസിയേഷന്‍ റഹമത്ത് ബീഗത്തിനുള്ള വിമാന ടിക്കറ്റും, ക്ഷയരോഗചികിത്സയ്ക്കായി 1300 റിയാലും നല്‍കി.

നാട്ടില്‍ ഏജന്റുമാരുടെ ഇത്തരം തട്ടിപ്പില്‍ നിന്നും രക്ഷപ്പെടാന്‍, പ്രവാസലോകത്ത് ജോലി തേടുന്നവര്‍ക്ക് ശരിയായ രീതിയില്‍ കൗണ്‍സലിങ് നല്‍കാനും, ഇത്തരം തട്ടിപ്പിനെതിരെ നല്ല മാധ്യമപ്രചാരണം നടത്താനും സര്‍ക്കാരുകള്‍ തയ്യാറാവണമെന്ന് നവയുഗം സാംസ്‌കാരിക വേദി ആവശ്യപ്പെട്ടു.