Connect with us

Health

വേനല്‍ചൂടില്‍ ത്വക്ക് രോഗങ്ങള്‍ വ്യാപകമാകുന്നു

Published

|

Last Updated

പാലക്കാട്: ചൂടു കൂടിയതോടെ ത്വക്ക് രോഗങ്ങളുമായി ചികില്‍സ തേടുന്നവരുടെ എണ്ണം വര്‍ധിച്ചു. സൂര്യാതപത്താലുള്ള പൊള്ളലിനു പുറമേയാണിത്. ശരീരത്തുടനീളം ചൂടുകുരു, ചൊറിച്ചില്‍, തിണര്‍പ്പ് തുടങ്ങിയ ലക്ഷണങ്ങളോടെ ഒട്ടേറെ പേര്‍ ചികിത്സ തേടുന്നുണ്ട്. ദേഹം മുഴുവന്‍ ചുവന്നുതടിച്ച പാടുകളോടെയും രോഗികള്‍ എത്തുന്നുണ്ട്. ചൂടുമൂലമുള്ള രോഗങ്ങള്‍ ദിനം പ്രതി വര്‍ധിക്കുകയാണ്.
ത്വക്ക് രോഗങ്ങള്‍ക്കു യഥാസമയം ചികില്‍സ ലഭ്യമാക്കണമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ചൂടിന്റെ ശൗര്യം ഇന്നലെ ഒന്നു കുറഞ്ഞെങ്കിലും ജില്ലയില്‍ അത്യുഷ്ണത്താലുള്ള ശാരീരികാസ്വാസ്ഥ്യങ്ങള്‍ തുടരുന്നു. അന്തരീക്ഷത്തില്‍ ആര്‍ദ്രതയുടെ അളവ് കൂടിയതാണു കാരണം. ദിവസങ്ങളായി ഇതേ അവസ്ഥ തുടരുകയാണ്.
കഴിഞ്ഞ ദിവസങ്ങളില്‍ ജില്ലയില്‍ ഉയര്‍ന്ന താപനില 40 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തിയെങ്കിലും ഇന്നലെ താപനില 39 ഡിഗ്രിയായി കുറഞ്ഞു. താപനിലയോടൊപ്പം ആര്‍ദ്രതയുടെ അളവും കുറഞ്ഞെങ്കിലേ അത്യുഷ്ണത്തിന് ആശ്വാസം ലഭിക്കൂ. ഇന്നലെ പട്ടാമ്പിയില്‍ 93 ശതമാനം ആര്‍ദ്രതയാണു രേഖപ്പെടുത്തിയത്. മുണ്ടൂരില്‍ ഇത് 75 ആണ്. മലമ്പുഴയില്‍ മാത്രമാണ് അല്‍പം കുറവുള്ളത്.