ലഅബീബ് ഹെല്‍ത്ത് സെന്ററില്‍ സൈക്കോതെറാപ്പി, ‘സുന്ദര പുഞ്ചിരി’ പദ്ധതികള്‍

Posted on: March 22, 2016 9:17 pm | Last updated: March 22, 2016 at 9:17 pm

labeebദോഹ: ലഅബീബ് ഹെല്‍ത്ത് സെന്ററില്‍ സൈക്കോതെറാപ്പി ക്ലിനിക്കും വായയുടെ ആരോഗ്യം മെച്ചപ്പെടുത്താനുള്ള ‘സുന്ദര പുഞ്ചിരി’ പദ്ധതിയും ആരംഭിക്കുമെന്ന് പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പറേഷന്‍ (പി എച്ച് സി സി). കുടുംബ ഡോക്ടര്‍ പദ്ധതിയും അടുത്തുതന്നെ ആരംഭിക്കും. കഴിഞ്ഞ ഡിസംബറില്‍ ആരംഭിച്ച സെന്ററിലെ ഈ പദ്ധതി ഖത്വറില്‍ ആദ്യമാണ്.
സ്ട്രസ്സ്, ഡിപ്രഷന്‍ തുടങ്ങിയ തീവ്രത കുറഞ്ഞ മാനസികപ്രശ്‌നങ്ങള്‍ക്ക് മാത്രമാണ് ലഅബീബ് സെന്ററിലെ സൈക്കോതെറാപ്പി ക്ലിനിക്കില്‍ ചികിത്സയുണ്ടാകുക. മറ്റ് കേസുകള്‍ ഹമദ് ജനറല്‍ ആശുപത്രിയിലേക്ക് റഫര്‍ ചെയ്യും. അടുത്ത ദിവസങ്ങളില്‍ തന്നെ സുന്ദര പുഞ്ചിരി പദ്ധതിക്ക് തുടക്കമാകുമെന്ന് ഡോ. മോന അല്‍ സആദി അറിയിച്ചു. വായ, പല്ല് എന്നിവയുട ആരോഗ്യസംരക്ഷത്തെ സംബന്ധിച്ച് ബോധവത്കരണം, കുട്ടികളില്‍ വര്‍ധിച്ചുവരുന്ന ദന്തക്ഷയം തടയുക തുടങ്ങിയവയാണ് ഇതുകൊണ്ട് ലക്ഷ്യമിടുന്നത്. ഗര്‍ഭിണികളെയും അഞ്ച് വയസ്സ് വരെയുള്ള കുട്ടികളെയും പ്രത്യേക വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയാണ് ചികിത്സിക്കുക. സ്‌പെഷ്യലിറ്റി ക്ലിനിക്കിന് കീഴില്‍ കുട്ടികളുടെ ദന്തസംരക്ഷണ ചികിത്സക്ക് പ്രത്യേകം ചികിത്സ ലഭിക്കും. ചെറിയ കുട്ടികളുടെ ചികിത്സക്ക് പ്രത്യേകം ഡോക്ടര്‍മാരുടെ സേവനം ലഭിക്കും.
സ്തന, കുടല്‍ അര്‍ബുദങ്ങളെ നേരത്തെ കണ്ടുപിടിക്കുന്നതിനുളഅള സെന്ററും ലഅബീബില്‍ അടുത്തുതന്നെ തുടങ്ങും. 45ഉം അതിന് മുകളിലുള്ള സ്ത്രീകള്‍ക്കും 50 വയസ്സുള്ള പുരുഷന്‍മാര്‍ക്കും പരിശോധനക്ക് വിധേയരാകാം. വേദന കൂടാതെ വളരെ വേഗത്തിലും സുരക്ഷിതമായും രാസ പരിശോധനയാണ് നടത്തുക. ആദ്യഘട്ടമെന്ന നിലക്കാണ് കുടുംബഡോക്ടര്‍ പദ്ധതി ലഅബീബ് സെന്ററില്‍ ആരംഭിക്കുക. നിശ്ചിത കാലപരിധിക്കുള്ളില്‍ മറ്റ് ഹെല്‍ത്ത് സെന്ററുകളിലേക്കും കുടുംബ ഡോക്ടര്‍ പദ്ധതി വ്യാപിപ്പിക്കും. നിശ്ചിത വ്യക്തികള്‍ക്കും കുടുംബങ്ങള്‍ക്കും ഒരു ഡോക്ടറുടെ അടുക്കല്‍ മാത്രം ചികിത്സ പരിമിതപ്പെടുത്തുന്നതാണ് ഇത്. ഇതിലൂടെ കുടുംബത്തിന്റെ ആരോഗ്യ ചരിത്രത്തെ സംബന്ധിച്ച് പൂര്‍ണ അറിവ് ഈ ഡോക്ടര്‍ക്ക് ഉണ്ടാകും. രോഗങ്ങളെ നേരത്തെ തിരിച്ചറിഞ്ഞ് പ്രതിരോധ നടപടികള്‍ സ്വീകരിക്കാന്‍ കുടുംബത്തെ പ്രോത്സാഹിപ്പിക്കുന്നതിന് ഇതിലൂടെ സാധിക്കും.
സെന്റര്‍ ആരംഭിച്ച് ഇതുവരെ ഒമ്പതിനായിരം പേര്‍ ചികിത്സക്കെത്തിയിട്ടുണ്ട്. ആദ്യ വര്‍ഷത്തെ ടാര്‍ഗറ്റ് പതിനായിരം ആയിരുന്നു. പ്രതിവര്‍ഷം അരലക്ഷം പേരാണ് സെന്ററിന്റെ ശേഷി. പ്രതിദിനം ശരാശരി 290 പേരാണ് എത്തുന്നത്. ആരോഗ്യം, സന്തോഷജീവിതം എന്നതിലൂന്നി പ്രവര്‍ത്തിക്കുന്ന രാജ്യത്തെ ആദ്യ ഹെല്‍ത്ത് സെന്റര്‍ ആണ് ലഅബീബ്. സ്വിമ്മിംഗ് പൂള്‍, ജിം, മസ്സാജ് സെന്റര്‍ തുടങ്ങിയവ ഇവിടെയുണ്ട്.