പരീക്ഷ ജയിക്കാനാകാതെ വിദേശ മെഡി. ബിരുദധാരികള്‍

Posted on: March 21, 2016 12:02 am | Last updated: March 21, 2016 at 12:02 am

DOCTORSന്യൂഡല്‍ഹി: വിദേശത്ത് നിന്ന് മെഡിക്കല്‍ ബിരുദം നേടി ഇന്ത്യയിലെത്തിയവരില്‍ 77 ശതമാനം പേര്‍ക്കും മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ നിയമപരമായ പരീക്ഷ പാസ്സാകാന്‍ സാധിക്കുന്നില്ലെന്ന് റിപ്പോര്‍ട്ട്. പന്ത്രണ്ട് വര്‍ഷത്തെ കണക്കുകള്‍ പരിശോധിച്ചാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. വിദേശത്ത് നിന്ന് മെഡിക്കല്‍ ബിരുദമെടുത്ത് വരുന്ന ഉദ്യോഗാര്‍ഥിക്ക് സ്ഥിരമായോ താത്കാലികമായോ മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയില്‍ രജിസ്‌ട്രേഷന്‍ ലഭിക്കണമെങ്കില്‍ ഫോറിന്‍ മെഡിക്കല്‍ ഗ്രാജ്വേറ്റ് എക്‌സാമിനേഷന്‍ (എഫ് എം ജി ഇ)എന്ന നൈപുണ്യ പരിശോധനാ പരീക്ഷ പാസ്സാകേണ്ടതുണ്ട്. നാഷനല്‍ ബോര്‍ഡ് ഓഫ് എക്‌സാമിനേഷന്‍ (എന്‍ ബി ഇ) ആണ് ഈ പരീക്ഷ നടത്തുന്നത്.
എന്‍ ബി ഇയില്‍ നിന്ന് വിവരാവകാശ നിയമപ്രകാരം ശേഖരിച്ച 2004 മുതലുള്ള പരീക്ഷാ ഫലം സൂചിപ്പിക്കുന്നത് അമ്പത് ശതമാനത്തിന് മുകളില്‍ മാര്‍ക്ക് വാങ്ങുന്നവരുടെ എണ്ണം വിരളമാണെന്നാണ്. 2005ലാണ് ഏറ്റവും കൂടുതല്‍ ശതമാനം പേര്‍ പരീക്ഷ പാസ്സായത്- 76.8 ശതമാനം. അന്ന് 2,851 പേരാണ് പരീക്ഷയെഴുതിയത്. 2192 പേര്‍ പാസ്സായി. 2008 മാര്‍ച്ചില്‍ 58.7 ശതമാനം പേര്‍ക്കേ കടമ്പ കടക്കാനായുള്ളൂ. 2015ല്‍ രണ്ട് സമയങ്ങളിലായി നടന്ന ഫോറിന്‍ മെഡിക്കല്‍ ഗ്രാജ്വേറ്റ് പരീക്ഷയില്‍ വെറും 10.4, 11.4 എന്നിങ്ങനെയായിരുന്നു വിജയ ശതമാനം. കഴിഞ്ഞ ജൂണില്‍ 5967 പേര്‍ പരീക്ഷയെഴുതിയപ്പോള്‍ 603 പേര്‍ മാത്രമാണ് വിജയിച്ചത്. ഡിസംബറില്‍ 6,407 പേര്‍ പരീക്ഷയെഴുതി. ജയിച്ചത് 713 പേര്‍ മാത്രം. മൊത്തം മുന്നൂറ് മാര്‍ക്കാണ് എഫ് എം ജി ഇയിലുണ്ടാകുക. കമ്പ്യൂട്ടര്‍ സംവിധാനം ഉപയോഗിച്ചാണ് പരീക്ഷ നടത്തുന്നത്. നെഗറ്റീവ് മാര്‍ക്ക് ഉണ്ടാകില്ല. 150 മാര്‍ക്ക് ലഭിക്കുന്നവര്‍ രജിസ്‌ട്രേഷന് യോഗ്യത നേടും.
ലോകത്ത് ഏറ്റവും കൂടുതല്‍ മെഡിക്കല്‍ കോളജുകള്‍ ഉള്ള രാജ്യങ്ങളിലൊന്നായ ഇന്ത്യയില്‍ ഇപ്പോള്‍ 9.29 ലക്ഷം രജിസ്‌ട്രേഡ് ഡോക്ടര്‍മാര്‍ ഉണ്ടെന്നാണ് കണക്ക്. ലോകാരോഗ്യ സംഘടന മുന്നോട്ടുവെച്ച ഡോക്ടര്‍- ജനസംഖ്യാ അനുപാതമായ 1:1000 നേടാന്‍ ഇന്ത്യക്ക് സാധിക്കുന്നില്ലെന്ന് ആരോഗ്യ, കുടുംബ ക്ഷേമ രാജ്യസഭാ കമ്മിറ്റി വിലയിരുത്തിയിരുന്നു. സ്‌പെഷ്യലിസ്റ്റുകളെയും ഉന്നത ബിരുദമുള്ള ഡോക്ടര്‍മാരെയും വാര്‍ത്തെടുക്കാന്‍ സാധിക്കാത്തതാണ് ഇതിന് ഒരു കാരണമെന്നും കമ്മിറ്റി ചൂണ്ടിക്കാട്ടിയിരുന്നു.