Connect with us

National

മോദി സര്‍ക്കാറിന്റെ മുസ്‌ലിം വിരുദ്ധ സമീപനങ്ങളില്‍ ആശങ്ക രേഖപ്പെടുത്തി സൂഫി സമ്മേളനം

Published

|

Last Updated

ന്യൂഡല്‍ഹി:നരേന്ദ്ര മോദി സര്‍ക്കാര്‍ പലപ്പോഴും മുസ്‌ലിം വിരുദ്ധ സമീപനങ്ങള്‍ സ്വീകരിച്ചുവരുന്നുണ്ടെന്നും ഇത്തരം ആരോപണങ്ങള്‍ വ്യാപകമാണെന്നും ഡല്‍ഹിയില്‍ സമാപിച്ച അന്താരാഷ്ട്ര സൂഫി സമ്മേളനം. കഴിഞ്ഞ നാല് ദിവസമായ തലസ്ഥാനത്ത് നടന്നുവന്ന സൂഫി കോണ്‍ഫറന്‍സ് ഇന്നലെ രാംലീല മൈതാനത്ത് നടന്ന പൊതുസമ്മേളനത്തോടെ സമാപിച്ചു.

നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ പലപ്പോഴും മുസ്‌ലിം വിരുദ്ധ സമീപനങ്ങള്‍ സ്വീകരിച്ചുവരുന്നുവെന്നത് ആശങ്കയുളവാക്കുന്നതാണെന്ന് സമ്മേളനം വിലയിരുത്തി. രാജ്യത്ത് അടുത്തകാലത്തായി ന്യൂനപക്ഷങ്ങള്‍ക്ക് നേരെ നടക്കുന്ന അസഹിഷ്ണുതാ പ്രവണതകളിലും ന്യൂനപക്ഷ സ്ഥാപനങ്ങളെ തകര്‍ക്കാനുള്ള ഗൂഡ നീക്കങ്ങള്‍ക്കെതിരെയും സമ്മേളനം ആശങ്ക രേഖപ്പെടുത്തി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ചെറുതും വലുതുമായി മുസ്‌ലിംകളുള്‍പ്പെടെ ന്യൂനപക്ഷങ്ങള്‍ക്കെതിരായി നടക്കുന്ന അസഹിഷ്ണുത പ്രവണതകളില്‍ സമ്മേളനം ആഭ്യന്ത്രമന്ത്രാലയത്തിന്റെ ശ്രദ്ധ ക്ഷണിച്ചു.

ഇസ്‌ലാമിന്റെ പേരില്‍ ലോക വ്യാപകമായി നടന്നുവരുന്ന തീവ്രവാദ-ഭീകരവാദ വിധ്വംസക പ്രവര്‍ത്തനങ്ങളെ സമ്മേളനം ശക്തമായി അപലപിച്ചു. ഇസിലിന്റെയും അല്‍ഖൈ്വദയുടെയും ലക്ഷ്യം ജനങ്ങളെ കൊല്ലല്‍ മാത്രമാണെന്നും അവര്‍ ഇസ്‌ലാമിനെ പ്രതിനിധീകരിക്കുന്നില്ല. രാജ്യത്ത് മുസ്‌ലിംകള്‍ക്കെതിരായി ചരിത്രപരമായ മണ്ടത്തരങ്ങള്‍ പ്രചരിപ്പിക്കപ്പെടുന്നുണ്ട്. ഇത് പരിഹരിക്കാന്‍ വിദ്യാഭ്യാസ മേഖലയില്‍ സൂഫിസത്തെ പരിചയപ്പെടുത്തണമെന്ന് സമ്മേളനം അംഗീകരിച്ച പ്രകടനപത്രികയില്‍ കേന്ദ്രസര്‍ക്കാറിനോട് ആവശ്യപ്പെട്ടു.

കുറച്ചു വര്‍ഷങ്ങളായി സൂഫിസത്തെ മറികടന്ന് മൗലികമായ പ്രത്യയശാസ്ത്രമുപയോഗിച്ച് തീവ്രവാദവും ഭീകരവാദവും പ്രചരിപ്പിക്കാന്‍ ശ്രമം നടത്തിവരുന്നുണ്ട്. ഇത് മുസ്‌ലിംകള്‍ക്ക് മാത്രം എതിരായ പ്രതിഭാസമല്ല. ലോകത്തിനാകെയും ഭീതിതമായ അവസ്ഥയാണ് നേരിടേണ്ടി വരുന്നത്. അതുകൊണ്ട് ഇസ്‌ലാമിനെ കുറിച്ചുള്ള ചരിത്ര മണ്ടത്തരത്തെ തിരുത്താന്‍ നടപടി സ്വീകരിക്കണമെന്ന് രാജ്യത്ത് സൂഫികളുടെ പാത പിന്തുടരുന്ന ദശലക്ഷക്കണക്കിന് ജനങ്ങള്‍ ആവശ്യപ്പെടുന്നതായും പ്രകടന പത്രികയില്‍ പറയുന്നുണ്ട്.

സെന്‍ട്രല്‍ വഖഫ് കൗണ്‍സില്‍, സംസ്ഥാന വഖഫ് ബോര്‍ഡുകള്‍, കേന്ദ്ര സംസ്ഥാന ഹജ്ജ് കമ്മിറ്റികളും ദേശീയ ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പറേഷന്‍ വിവിധ വേദികളിലെ “മുസ്‌ലിംകള്‍ സൂഫി പാരമ്പര്യങ്ങളില്‍ വിശ്വാസികള്‍ക്ക് അര്‍ഹമായി പ്രാതിനിധ്യം നല്‍കണമെന്നും ആവശ്യപ്പെട്ടു. അജ്മീര്‍ ഖ്വാജയുടെ പേരില്‍ ഒരു സൂഫി സര്‍വകലാശാല സ്ഥാപിക്കണമെന്നും സമ്മേളനം കേന്ദ്രസര്‍ക്കാറിനോട് ആവശ്യപ്പെട്ടു.
തലസ്ഥാനമായ ഡല്‍ഹിയിലും വിവിധ സംസ്ഥാന തലസ്ഥാനങ്ങളിലും സൂഫി സംസ്‌കാരവും സാഹിത്യവും പ്രചരിപ്പിക്കുന്നതിനായി കേന്ദ്രങ്ങള്‍ സ്ഥാപിക്കാനും സമ്മേളനം തീരുമാനിച്ചു. നാല് ദിവസമായി ഡല്‍ഹിയില്‍ നടന്നുവന്ന സമ്മേളനത്തില്‍ 20 രാജ്യങ്ങളില്‍ നിന്നുള്ള മുസ്‌ലിം പണ്ഡിതരും സൂഫി ചിന്തകരും പങ്കെടുത്തു.

ബ്യൂറോ ചീഫ്, തിരുവനന്തപുരം

Latest