ഖത്വരി വനിതയുടെ കാരുണ്യത്തില്‍ ഇന്തോനേഷ്യന്‍ അനാഥകള്‍ക്ക് വീട്

Posted on: March 22, 2016 7:56 pm | Last updated: March 23, 2016 at 8:24 pm
ഇന്തോനേഷ്യയിലെ അനാഥകള്‍ക്ക് നിര്‍മിക്കുന്ന കെട്ടിടത്തിന്റെ തറക്കല്ലിടല്‍ ചടങ്ങ്‌
ഇന്തോനേഷ്യയിലെ അനാഥകള്‍ക്ക് നിര്‍മിക്കുന്ന കെട്ടിടത്തിന്റെ തറക്കല്ലിടല്‍ ചടങ്ങ്‌

ദോഹ: ഖത്വരി വനിത ദാനം ചെയ്ത 5.3 ദശലക്ഷം റിയാല്‍ സഹായത്തോടെ ഇന്തോനേഷ്യയിലെ അനാഥകള്‍ക്ക് പാര്‍പ്പിടമൊരുങ്ങുന്നു. ശൈഖ് താനി ബിന്‍ അബ്ദുല്ല ഹ്യൂമാനിറ്റേറിയന്‍ ഫൗണ്ടേഷന്‍ (റാഫ്) ആഭിമുഖ്യത്തിലാണ് അനാഥ മന്ദിരം നിര്‍മിക്കുന്നത്.
ശൈഖ ഉമ്മുഖാലിദ് എന്ന പേരിലുള്ള പദ്ധതിയില്‍ 10,000 ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ 350 അനാഥകള്‍ക്ക് പാര്‍ക്കാനുള്ള കെട്ടിടമാണ് നിര്‍മിക്കുന്നത്. ഇന്തോനേഷ്യന്‍ ചാരിറ്റി സംഘടനയായ അല്‍ സിലയുമായി സഹകരിച്ച് സുകാജയ ഗ്രാമത്തിലാണ് റാഫിന്റെ നേതൃത്വത്തില്‍ നിര്‍മാണം പുരോഗമിക്കുന്നത്. കഴിഞ്ഞ ദിവസമാണ് മന്ദിരത്തിന് ശിലയിട്ട് നിര്‍മാണം ആരംഭിച്ചത്. നിര്‍മാണോദ്ഘാടന വേളയില്‍ ഇന്തോനേഷ്യയിലെ ഖത്വര്‍ അംബാസിഡര്‍ മുഹമ്മദ് ബിന്‍ ഖാതര്‍ അല്‍ ഖാതര്‍, ഡോ. ആയിദ് ബിന്‍ ദബ്‌സന്‍ അല്‍ ഖത്വാനിയുടെ നേതൃത്വത്തിലുള്ള റാഫ് പ്രതിനിധികള്‍ പങ്കെടുത്തു.
എട്ടു ബ്ലോക്കുകളായാണ് മന്ദിരം നിര്‍മിക്കുന്നത്. ഇതില്‍ എട്ടു ക്ലാസ് റൂമുകള്‍, സ്‌കൂള്‍, ലൈബ്രറി, കംപ്യൂട്ടര്‍ റൂം, 16 താമസ മുറികള്‍ എന്നിവയാണുണ്ടാകുക. മസ്ജിദ്, ഹെല്‍ത്ത് ക്ലിനിക്ക്, കിച്ചണ്‍, ഡൈനിംഗ് ഹാള്‍ എന്നിവയുമുണ്ടാകും. അനാഥകളായ അന്തേവാസികള്‍ക്ക് സഞ്ചരിക്കാനായി മൂന്നു ബസുകളും അനുവദിക്കും. കുട്ടികള്‍ക്ക് വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, സാമൂഹിക വിനോദ അവസരങ്ങള്‍ എന്നിവ നല്‍കുന്നതിന് പര്യാപ്തമാണ് കേന്ദ്രമെന്ന് അധികൃതര്‍ വ്യക്തമാക്കി. റാഫിന്റെ നേതൃത്വത്തില്‍ ഇന്തോനേഷ്യയില്‍ നടന്നു വരുന്ന സമാനമായി നിരവധി പദ്ധതികളിലൊന്നാണിത്. 18 മാസം കൊണ്ടാണ് ഈ പദ്ധതി പൂര്‍ത്തിയാക്കുക. മന്ദിരം സ്ഥിതി ചെയ്യുന്ന ഗ്രാമത്തിലെയും പരിസങ്ങളിലെയും അനാഥ കുട്ടികളെയാണ് ഇവിടെ സംരക്ഷിക്കുക.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പാവപ്പെട്ടവരെ സംരക്ഷിക്കാന്‍ ഇതുപോലുള്ള പദ്ധതികള്‍ പ്രതീക്ഷിക്കുന്നതായി ഇന്തോനേഷ്യന്‍ ചാരിറ്റി സംഘടനാ പ്രതിനിധി പറഞ്ഞു. 100 കുട്ടികളെ പാര്‍പ്പിക്കാന്‍ കഴിയുന്ന ഒരു കേന്ദ്രം കഴിഞ്ഞ വര്‍ഷം തുറന്നിരുന്നു. പ്രദേശത്തെ ജനങ്ങള്‍ സംഭാവന ചെയ്യുന്ന സ്ഥലത്താണ് അനാഥ മന്ദിരം പണിയുന്നത്.