മരുന്ന് വിറ്റ് രോഗം വിതയ്ക്കുന്നവര്‍

Posted on: March 21, 2016 4:29 am | Last updated: March 20, 2016 at 10:31 pm

MEDICINESലോകത്തിലെ ഏറ്റവും സ്വകാര്യവത്കരിക്കപ്പെട്ട ആരോഗ്യപരിപാലന സംവിധാനം ഇന്ത്യയുടേതാണ്. സ്വീഡനെപ്പോലെയുള്ള രാജ്യങ്ങള്‍ ആരോഗ്യ മേഖലക്ക് നല്‍കിവരുന്ന പ്രാധാന്യവും ധനവിനിമയവും പൊതുഖജനാവില്‍ നിന്നാകുമ്പോള്‍ ഇന്ത്യയില്‍ ഇത് കേവലം 22 ശതമാനം മാത്രമാണ്. കേരളീയ സമൂഹത്തില്‍ നിലനില്‍ക്കുന്ന ആരോഗ്യ ബോധമോ, പരിസര ശുചിത്വമോ മറ്റു സംസ്ഥാനങ്ങളില്‍ നിലവിലില്ലെങ്കിലും കേരളത്തിലാണ് രോഗവും രോഗികളും ഏറെയും കണ്ടുവരുന്നതെന്ന് അത്ഭുതമായേക്കാം. എന്നിട്ടും, ആരോഗ്യമേഖലയ്ക്ക് നമ്മുടെ സര്‍ക്കാറുകള്‍ ഇന്നും ഗണനീയമായ പ്രാധാന്യം കൊടുത്തുതുടങ്ങിയിട്ടില്ല. മറ്റു രംഗങ്ങള്‍ക്ക് പൊതുഖജനാവില്‍ നിന്ന് ലഭിക്കുന്നതിനേക്കാള്‍ കുറഞ്ഞ ശ്രദ്ധയേ ആരോഗ്യ മേഖലക്ക് ലഭ്യമാകുന്നുള്ളൂ. ഇത് സ്വകാര്യ വ്യക്തികളെ ഈ രംഗത്തേക്ക് ആകര്‍ഷിക്കുകയാണ്. മരുന്ന് വിറ്റ് രോഗങ്ങള്‍ ഉണ്ടാക്കുക എന്ന അന്താരാഷ്ട്ര മരുന്നു മാഫിയകളുടെ അതേ അജന്‍ഡ കേരള വിപണിയിലേക്കും ഇത് ഇറക്കുമതി ചെയ്തു. ഇന്ത്യക്കാര്‍ കഴിഞ്ഞ കൊല്ലം മാത്രം ഏതാണ്ട് മുപ്പതിനായിരം കോടി രൂപ മരുന്നുകള്‍ വാങ്ങാനും അതിലും കൂടുതല്‍ ശസ്ത്രക്രിയകള്‍ക്കും ചെലവഴിച്ചിട്ടുണ്ട്. ഇതൊരു ഏകദേശ കണക്ക് മാത്രമാണെന്ന് ഓര്‍ക്കുക.
ആരോഗ്യ മേഖലയുടെ വാണിജ്യവത്കരണം രോഗിക്കു മാത്രമല്ല സമൂഹത്തിനും ഏറെ ദോഷങ്ങള്‍ ചെയ്യുന്നുണ്ട്. വ്യക്തിയുടെ ജീവന്‍ അപകടത്തിലാകുന്നതോടൊപ്പം അത് പരിസ്ഥിതിയുടെ സന്തുലിതാവസ്ഥയെക്കൂടി ഹനിക്കുന്നുണ്ട്. പരിചരണത്തിലെ അപര്യാപ്തത, ഭാരിച്ച ഫീസ്, അനാവശ്യമായ ക്ലിനിക്കല്‍ പരിശോധനകള്‍, രോഗിയെ അവഗണിക്കല്‍, അവന്റെ അറിവില്ലായ്മയെ ചൂഷണം ചെയ്യല്‍ തുടങ്ങി അനേകം ഘടകങ്ങള്‍ വാണിജ്യവത്കരണം കൊണ്ട് രോഗിക്ക് നേരിടേണ്ടിവരുന്നുണ്ട്. ആരോഗ്യ മേഖല ഔഷധവത്കരിക്കപ്പെടാതെയിരിക്കാനും ഡോക്ടര്‍-മരുന്ന്- ഉത്പാദകര്‍ എന്നീ ത്രികോണ അച്ചുതണ്ട് സാധാരണക്കാരന്റെ ചോര ഊറ്റിക്കുടിക്കുന്നത് ഇല്ലാതാക്കാനും കഴിയുന്ന ഒരു സാമൂഹിക ചുറ്റുപാടില്‍ നിന്നു മാത്രമേ പ്രത്യുത്പാദനപരമായ ആരോഗ്യരംഗം വാര്‍ത്തെടുക്കാന്‍ കഴിയൂ. ഒരു ഡോക്ടര്‍ രോഗിയുടെ കുടുംബ സുഹൃത്തുകൂടിയാണെന്ന ധാരണ പുലര്‍ത്തേണ്ടതുണ്ട്. എന്നാല്‍ സ്വകാര്യ പ്രാക്ടീസ് രംഗത്തെ അതിരൂക്ഷ മത്സരം ഇത്തരം സദാചാര കാഴ്ചപ്പാടുകളെ കാറ്റില്‍ പറത്തുകയാണ്. എണ്ണമറ്റ നഴ്‌സിംഗ് ഹോമുകളുടെയും പോളിക്ലിനിക്കുകളുടെയും ഭീഷണി മറുഭാഗത്ത് നില്‍ക്കുന്നു. ഇതെല്ലാം ദീര്‍ഘദൃഷ്ടി ചെയ്തിട്ടാവണം ചരകന്‍ ഇങ്ങനെ കുറിച്ചിട്ടത്: ‘രോഗിയുടെ ശരീരത്തിനകത്തേക്ക് വിജ്ഞാനത്തിന്റെയും അറിവിന്റെയും കൈത്തിരിനാളവുമായി പ്രവേശിക്കുന്നതില്‍ പരാജയപ്പെടുന്ന വൈദ്യന് ഒരിക്കലും ശാസ്ത്രീയമായി രോഗത്തെ കീഴ്‌പ്പെടുത്താന്‍ കഴിയുകയില്ല’
രോഗം ഒരിക്കലും ഒരു കുറ്റമല്ല. ഒരു വ്യക്തിയും സ്വമനസ്സാലെ സ്വീകരിക്കുന്നതുമല്ല. ഈയൊരു ധാരണ സമൂഹം ഓര്‍ത്തുവെക്കേണ്ടതുണ്ട്. രോഗിയോട് ഡോക്ടര്‍ കാണിക്കേണ്ട മനഃശാസ്ത്രപരമായ നിലപാടുകള്‍ വരെ ഇന്ന് മാറിക്കഴിഞ്ഞു. ഇത്തരം സമീപനങ്ങള്‍ ഇന്ത്യയില്‍ ഉപയോഗശൂന്യമായ ഔഷധങ്ങള്‍ പെരുകുന്നതിനും വിദേശരാജ്യങ്ങളില്‍ നിരോധിക്കപ്പെട്ട മരുന്നുകള്‍ ഇറക്കുമതി ചെയ്യപ്പെടുന്നതിനും ഇടയാക്കുന്നുവെന്നും പഠനങ്ങള്‍ തെളിയിക്കുന്നു. ലോക വിപണിയില്‍ 1975നും 1984നും ഇടക്ക് ഉത്പാദിപ്പിക്കപ്പെട്ട പുതിയ 508 രാസമരുന്നുകളില്‍ 70 ശതമാനം ചികിത്സാ രംഗത്ത് നിലവിലുള്ള ഉത്പന്നങ്ങളേക്കാള്‍ ഗുണമേന്മ ഉള്ളവയായിരുന്നില്ല എന്നു തെളിയിക്കപ്പെട്ടിട്ടുണ്ട്. ഇത്തരം മരുന്നുകള്‍ വന്‍കിട മുതലാളിത്ത രാജ്യങ്ങള്‍ ഒരിക്കലും ആ നാടുകളില്‍ വിപണനം ചെയ്യാത്തതാണ്. ജനങ്ങളുടെ ആരോഗ്യമാണ് അവരുടെ നോട്ടം. അപ്പോള്‍ ആ മരുന്നുകളെല്ലാം എങ്ങോട്ടു പോകുന്നു? ഉത്തരം വളരെ വ്യക്തം. ഇന്ത്യയെപ്പോലുള്ള മൂന്നാംലോക രാജ്യങ്ങളിലെ വിപണിയിലേക്ക്. നമ്മുടെയെല്ലാം ശരീരത്തില്‍ അവയുണ്ട്. നിര്‍ദേശിക്കാന്‍ ഡോക്ടര്‍മാരും കണ്ണടയ്ക്കാന്‍ സര്‍ക്കാറുകളുമുള്ളപ്പോള്‍ ആര്‍ ആരെ ഭയക്കണം.
