Connect with us

Kerala

വേണ്ടിവന്നാല്‍ ഒറ്റക്ക് മത്സരിക്കുമെന്ന് ഐ എന്‍ എല്‍; ശില്‍പ്പശാല ബഹിഷ്‌കരിച്ചു

Published

|

Last Updated

കാസര്‍കോട്: ജില്ലയില്‍ വിജയസാധ്യതയുള്ള സീറ്റ് വേണമെന്ന ആവശ്യം എല്‍ ഡി എഫ് അംഗീകരിക്കുന്നില്ലെങ്കില്‍ ഇവിടത്തെ അഞ്ച് നിയോജക മണ്ഡലങ്ങളിലും ഒറ്റക്ക് മത്സരിക്കുന്നത് സംബന്ധിച്ച് ഐ എന്‍ എല്ലില്‍ ചര്‍ച്ചകള്‍ സജീവമായി. വിജയസാധ്യതയില്ലാത്ത കാസര്‍കോട് സീറ്റിനു പകരം ഉദുമയോ കാഞ്ഞങ്ങാടോ തൃക്കരിപ്പൂരോ വേണമെന്ന ആവശ്യത്തില്‍ ഐ എന്‍ എല്‍ ഉറച്ചുനില്‍ക്കുകയാണ്.

എന്നാല്‍, ഇത് അംഗീകരിക്കപ്പടാത്തതിനെ തുടര്‍ന്ന് എല്‍ ഡി എഫുമായി ഐ എന്‍ എല്‍ പിണങ്ങിനില്‍ക്കുന്നു. ഈ പിണക്കം എല്‍ ഡി എഫ് പരിപാടി ബഹിഷ്‌കരണത്തിലേക്ക് വരെ ഐ എന്‍ എല്ലിനെ എത്തിച്ചു. കഴിഞ്ഞ ദിവസം സംഘടിപ്പിച്ച എല്‍ ഡി എഫ് ഉദുമ മണ്ഡലം ശില്‍പ്പശാലയില്‍ നിന്ന് ഐ എന്‍ എല്‍ വിട്ടുനിന്നു. ഐ എന്‍ എല്‍ ജില്ലാ ജനറല്‍ സെക്രട്ടറി അസീസ് കടപ്പുറവും പാര്‍ട്ടിയുടെ മറ്റ് നേതാക്കളും പ്രവര്‍ത്തകരും ശില്‍പ്പശാലയില്‍ പങ്കെടുത്തില്ല.
അതേസമയം, ഐ എന്‍ എല്ലിന് നല്‍കുന്ന സീറ്റ് സംബന്ധിച്ച് ഉന്നയിച്ച കാര്യങ്ങളില്‍ രണ്ട് ദിവസത്തിനകം തീരുമാനമുണ്ടാകുമെന്നാണ് എല്‍ ഡി എഫ് നേതൃത്വം വ്യക്തമാക്കിയിട്ടുള്ളത്. ഇപ്പോള്‍ കോഴിക്കോട് രണ്ട് മണ്ഡലം മാത്രമാണ് ഐ എന്‍ എല്ലിന് അനുവദിച്ചിട്ടുള്ളത്. നാല് സീറ്റാണ് ആവശ്യപ്പെട്ടിട്ടുള്ളത്. കാസര്‍കോട് സീറ്റിന് പകരം ജില്ലയില്‍ മറ്റേതെങ്കിലും സീറ്റ് നല്‍കാന്‍ കഴിയില്ലെന്ന് സി പി എം നേതൃത്വം ഐ എന്‍ എല്ലിനെ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
അതിനിടെ, സി പി എമ്മിനും എല്‍ ഡി എഫിനും മുന്നറിയിപ്പ് നല്‍കി ഐ എന്‍ എല്‍ മണ്ഡലംതല കണ്‍വെന്‍ഷനുകള്‍ നടന്നുവരികയാണ്. മഞ്ചേശ്വരം മണ്ഡലംതല കണ്‍വെന്‍ഷന്‍ കഴിഞ്ഞദിവസം നടന്നു. കണ്‍വെന്‍ഷനില്‍ ഐ എന്‍ എല്‍ നിലപാടിന് പൂര്‍ണ പിന്തുണയാണ് പ്രവര്‍ത്തകര്‍ നല്‍കിയത്. കാസര്‍കോട് മണ്ഡലം കണ്‍വെന്‍ഷന്‍ ഇന്നലെ നടന്നു. നാളെ ഉദുമ മണ്ഡലംതല കണ്‍വെന്‍ഷനും നടക്കുമെന്ന് ഐ എന്‍ എല്‍ നേതാക്കള്‍ പറഞ്ഞു.

Latest