Connect with us

Gulf

ജി സി സിയിലെ പ്രമുഖ കമ്പനികള്‍ തൊഴിലാളികളെ പിരിച്ചുവിട്ടേക്കും

Published

|

Last Updated

മസ്‌കത്ത്: ഊര്‍ജം, നിര്‍മാണം മേഖലകളില്‍ ആയിരിക്കും കൂടുതല്‍ തൊഴില്‍ നഷ്ടമുണ്ടാകുക. തൊഴില്‍ കമ്പോളത്തിലെ വിദഗ്ധരുടെ അഭിപ്രായങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. സഊദി അറേബ്യയിലെ കമ്പനികളായിരിക്കും കൂടുതല്‍ തൊഴിലാളികളെ പിരിച്ചുവിടുക. പുതുതായി ജോലിക്ക് എടുക്കുന്നതില്‍ കുറവുണ്ടാകും.

700 തൊഴിലുടമകളുടെയും 25000 പ്രൊഫഷനലുകളുടെയും അഭിപ്രായം മാനിച്ചാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. സഊദിയിലെ കമ്പനികള്‍ 14 ശതമാനം തൊഴിലാളികളെ പിരിച്ചുവിടുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഒമാനില്‍ പത്തും യു എ ഇയില്‍ ഒമ്പതും ഖത്വറില്‍ എട്ടും ശതമാനം തൊഴിലാളികളെ പിരിച്ചുവിടും. കുവൈത്ത്, ബഹ്‌റൈന്‍ എന്നിവിടങ്ങളില്‍ നിന്ന് കണക്ക് കിട്ടിയിട്ടില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

ചെലവ് ചുരുക്കല്‍ നയത്തിന്റെ ഭാഗമായാണ് ഇത്. ഈ വര്‍ഷം ഇതുവരെ യു എ ഇയിലെ നിര്‍മാണ മേഖലയില്‍ നൂറിലധികം പിരിച്ചുവിടലുകള്‍ ഉണ്ടായിട്ടുണ്ട്. യു എ ഇയിലെ ചില നിര്‍മാണ കമ്പനികള്‍ ഉയര്‍ന്ന പ്രൊഫഷനുകളില്‍ സ്വദേശികളെ കൂടുതലായി തിരഞ്ഞെടുക്കുന്ന പ്രവണതയുമുണ്ട്. കൊമേഴ്‌സ്യല്‍, സെയില്‍സ് ടീമുകളെയാണ് കൂടുതല്‍ റിക്രൂട്ട് ചെയ്യുന്നത്. റിപ്ലേസ്‌മെന്റ് ഹയറിംഗില്‍ കേന്ദ്രീകരിച്ചായിരിക്കും റിക്രൂട്ട്‌മെന്റ് ഉണ്ടാകുക. അതേസമയം, ഈ വര്‍ഷം ജി സി സി രാഷ്ട്രങ്ങളുടെ കറന്‍സി മൂല്യത്തില്‍ സ്ഥിരതയുണ്ടാകും.

മാത്രമല്ല, സാമ്പത്തിക വളര്‍ച്ചയില്‍ അനുകൂല പ്രവണതയാണ് ദൃശ്യമാകുക. അടിയന്തര ഘട്ടങ്ങളിലെ നിക്ഷേപത്തിന് കരുതല്‍ ധനമാകും സര്‍ക്കാറുകള്‍ ഉപയോഗിക്കുക. ചില്ലറ വില്‍പ്പന അടക്കമുള്ള ചില മേഖലകളില്‍ മാത്രമാണ് നിയന്ത്രിത ആഘാതം ഉണ്ടാകുക. മെഡിക്കല്‍ അടക്കമുള്ള മറ്റ് വ്യവസായ മേഖലകളില്‍ തൊഴിലവസരങ്ങള്‍ ഏറെയുണ്ടാകും. ആരോഗ്യ രക്ഷാ മേഖലയിലെ പത്തില്‍ ഏഴ് കമ്പനികളിലും (68 ശതമാനം) തൊഴിലവസരങ്ങള്‍ ഉണ്ടാകും.