ഓണ്‍ലൈന്‍ നിരീക്ഷണം: ഗള്‍ഫിലെ ജനങ്ങള്‍ക്ക് ഉത്കണ്ഠ

Posted on: March 23, 2016 2:37 pm | Last updated: March 23, 2016 at 2:37 pm

ONLINE OBSERVINGമസ്‌കത്ത്:ഗള്‍ഫിലെ ജനങ്ങളുടെ സ്വകാര്യതക്കു മേല്‍ സ്വകാര്യ കമ്പനികള്‍ നടത്തുന്ന ഓണ്‍ലൈന്‍ നിരീക്ഷണത്തില്‍ ജനം അസ്വസ്ഥരെന്നു പഠനം. ഗവണ്‍മെന്റുകളേക്കാള്‍ കൂടുതല്‍ നിരീക്ഷണം നടത്തുന്നത് സ്വകാര്യ കമ്പനികളാണ്. ആറു അറബ് രാജ്യങ്ങളിലെ മിഡിയകളിലേക്കുള്ള സമീപനം സംബന്ധിച്ച് ഖത്വര്‍ നോര്‍ത്ത് വെസ്റ്റേണ്‍ യൂനിവേഴ്‌സിറ്റി നടത്തിയ സര്‍വേയുടെ പ്രാഥമിക റിപ്പോര്‍ട്ടിലാണ് വിവരം.

മിഡില്‍ ഈസ്റ്റിലെ മീഡിയ ഉപഭോഗം എന്ന വിഷയത്തിലാണ് ഖത്വറിനു പുറമേ സഊദി അറേബ്യ, യു എ ഇ, ഈജിപ്ത്, ലബനോന്‍, ടുണീഷ്യ എന്നീ രാജ്യങ്ങളെ കേന്ദ്രീകരിച്ച് പഠനം നടത്തിയത്. ദോഹ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടിന്റെ സാമ്പത്തിക സഹായത്തോടെയായിരുന്നു സര്‍വേ. ടുണീഷ്യ ഒഴികെയുള്ള രാജ്യങ്ങളിലെല്ലാം ഇന്റര്‍നെറ്റ് കൂടുതല്‍ കര്‍ശനമായി നിയന്ത്രണങ്ങള്‍ക്കു വിധേയമാക്കണമെന്നാണ് അഭിപ്രായപ്പെടുന്നത്. ഈ രാജ്യങ്ങളിലെല്ലാം സ്വകാര്യ കമ്പനികള്‍ തങ്ങള്‍ക്കു മേല്‍ പുലര്‍ത്തുന്ന നിരീക്ഷണത്തെ ജനം ഭയക്കുന്നു. ഗവണ്‍മെന്റിനേക്കാള്‍ കൂടുതല്‍ സ്വകാര്യ കമ്പനികള്‍ പിന്തുടരുന്നതെന്തിനെന്നാണ് ആശങ്ക.

ഗള്‍ഫിലെ ജനം മാധ്യമങ്ങളോടുള്ള സമീപനം സംബന്ധിച്ച് സര്‍വേ അന്വേഷണം നടത്തിയിട്ടുണ്ട്. സര്‍വേയുടെ വിശദമായ റിപ്പോര്‍ട്ട് അടുത്തമാസം പ്രസിദ്ധപ്പെടുത്തും. മിഡില്‍ ഈസ്റ്റില്‍ മീഡിയ രംഗവുമായി ബന്ധപ്പെട്ടു നടക്കുന്ന വലിയ സര്‍വേയാണിത്. ഹാരിസ് പോളുമായി സഹകരിച്ചു നടത്തിയ സര്‍വേയുടെ ഭാഗമായി കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 20 മുതല്‍ ഫെബ്രുവരി 27 വരെ ഫീല്‍ഡ് വര്‍ക്കുകള്‍ നടത്തി. 6,058 ഇന്റര്‍വ്യൂകള്‍ പൂര്‍ത്തിയാക്കി. ഇതില്‍ 4,529 സ്വദേശികള്‍ പങ്കെടുത്തു. ഓരോ രാജ്യത്തുനിന്നും 18 വയസ്സിനു മുകളിലുള്ളവരാണ് സര്‍വേയില്‍ പങ്കെടുത്തത്.