കോടതികള്‍ പേപ്പര്‍രഹിതമാകുന്നു

Posted on: March 19, 2016 7:26 pm | Last updated: March 19, 2016 at 7:26 pm

ദോഹ: രാജ്യത്തെ കോടതികള്‍ ഉടന്‍ പേപ്പര്‍രഹിതമാകും. എല്ലാ കോടതികളും പൂര്‍ണമായും ഇലക്‌ട്രോണിക്‌വത്കരിക്കും. ജുഡീഷ്യറി സുപ്രീം കൗണ്‍സിലിലെ സാങ്കേതിക ഓഫീസ് ഉപദേഷ്ടാവും ജഡ്ജിയുമായ ഡോ. ഹസന്‍ അല്‍ മുഹന്നദിയാണ് ഇക്കാര്യം വെളിപ്പെടുത്തിയതെന്ന് ഖത്വര്‍ ട്രിബ്യൂണ്‍ റിപ്പോര്‍ട്ട് ചെയ്തു.
എല്ലാ കേസുകളും ഇലക്‌ട്രോണിക് സംവിധാനത്തില്‍ സൂക്ഷിക്കാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. കോടതിയിലെ ക്ലര്‍ക്കുമാര്‍ കേസുകളുടെ പേപ്പറുകള്‍ സ്‌കാന്‍ ചെയ്യുന്ന ജോലിയില്‍ വ്യാപൃതരാണ്. ആറ് മാസത്തോളമായി ഈ പ്രവൃത്തികള്‍ തുടങ്ങിയിട്ട്.
എഴുപത് ശതമാനം കേസുകളും ഇലക്‌ട്രോണിക് സംവിധാനത്തില്‍ സൂക്ഷിച്ചിട്ടുണ്ട്. പുതിയ കേസുകള്‍ ഇലക്‌ട്രോണിക് സംവിധാനത്തില്‍ ആണ് രേഖപ്പെടുത്തുന്നത്. പേപ്പര്‍ ഇടപാടുകള്‍ ഇല്ലാതാക്കി രാജ്യത്തെ കോടതികള്‍ സാങ്കേതികവിദ്യാ മേഖലയില്‍ വന്‍ പുരോഗതിയുടെ പാതയിലാണ്.
എസ് എം എസ്, ഇന്റര്‍നെറ്റ്, ഇ പേയ്‌മെന്റ് സംവിധാനങ്ങളും ഇതിനെതുടര്‍ന്ന് ഏര്‍പ്പെടുത്തും. കോടതി സേവനങ്ങളുടെ കാര്യക്ഷമത വര്‍ധിപ്പിക്കാനും പൊതുജനങ്ങളുമായി എപ്പോഴും സമ്പര്‍ക്കം പുലര്‍ത്താനും സാധിക്കും.
നിലവില്‍ ഹരജിക്കാര്‍ക്ക് തങ്ങളുടെ കേസുകളെ സംബന്ധിച്ചും തീയതികളും മറ്റും ജുഡീഷ്യല്‍ സുപ്രീം കൗണ്‍സിലിന്റെ വെബ്‌സൈറ്റിലൂടെ അറിയാന്‍ സാധിക്കും.
എല്ലാ നിയമ വിദഗ്ധരുടെ വിവരങ്ങളും ലഭിക്കും. ആവശ്യമായ വിവരങ്ങള്‍ ഗവണ്‍മെന്റ് കോണ്ടാക്ട് സെന്ററിലെ ഡാറ്റാബേസില്‍ സൂക്ഷിച്ചുവെക്കാനും ജുഡീഷ്യറി സുപ്രീം കൗണ്‍സിലിന്റെ വെബ്‌സൈറ്റുമായി ബന്ധിപ്പിക്കാനും ആവശ്യമായ എല്ലാ ആശയവിനിമയങ്ങളും മറ്റു നടപടികളും പ്രൊജക്ട് ടീമുകളുമായി കോടതി വകുപ്പുകള്‍ നടത്തിയിട്ടുണ്ട്.