സീറ്റ് വിഭജനം പൂര്‍ത്തിയായില്ല; ഇന്ന് വീണ്ടും ചര്‍ച്ച

Posted on: March 19, 2016 6:00 am | Last updated: March 19, 2016 at 12:06 pm

voteതിരുവനന്തപുരം: യു ഡി എഫിലെ സീറ്റ് വിഭജനം പൂര്‍ത്തിയാകാത്ത സാഹചര്യത്തില്‍ സ്ഥാനാര്‍ഥി നിര്‍ണയത്തിന് ഇന്ന് ചേരാന്‍ നിര്‍ദേശിച്ച കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് സമിതി യോഗം തിങ്കളാഴ്ചയിലേക്ക് മാറ്റി. തിങ്കളാഴ്ചയോടെ യു ഡി എഫിലെ സീറ്റ് വിഭജനം പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ് നേതൃത്വം. മുസ്‌ലിം ലീഗും സി എം പിയും ഒഴികെയുള്ള ഒരു പാര്‍ട്ടികളുമായും ഇനിയും ധാരണയിലെത്താന്‍ കഴിഞ്ഞിട്ടില്ല.
കായംകുളം സീറ്റിന് വേണ്ടി പിടിമുറുക്കുന്ന ജെ ഡി യുവിന് ആലപ്പുഴ ജില്ലയില്‍ ഒരു സീറ്റാണ് കോണ്‍ഗ്രസ് നല്‍കുന്ന വാഗ്ദാനം. അമ്പലപ്പുഴ നല്‍കുമെന്നാണ് സൂചന. മട്ടന്നൂര്‍, നെന്മാറ, നേമം മണ്ഡലങ്ങളില്‍ രണ്ടെണ്ണം ജെ ഡി യുവില്‍ നിന്ന് തിരിച്ചെടുക്കാമെന്ന് കോണ്‍ഗ്രസ് സമ്മതിച്ചു. പകരമായി ചോദിക്കുന്നത് കായംകുളം, കോവളം ചാലക്കുടി സീറ്റുകളാണ്. എന്നാല്‍, നേമത്ത് ജെ ഡി യു തന്നെ മത്സരിക്കണമെന്നും സാമുദായിക പരിഗണന കണക്കിലെടുത്ത് കായംകുളം സീറ്റ് നല്‍കാനാകില്ലെന്നും കോണ്‍ഗ്രസ് വ്യക്തമാക്കിയിട്ടുണ്ട്. നേമത്ത് ശക്തനായ സ്ഥാനാര്‍ഥിയെ രംഗത്തിറക്കണമെന്ന് ജെ ഡി യുവിനോട് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്. അങ്കമാലി സീറ്റ് കേരളാ കോണ്‍ഗ്രസ് ജേക്കബിന് നല്‍കില്ലെന്ന നിലപാടില്‍ തന്നെയാണ് കോണ്‍ഗ്രസ്. പകരം ഇടുക്കിയിലെ പീരുമേടോ ഉടുമ്പന്‍ചോലയോ പരിഗണിക്കുന്നു. അങ്കമാലി വിട്ടുനല്‍കാനാകില്ലെന്ന നിലപാടില്‍ ജേക്കബ് വിഭാഗം ഉറച്ചുനിന്നതോടെയാണ് നേരത്തെ നടത്തിയ ചര്‍ച്ച അലസിപ്പിരിഞ്ഞത്. 21ന് വീണ്ടും ചര്‍ച്ച ചെയ്യാമെന്നാണ് ധാരണ. ജെ ഡി യു, കേരളാ കോണ്‍ഗ്രസ് ജേക്കബ് കക്ഷികളുമായി തിങ്കളാഴ്ച വീണ്ടും ചര്‍ച്ച നടത്തും.
സീറ്റിന്റെ കാര്യത്തില്‍ ഇടഞ്ഞുനില്‍ക്കുന്ന കേരളാ കോണ്‍ഗ്രസ് എമ്മുമായി ഇന്ന് വീണ്ടും ചര്‍ച്ച നടക്കും. മൂന്ന് സീറ്റ് അധികം വേണമെന്ന മാണി ഗ്രൂപ്പിന്റെ ആവശ്യം അംഗീകരിക്കേണ്ടതില്ലെന്നാണ് കോണ്‍ഗ്രസിന്റെ നിലപാട്. മാണി വിഭാഗം കടുത്ത സമ്മര്‍ദം തുടര്‍ന്നാലും നിലപാട് മയപ്പെടുത്താന്‍ കോണ്‍ഗ്രസ് തയ്യാറായേക്കില്ല. മാണി ഗ്രൂപ്പില്‍ നിന്ന് ഫ്രാന്‍സിസ് ജോര്‍ജിന്റെ നേതൃത്വത്തില്‍ ഒരുവിഭാഗം വിട്ടുപോയ സാഹചര്യത്തില്‍ കൂടുതല്‍ സീറ്റ് നല്‍കേണ്ടെന്നാണ് കോണ്‍ഗ്രസിന്റെ തീരുമാനം. ആര്‍ എസ് പിക്ക് അഞ്ച് സീറ്റെന്ന കാര്യത്തില്‍ ഏകദേശ ധാരണയായിട്ടുണ്ട്.
സ്ഥാനാര്‍ഥി നിര്‍ണയത്തിനുള്ള കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് സമിതി യോഗം തിങ്കളാഴ്ച വൈകീട്ട് അഞ്ചിന് ഇന്ദിരാഭവനില്‍ ചേരുമെന്ന് കെ പി സി സി പ്രസിഡന്റ് വി എം സുധീരന്‍ അറിയിച്ചു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക സംബന്ധിച്ച് അന്തിമരൂപം നല്‍കുന്നതിന് വേണ്ടിയാണ് യോഗം ചേരുന്നത്. പരമാവധി മണ്ഡലങ്ങളില്‍ ഒറ്റപ്പേര് ആക്കിയശേഷം സ്ഥാനാര്‍ഥി പട്ടിക ഹൈക്കമാന്‍ഡിന് കൈമാറാനാണ് ഉദ്ദേശിക്കുന്നത്. എന്നാല്‍, സിറ്റിംഗ് എം എല്‍ എമാരുടെ മണ്ഡലങ്ങളില്‍ ഒറ്റപ്പേര് നിര്‍ദേശിക്കണമെന്ന നിബന്ധനയില്ലെന്നും ഹൈക്കമാന്‍ഡ് അറിയിച്ചിട്ടുണ്ട്. സീറ്റ് ചര്‍ച്ചകള്‍ക്കായി തിങ്കളാഴ്ച രാവിലെ യു ഡി എഫ് ഉന്നതാധികാരസമിതിയും യോഗം ചേരും. അന്ന് അന്തിമധാരണയാകുന്നില്ലെങ്കില്‍ ചൊവ്വാഴ്ചകൂടി ചര്‍ച്ച നടത്തി ധാരണയുണ്ടാക്കാനാണ് നേതൃത്വത്തിന്റെ നീക്കം.