യമന്‍ ആക്രമണം: സഊദിയെ കുറ്റപ്പെടുത്തി യു എന്‍ മനുഷ്യാവകാശ സംഘടന

Posted on: March 20, 2016 11:40 am | Last updated: March 20, 2016 at 11:40 am

yemenജനീവ: യമനില്‍ സഊദി അറേബ്യയുടെ നേതൃത്വത്തിലുള്ള സഖ്യസേന നടത്തുന്ന യുദ്ധക്കുറ്റങ്ങളില്‍ സഊദി അറേബ്യയാണ് ഉത്തരവാദികളെന്ന് യു എന്‍ മനുഷ്യാവകാശ സംഘടാനാ അധികൃതര്‍. യമനില്‍ ഈ ആഴ്ചയുണ്ടായ വ്യാമാക്രമണത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റിരുന്നു. ഇതിന്റെ ഉത്തരവാദികള്‍ സഊദി അറേബ്യയായിരിക്കുമെന്ന് മനുഷ്യാവകാശ കമ്മീഷണര്‍ സെയദ് റആദ് അല്‍ ഹുസൈന്‍ ആരോപിച്ചു. കഴിഞ്ഞ വര്‍ഷം തുടങ്ങിയ യുദ്ധത്തില്‍ ആറായിരം പേര്‍ ഇതുവരെ കൊല്ലപ്പെട്ടതായി അദ്ദേഹം പറഞ്ഞു.

മേഖലയില്‍ സഖ്യസേന നടത്തുന്ന പ്രധാനപ്പെട്ട സൈനിക നീക്കങ്ങളുടെ ഭാഗമായി മുമ്പത്തേക്കാള്‍ ആക്രമങ്ങള്‍ കുറഞ്ഞിട്ടുണ്ടെന്നും അനുകൂല സാഹചര്യമായ ഇപ്പോള്‍ സമാധാന ചര്‍ച്ചകള്‍ യു എന്‍ വീണ്ടും തുടങ്ങണമെന്ന് സഖ്യസേനാ വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ അഹമ്മദ് അല്‍ അസ്സേറി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
യുദ്ധം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ഹൂതി ഉന്നത തല ഓഫീസര്‍മാര്‍ സഊദിയില്‍ ഈ മാസം രഹസ്യ സന്ദര്‍ശനം നടത്തിയിരുന്നു. പ്രധാന യുദ്ധമുഖമായ അതിര്‍ത്തിയിലെ ആക്രമണങ്ങള്‍ അവസാനിപ്പിക്കണമെന്നും തടവുകാരെ കൈമാറാമെന്നും ഇവര്‍ ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ച വടക്കുപടിഞ്ഞാറന്‍ പ്രദേശമായ മുസ്തബയിലെ മാര്‍ക്കറ്റിലുണ്ടായ വ്യോമാക്രമണത്തില്‍ നൂറ് പേര്‍ കൊല്ലപ്പെട്ടിരുന്നു.

ഇത് യുദ്ധ ആക്രമണങ്ങളില്‍ ഏറ്റവും വെറുക്കപ്പെട്ട ആക്രമമാണെന്ന് മേഖലയിലെ ഒരു ഡോക്ടര്‍ യു എന്‍ പ്രതിനിധികളോട് പറഞ്ഞു. ഇത്തരം സംഭവങ്ങള്‍ ന്യായീകരിക്കാന്‍ കഴിയില്ല. സംഭവത്തെ കുറിച്ച് അന്വേഷിക്കുമെന്ന് ജനങ്ങള്‍ക്ക് ഉറപ്പ് നല്‍കിയിട്ടുണ്ട്, എന്നാല്‍ ഈ അന്വേഷങ്ങളില്‍ പുരോഗതിയില്ലെന്നും യു എന്‍ ഹൈ കമ്മീഷണര്‍ പ്രസ്താവനയില്‍ പറഞ്ഞു. സഖ്യസേനയിലെ അംഗങ്ങളുടെ മേല്‍ അന്താരാഷ്ട്ര കുറ്റം ചുമത്താന്‍ സാധിക്കുമോയെന്ന് ആരായുകയാണെന്നും അദ്ദേഹം പറഞ്ഞു.
യുദ്ധക്കുറ്റങ്ങളും മനുഷ്യാവകാശ ലംഘനങ്ങളും, ആക്രമണങ്ങളുമെല്ലാം അന്താരാഷ്ട്ര കുറ്റത്തിന്റെ പരിധിയില്‍ വരും. സന്‍ആയില്‍ ഹൂതി നിയന്ത്രണ മേഖലയില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കില്ലെന്നും യുദ്ധമുഖത്തുള്ള യമന്‍ സൈന്യത്തില്‍ നിന്നുമാണ് വിവരങ്ങള്‍ ശേഖരിക്കുകയെന്നും അസീറി പറഞ്ഞു.