Connect with us

Kerala

കോണ്‍ഗ്രസ് പട്ടിക ഏപ്രില്‍ ആദ്യവാരം

Published

|

Last Updated

തിരുവനന്തപുരം: ഈ മാസം അവസാനമോ ഏപ്രില്‍ ആദ്യവാരമോ കോണ്‍ഗ്രസിന്റെ അന്തിമ സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിക്കുമെന്ന് കെ പി സി സി പ്രസിഡന്റ് വി എം സുധീരന്‍. കെ പി സി സി തിരഞ്ഞെടുപ്പ് സമിതി യോഗത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസ് മത്സരിക്കുന്ന മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ഥികള്‍ക്കായി ലഭിച്ച അപേക്ഷകള്‍ ഷോര്‍ട്ട് ലിസ്റ്റ് ചെയ്യുന്നതിനായി മുഖ്യമന്ത്രി, കെ പി സി സി പ്രസിഡന്റ്, ആഭ്യന്തരമന്ത്രി എന്നിവരെ തിരഞ്ഞെടുപ്പ് സമിതി ചുമതലപ്പെടുത്തി. മൂന്നംഗ സമിതി 26ന് യോഗം ചേരും.
ഡി സി സി ഉപസമിതി, പാര്‍ട്ടി പോഷക സംഘടനകള്‍ നിര്‍ദേശിച്ച അപേക്ഷകള്‍ അന്ന് പരിശോധിച്ച് ഏറ്റവും ചുരുങ്ങിയ പേരുകളുള്ള പട്ടിക തയ്യാറാക്കും. അന്ന് വൈകീട്ട് നാലിന് വീണ്ടും തിരഞ്ഞെടുപ്പ് സമിതി യോഗം ചേര്‍ന്ന് മൂന്നംഗ സമിതി തയ്യാറാക്കിയ ഷോര്‍ട്ട് ലിസ്റ്റ് പരിശോധിക്കും. അതില്‍ ആവശ്യമായ ഒഴിവാക്കാലും കൂട്ടിചേര്‍ക്കലും വരുത്തിയ ശേഷം ഹൈക്കമാന്‍ഡിന് അയക്കും. ഇതാകും കെ പി സി സിയുടെ അന്തിമ സ്ഥാനാര്‍ഥി പട്ടികയെന്നും സുധീരന്‍ വ്യക്തമാക്കി. ചര്‍ച്ചകള്‍ക്കായി സംസ്ഥാന നേതാക്കളും അന്ന് ഡല്‍ഹിയിലേക്ക് പോകും.
28ന് ചേരുന്ന കേന്ദ്ര തിരഞ്ഞെടുപ്പ് സമിതിയുടെ സ്‌ക്രീനിംഗ് കമ്മിറ്റി സ്ഥാനാര്‍ഥി പട്ടിക പരിശോധിക്കും. ഈ മാസം അവസാനമോ, ഏപ്രില്‍ ആദ്യവാരമോ അന്തിമ പട്ടികയാകും. ഘടക കക്ഷികളുമായിട്ടുള്ള സീറ്റ് ചര്‍ച്ച എത്രയും വേഗം പൂര്‍ത്തിയാക്കി ഏപ്രില്‍ ആദ്യവാരത്തോടെ യു ഡി എഫ് സ്ഥാനാര്‍ഥി പട്ടികക്ക് രുപം നല്‍കുമെന്നും സുധീരന്‍ വ്യക്തമാക്കി.

---- facebook comment plugin here -----

Latest