Connect with us

International

തന്നെ പ്രസിഡന്റ് സ്ഥാനാര്‍ഥി ആക്കിയില്ലെങ്കില്‍ സംഘര്‍ഷമെന്ന് ട്രംപ്

Published

|

Last Updated

ന്യൂയോര്‍ക്ക്: തന്നെ പ്രസിഡന്റ് സ്ഥാനാര്‍ഥിയാക്കിയില്ലെങ്കില്‍ സംഘര്‍ഷമുണ്ടാകുമെന്ന് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ്. വരുന്ന ജൂലൈയില്‍ നടക്കുന്ന റിപ്പബ്ലിക്കന്‍ നാഷനല്‍ കണ്‍വെന്‍ഷനില്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിയാകുന്നതില്‍ പരാജയപ്പെട്ടാല്‍ തന്നെ പിന്തുണക്കുന്നവര്‍ അക്രമമുണ്ടാക്കുമെന്ന് സി എന്‍ എന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ട്രംപ് മുന്നറിയിപ്പ് നല്‍കി.

അത് സ്വയം തീരുമാനിക്കുന്നതല്ല എന്ന് നിങ്ങള്‍ പറയുമെന്ന് എനിക്ക് തോന്നുന്നില്ല, കലഹമുണ്ടായേക്കും, അനവധി മില്ല്യന്‍ ആളുകളെയാണ് ഞാന്‍ പ്രതിനിധീകരിക്കുന്നത്. ഇവരെ നിങ്ങള്‍ നിരാശരാക്കിയാല്‍ നിങ്ങള്‍ ഇതിന് മുമ്പ്കാണാത്ത രീതിയിലുള്ള പ്രശ്‌നങ്ങളെ അഭിമുഖീകരിക്കേണ്ടി വരും- ട്രംപ് പറഞ്ഞു.

അതിനിടെ ഒരു ബ്രിട്ടീഷ് ഗവേഷക സ്ഥാപനമായ ഇക്കണോമിക് ഇന്റലിജന്‍സ് യൂനിറ്റ് പുറത്തിറക്കിയ ആഗോള ഭീഷണികളുടെ പട്ടികയില്‍ ഡൊണാള്‍ഡ് ട്രംപിനെ ആദ്യ പത്തിലുള്‍പ്പെടുത്തി. ട്രംപ് അമേരിക്കന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടാല്‍ ട്രംപിന്റെ നിലപാടുകള്‍ ആഗോള സമ്പദ് വ്യവസ്ഥയേയും വ്യാപാരത്തേയും ദോഷകരമായി ബാധിക്കുമെന്നും കൂടുതല്‍ തീവ്രവാദ ആക്രമണങ്ങള്‍ക്ക് വഴിയോരുക്കുമെന്നുമുള്ള നിരീക്ഷണത്തെ തുടര്‍ന്നാണിത്. സ്വതന്ത്ര വ്യാപാരത്തിനെതിരേയും ചൈന, മെക്‌സിക്കോ മധേഷ്യന്‍ രാജ്യങ്ങള്‍ക്കെതിരെയുമുള്ള ട്രംപിന്റെ നിഷേധാത്മക നിലപാട് വ്യാപാര യുദ്ധത്തിനും തീവ്രവാദത്തിന്റെ വളര്‍ച്ചക്കും കാരണമായേക്കുമെന്ന് എക്കണോമിക് ഇന്റലിജന്‍സ് യൂനിറ്റ് വക്താക്കള്‍ പറഞ്ഞു.