ലോകാരോഗ്യ സംഘടന (ഡബ്യു എച്ച് ഒ) ആരോഗ്യമേഖലയിലെ പ്രവണതകളെക്കുറിച്ച് നിരവധി പഠനങ്ങളും നിരീക്ഷണങ്ങളും നടത്തിയിട്ടുണ്ട്. അവര്‍ പറയുന്നത് ആരോഗ്യ പാലനത്തിന്റെ നല്ലൊരു ഭാഗവും 270 മരുന്നുകള്‍ കൊണ്ട് സാധ്യമാണെന്നാണ്. അപ്പോള്‍ വിപണിയില്‍ ഇത്രയേറെ മരുന്നുകള്‍ എന്തിന് ഇറക്കുമതി ചെയ്യുന്നു? എന്തിന് ഉത്പാദിപ്പിക്കുന്നു? ഇന്ത്യന്‍ കമ്പോളത്തില്‍ മാത്രം 60,000 മുതല്‍ 80,000 വരെ ബ്രാന്‍ഡുകളിലുള്ള വ്യത്യസ്ത മരുന്നുകള്‍ ഉണ്ടെന്നാണ് കണക്ക്. ഡോക്ടര്‍മാരുടെ സജീവ പങ്കാളിത്തത്തോടുകൂടിയാണ് ഇതെല്ലാം നടക്കുന്നത്. ഈ അനാവശ്യ മരുന്നുകള്‍ എല്ലാം വാങ്ങിക്കഴിക്കേണ്ടവര്‍ ഇന്ത്യക്കാര്‍ തന്നെയാണ്. ഇതിന് തടയിടണമെങ്കില്‍ ഔഷധ സംബന്ധിയായ വിവരങ്ങള്‍ നിഷ്പക്ഷവും ആധികാരികവുമായിരിക്കണം. മുതലാളിത്തത്തിന് കീഴില്‍ സ്ഥാപനവത്കരിക്കപ്പെട്ട ഒന്നാണ് നമ്മുടെ ആരോഗ്യ പരിപാലനവും, സങ്കല്‍പവും. മുതലാളിത്വ വ്യവസ്ഥിതിക്കു മുമ്പ് രോഗി ചികിത്സകന്‍ എന്നത് തീര്‍ത്തും സൗഹാര്‍ദപരവും ലളിതവുമായിരുന്നു. വൈദ്യന്‍ തന്നെ മരുന്ന് ഉത്പാദകന്റെ വേഷവും അണിഞ്ഞിരുന്ന അപൂര്‍വമായ കാഴ്ച. ഒരു സ്വതന്ത്ര ഉത്പാദകന്‍ എന്ന് വിശേഷിപ്പിക്കുന്ന ഒന്ന്. അതാണ് മുതലാളിത്ത വ്യവസ്ഥിതിയില്‍ തകിടം മറിഞ്ഞത്. പുതിയ സാഹചര്യത്തില്‍ മരുന്നുകളെക്കുറിച്ചും ചികിത്സാ രീതികളെക്കുറിച്ചും ഡോക്ടര്‍മാരെ ഉദ്ബുദ്ധരാക്കേണ്ടതുണ്ട്. ഡോക്ടര്‍മാരുടെ വിദ്യാഭ്യാസമെന്നത് ഒരു തുടര്‍ച്ചയാണ്. മെഡിക്കല്‍ വിദ്യാഭ്യാസത്തോടെ അവസാനിക്കുന്നതല്ല അത്.
ജനസംഖ്യയുടെ 60-80 ശതമാനവും സ്വകാര്യ മേഖലയെ ആശ്രയിച്ച് രോഗനിര്‍ണയവും ചികിത്സയും നടത്തുന്നവരാണ്. വരുമാനത്തിന്റെ നല്ലൊരു പങ്കും ഇതിലേക്കായി നീക്കിവയ്ക്കുന്നു. ഇന്ത്യയിലെ സ്വകാര്യ ചികിത്സാ മേഖലയുടെ ഒരു പ്രത്യേകത അത് പൊതുമേഖലയില്‍ വേരുകളാഴ്ത്തി പരമാവധി ചൂഷണം ചെയ്ത് ലാഭം കൊയ്യുന്നു എന്നുള്ളതാണ്. ലോകത്തിന്റെ മറ്റൊരിടത്തും കാണാത്ത പ്രത്യേകതയാണിത്.
