സംസ്ഥാനത്ത് സമഗ്ര വനസര്‍വേ നടന്നില്ല

Posted on: March 20, 2016 2:49 am | Last updated: March 19, 2016 at 11:51 pm

western Ghatsകണ്ണൂര്‍: ലോകത്ത് പ്രതിദിനം 350 ചതുരശ്ര കി. മീറ്റര്‍ വനം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നുണ്ടെന്ന ആശങ്കാ ജനകമായ യു എന്‍ കണക്ക് പുറത്തുവരുമ്പോഴും കേരളത്തിലെ വനവിസ്തൃതി കൃത്യമായി കണ്ടെത്താന്‍ സംസ്ഥാന സര്‍ക്കാറിന് കഴിഞ്ഞില്ല.
രാജ്യത്തെ പല സംസ്ഥാനങ്ങളും നൂതന സാങ്കേതിക വിദ്യയുപയോഗിച്ച് വന വിസ്തൃതി കണ്ടെത്തുമ്പോഴാണ് കേരളം വെറുമൊരു പേരിന് പഴയ മാതൃകയിലുള്ള കണക്കെടുപ്പ് നടത്തുന്നത്. ഫോറസ്റ്റ് സര്‍വേ ഓഫ് ഇന്ത്യ പുറത്തുവിടുന്ന കണക്കുകളിലൂടെ മാത്രമാണ് കേരളത്തിന്റെ വനവിസ്തൃതി എത്രയാണെന്ന വിവരം ലഭിക്കുന്നതിനുള്ള ഏക മാര്‍ഗം. എന്നാല്‍ ഇത് കൃത്യമായി കേരളത്തില്‍ എത്ര കാടുണ്ട് എന്ന വിവരം നല്‍കാനുതകില്ലെന്നാണ് പരിസ്ഥിതി ഗവേഷകര്‍ തന്നെ ചൂണ്ടിക്കാട്ടുന്നത്. കേന്ദ്ര സര്‍ക്കാര്‍ രണ്ട് വര്‍ഷത്തിലൊരിക്കലാണ് ഉപഗ്രഹ സര്‍വേ നടത്താറുള്ളത്. ഇത്തരത്തില്‍ നടത്തുന്ന സര്‍വേ വാസ്തവത്തില്‍ പച്ചപ്പുകളാണ് കണ്ടെത്തുന്നത്.
അതില്‍ റബര്‍ ഉള്‍പ്പെടെയുളള വിളകളും കാടായി പരിഗണിക്കപ്പെടും. ഇതിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രം കേരളത്തിന്റെ വനവിസ്തൃതി പ്രഖ്യാപിക്കുന്നത്. എന്നാല്‍ കേന്ദ്രം കണ്ടെത്തിയതിനേക്കാള്‍ എത്രയോ കുറവായിരിക്കും കേരളത്തിലെ കാടിന്റെ വിസ്തൃതി. വനം കൈയേറ്റം, ഏക വിള-ബഹുവിള തോട്ടങ്ങളുടെ വ്യാപനം തുടങ്ങിയവയെല്ലാം സംസ്ഥാനത്ത് തകൃതിയാണ്. ഇതെല്ലാമുണ്ടായിട്ടും കേരളത്തിലെ വനവിസ്തൃതി കൂടുന്നുവെന്ന റിപ്പോര്‍ട്ടാണ് പുറത്തു വരുന്നത്.
കേരള വന ഗവേഷണ ഇന്‍സ്റ്റിറ്റിയൂട്ടടക്കം നേരത്തെ തന്നെ പുതിയ സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കണമെന്ന് നിര്‍ദേശിച്ചിരുന്നെങ്കിലും ബന്ധപ്പെട്ടവര്‍ ഇക്കാര്യത്തില്‍ അനുകൂല തീരുമാനമെടുത്തില്ല. ടോട്ടല്‍ സ്‌റ്റേഷന്‍ എന്ന പേരിലുള്ള ഡിജിറ്റല്‍ സര്‍വേ നടത്തണമെന്നാണ് ഗവേഷണ ഇന്‍സ്റ്റിറ്റിയൂട്ട് നിര്‍ദേശിച്ചത്.
