ബി.ജെ.പി പണം കൊടുത്ത് സര്‍ക്കാരുകളെ വീഴ്ത്തുന്നു: രാഹുല്‍ ഗാന്ധി

Posted on: March 20, 2016 4:57 pm | Last updated: March 21, 2016 at 11:50 am

rahul gandhiന്യൂഡല്‍ഹി: ബി.ജെ.പി പണം കൊടുത്ത് സര്‍ക്കാരുകളെ വീഴ്ത്തുകയാണെന്ന് കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മോദിയുടേയും ബി.ജെ.പിയുടേയും തനിനിറം വെളിവാക്കുന്നതാണ് ഉത്തരാഖണ്ഡിലെ പ്രതിസന്ധിയെന്ന് രാഹുല്‍ അഭിപ്രായപ്പെട്ടു. കോണ്‍ഗ്രസ് ഇതിനെതിരെ പോരാടുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാറിനെ കുതിരക്കച്ചവടത്തിലൂടെയും പണംകൊടുത്തും മസില്‍ പവര്‍ ഉപയോഗിച്ചും അട്ടിമറിക്കുന്ന രീതിയാണ് ബീഹാറിലെ പരാജയത്തിന് ശേഷം ബി.ജെ.പി പിന്തുടരുന്നതെന്ന് രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. ഭരണഘടനയ്ക്കും ജനാധിപത്യത്തിനുമെതിരായ ആക്രമണം ബി.ജെ.പി തുടരുകയാണ്. ആദ്യം അരുണാചല്‍പ്രദേശിലും ഇപ്പോള്‍ ഉത്തരാഖണ്ഡിലും ഇതാണ് സംഭവിയ്ക്കുന്നതെന്നും രാഹുല്‍ പറഞ്ഞു.

ഹാരിഷ് റാവത്തിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാറില്‍ നിന്ന് ഒന്‍പത് എം.എല്‍.എമാര്‍ രണ്ട് ദിവസം മുന്‍പ് വിമതരായത് സര്‍ക്കാറിനെ പ്രതിസന്ധിയിലാക്കിയിരുന്നു. ഇതേ തുടര്‍ന്ന്, മന്ത്രിസഭ പിരിച്ചു വിട്ട് പുതിയ സര്‍ക്കാര്‍ രൂപീകരിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷമായ ബി.ജെ.പി ഗവര്‍ണറെ സമീപിച്ചിരുന്നു.