ഇന്ത്യന്‍ മാര്‍ക്കറ്റിനെ മാത്രം ലക്ഷ്യമിട്ട് അന്താരാഷ്ട്ര വിപണിയിലെ മരുന്നുത്പാദന ശക്തികള്‍ പുറത്തിറക്കുന്ന ആരോഗ്യ സാഹിത്യവും ഇതര പരസ്യതന്ത്രങ്ങളും ഇതിന്റെ ഭാഗമാണ്. അതുകൊണ്ടുതന്നെ കഴിഞ്ഞ പത്തു വര്‍ഷത്തിനുള്ളില്‍ കേരളത്തില്‍ നിലവാരമില്ലാത്ത സ്വകാര്യ ആശുപത്രികളുടെ എണ്ണം 68 ശതമാനം വര്‍ധിച്ചതായി കണക്കുകള്‍ സാക്ഷ്യപ്പെടുത്തുന്നു. ഈ കാലഘട്ടത്തില്‍ തന്നെയാണ് പുതിയ മെഡിക്കല്‍ ടെക്‌നോളജിയുടെ ആവിര്‍ഭാവം എന്നോര്‍ക്കുക. ഇന്ന് ഇന്ത്യന്‍ വൈദ്യശാസ്ത്ര രംഗത്തെ പിടികൂടിയിരിക്കുന്ന ദുര്‍ഭൂതങ്ങളെ പിടിച്ചുകെട്ടാന്‍ നമ്മുടെ മുന്നില്‍ എന്ത് പോംവഴിയാണുള്ളതെന്നാണ് ഇനി ചിന്തിക്കാനുള്ളത്.
ഇന്ന് വിപണിയില്‍ നിരോധിക്കപ്പെട്ട സംയുക്തങ്ങള്‍ വരുന്ന മൂവായിരത്തിലേറെ മരുന്നുകള്‍ വിവിധ കമ്പനികള്‍ പല വ്യാപാര നാമങ്ങളില്‍ വിറ്റുവരുന്നുണ്ട്. ഈ മരുന്നുകളുടെയെല്ലാം ഏജന്റുമാരായിട്ടാണ് ചില ഡോക്ടര്‍മാര്‍ പ്രവര്‍ത്തിക്കുന്നത്. കാരണം, ഒരു രോഗി എപ്പോഴും ഡോക്ടറെയാണ് വിശ്വാസത്തിലെടുക്കുന്നത്. ഡോക്ടര്‍ വിഷം കുറിച്ചുകൊടുത്താലും അത് വാങ്ങി കുടിക്കുന്നവരാണ് രോഗികള്‍. അവര്‍ക്ക് വൈദ്യശാസ്ത്ര വിദ്യാഭ്യാസം ഇല്ല എന്നതുതന്നെ കാരണം. അപ്പോള്‍ സര്‍ക്കാര്‍ ആദ്യം ചെയ്യേണ്ടത് മരുന്നുകളുടെ ദോഷഫലങ്ങളെക്കുറിച്ചുള്ള ജനതയുടെ ബോധവത്കരണമാണ്. രോഗിയേക്കാള്‍ ഡോക്ടര്‍ക്കാണ് ഒരു മരുന്നിന്റെ ദൂഷ്യഫലങ്ങളെക്കുറിച്ച് അറിയാമെന്നിരിക്കെ, അത് മനഃപൂര്‍വം കുറിച്ചുകൊടുക്കുന്ന ഡോക്ടര്‍ കുറ്റക്കാരന്‍ തന്നെ. ഒരു സംസ്ഥാനത്ത് ഏതെങ്കിലും ഒരു മരുന്നിന് സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോള്‍ വിപണനത്തിന് അനുമതി കൊടുക്കുമ്പോള്‍ അത് ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ മുഴുക്കെ വിപണനം ചെയ്യുന്ന രീതി ഇന്ത്യയൊഴികെ മറ്റൊരു രാജ്യത്തും നിലനില്‍ക്കില്ല. അതായത്, ഭരണകൂടം മരുന്നു ഉത്പാദന കമ്പനികളുടെ ഒത്താശക്കാരായി മാറുന്ന സ്ഥിതിവിശേഷമാണ് ഇവിടെയുള്ളത്.