ഇതിനായി 20 ലക്ഷത്തിന്റെ ഉപകരണങ്ങള്‍ മാത്രമേ വേണ്ടതുള്ളൂവെന്നാണ് പറയുന്നത്. സംസ്ഥാനത്തെ വനമേഖലയെക്കുറിച്ച് നൂതന സാങ്കേതിക വിദ്യയുപയോഗിച്ച് സമഗ്ര സര്‍വേ നടത്തേണ്ടതുണ്ടെന്നാണ് ഗവേഷക പക്ഷം. സംസ്ഥാനത്ത് ഇപ്പോള്‍ അതിപ്രാചീനമായ കോമ്പസ് സര്‍വേ രീതിയാണ് നടത്തുന്നത്. അതേ സമയം സംസ്ഥാനത്ത് സമഗ്ര വനം സര്‍വേ നടത്തിയത് എന്നാണെന്ന കാര്യം ഔദ്യോഗികമായി പറയാന്‍ ഇപ്പോഴും ബന്ധപ്പെട്ടവര്‍ തയ്യാറാകുന്നില്ല. അവിടവിടങ്ങളില്‍ കാടുകളെക്കുറിച്ച് നടത്തുന്ന കണക്കെടുപ്പുകളേ ഇപ്പോഴുള്ളു. സംസ്ഥാന സര്‍ക്കാരുകള്‍ നല്‍കുന്ന കണക്കുകള്‍ക്കു പുറമേ ഫോറസ്റ്റ് സര്‍വേ ഓഫ് ഇന്ത്യയുടെ ഉപഗ്രഹ സര്‍വേയുമായി താരതമ്യം ചെയ്താണ് കേന്ദ്രം റിപ്പോര്‍ട്ടു തയ്യാറാക്കുന്നത്. എന്നാല്‍ ഉപഗ്രഹ സര്‍വേയുടെ നിലവിലുളള സംവിധാനത്തിലെ അപര്യാപ്തതക്ക് പുറമേ സംസ്ഥാന സര്‍ക്കാര്‍ കൊടുക്കുന്ന കണക്കിലെ സൂക്ഷ്മതയില്ലായ്മയും ചേര്‍ത്തുവെക്കുമ്പോള്‍ ഒട്ടും യാഥാര്‍ഥ്യമില്ലാത്ത കണക്കുകളാണ് സംസ്ഥാനത്തെ വനമേഖലയെക്കുറിച്ചുള്ളൂ.
സംസ്ഥാന വനം വകുപ്പിന്റെ ഔദ്യോഗിക കണക്കു പ്രകാരം 1977നു ശേഷം 68.07 ഹെക്ടര്‍ ച കി മീ വനഭൂമി കൈയേറ്റത്തിലൂടെ മാത്രം നഷ്ടമായിട്ടുണ്ട്. എന്നാല്‍ പിന്നീടുണ്ടായ ചില വര്‍ഷങ്ങളില്‍ വനവിസ്തൃതി കൂടുന്നതായാണ് കേന്ദ്ര കണക്ക് .കേരളത്തിലെ വനഭൂമി കൈയേറിയെന്ന വാര്‍ത്തകള്‍ ദിനംപ്രതി വരുമ്പോഴും സംസ്ഥാനത്തെ യഥാര്‍ഥ വനവിസ്തൃതി എത്രയെന്നതിനു കൃത്യമായ കണക്കില്ല. ഫോറസ്റ്റ് സര്‍വേ ഓഫ് ഇന്ത്യ പുറത്തുവിട്ട പുതിയ കണക്കുകളില്‍ കേരളത്തില്‍ വനമേഖലയില്‍ 622 ചതുരശ്ര കിലോമീറ്ററിന്റെ വര്‍ധനയുണ്ട്. 2011 കേരളത്തിന്റെ വനവിസ്തൃതി 17,300 ചതുരശ്ര കിലോമീറ്ററായിരുന്നു. എന്നാല്‍ ഇത് 2013 ഓടെ 17,922 ചതുരശ്ര കിലോമീറ്ററായി ഉയര്‍ന്നു എന്ന് ഫോറസ്റ്റ് സര്‍വേ ഓഫ് ഇന്ത്യ കണ്ടെത്തി.
ഇതില്‍ നിബിഡവനത്തിന്റെ വിസ്തൃതി 87 ചതുരശ്ര കിലോമീറ്ററും, ഇടത്തരം വനത്തിന്റേത് 7 ചതുരശ്ര കിലോമീറ്ററും. തുറന്ന വനത്തിന്റെ വിസ്തൃതി 528 ചതുരശ്ര കിലോമീറ്ററുമാണ് വര്‍ധിച്ചത്. വനത്തിന് പുറത്തുള്ള മരങ്ങളുടെ വിസ്തൃതിയിലുണ്ടായ വര്‍ധനയാണ് ആ വര്‍ധനക്ക് കാരണം.വനവിസ്തൃതി സംബന്ധിച്ച് കേരളം കേന്ദ്രത്തിന് സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ടുകളെച്ചൊല്ലി വലിയ വിവാദങ്ങളുമുണ്ടാകാറുണ്ട്. പഴയ സമ്പ്രദായമനുസരിച്ചുള്ള സര്‍വേ പ്രകാരം റിസര്‍വ് വന വിസ്തൃതി കേന്ദത്തെ അറിയിക്കുന്നതാണ് വിവാദത്തിനിടയാക്കാറുള്ളത്. കൈയേറ്റങ്ങള്‍ക്ക് നിയമപ്രാബല്യം കൊടുക്കാണ് സര്‍വേ തെറ്റിക്കുന്നതെന്നാണ് പലപ്പോഴും ഉയരാറുള്ള വാദം.