Connect with us

Kozhikode

നേതൃത്വത്തിനെതിരെ പടപ്പുറപ്പാടുമായി താമരശ്ശേരിയില്‍ ലീഗ് വിമത കൂട്ടായ്മ

Published

|

Last Updated

താമരശ്ശേരി: മുസ്‌ലിം ലീഗ് നേതൃത്വത്തിനെതിരെ പടപ്പുറപ്പാടുമായി താമരശ്ശേരിയില്‍ വിമത കൂട്ടായ്മ. നേതൃത്വത്തിന്റെ നിലപാടുകളില്‍ പ്രതിഷേധിച്ച് പാര്‍ട്ടി വിട്ട എസ് ടി യു നേതാവിന്റെ നേതൃത്വത്തിലാണ് മുസ്‌ലിം ലീഗിലെ അസംതൃപ്തര്‍ പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചത്. ഇന്നലെ വൈകിട്ട് രാജീവ് ഗാന്ധി ഓഡിറ്റോറിയത്തില്‍ നടന്ന കണ്‍െവന്‍ഷനില്‍ പലപ്പോഴായി മുസ്‌ലിംലീഗില്‍ നിന്ന് അകന്ന നൂറ്റി അന്‍പതോളം പേര്‍ പങ്കെടുത്തു.

സിറ്റിംഗ് എം എല്‍ എ വി എം ഉമ്മര്‍ മാസ്റ്റര്‍ക്ക് കൊടുവള്ളിയില്‍ അവസരം നല്‍കാത്തതിലും എം എ റസാഖ് മാസ്റ്ററെ സ്ഥാനാര്‍ഥിയാക്കിയതിലും പ്രവര്‍ത്തകര്‍ക്കിടയിലുള്ള അമര്‍ഷമാണ് പ്രതിഷേധ കൂട്ടായ്മയിലെത്തിയത്.
താമരശ്ശേരി പഞ്ചായത്ത് മുസ്‌ലിം ലീഗ് സെക്രട്ടറി, എസ് ടി യു മണ്ഡലം പ്രസിഡന്റ്, തോട്ടം തൊഴിലാളി യൂനിയന്‍(എസ് ടി യു) ജില്ലാ പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച വി കെ മുഹമ്മദ് കുട്ടിമോന്‍ കഴിഞ്ഞ ദിവസം മുസ്‌ലിം ലീഗില്‍ നിന്ന് രാജിവെച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് വിമത കൂട്ടായ്മ സംഘടിപ്പിച്ചത്. താമരശ്ശേരി, കട്ടിപ്പാറ പഞ്ചായത്തുകളില്‍ നിന്നുള്ള നൂറോളം മുസ്‌ലിം ലീഗ് പ്രവര്‍ത്തകരും പഞ്ചായത്ത് തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് പാര്‍ട്ടി വിട്ടവരും വിമത കൂട്ടായ്മയില്‍ പങ്കെടുത്തത് നേതൃത്വത്തെ ഞെട്ടിച്ചു.

വി എം ഉമ്മര്‍ മാസ്റ്ററെ തിരുവമ്പാടിയിലേക്ക് മാറ്റിയതിലുള്ള അമര്‍ഷമാണ് ഉമ്മര്‍ മാസ്റ്ററുടെ തട്ടകത്തില്‍ നടന്ന പ്രതിഷേധ കൂട്ടായ്മയില്‍ പ്രകടമായത്.
നേരത്തെ കൊടുവള്ളിയില്‍ കാരാട്ട് അബ്ദുല്‍ റസാഖിന്റെ വീട്ടില്‍ നടന്ന പ്രവര്‍ത്തക കണ്‍വെന്‍ഷനിലും ശക്തിപ്രകടനത്തിലും മുസ്‌ലിം ലീഗ്, യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ നൂറുകണക്കിനാളുകള്‍ പങ്കെടുത്തിരുന്നു. എല്‍ ഡി എഫ് പിന്തുണക്കുന്ന സ്വതന്ത്ര സ്ഥാനാര്‍ഥി കാരാട്ട് അബ്ദുല്‍ റസാഖിന്റെ വിജയത്തിനായി പ്രവര്‍ത്തിക്കാന്‍ കണ്‍െവന്‍ഷന്‍ ആഹ്വാനം ചെയ്തു. അഡ്വ. പി ടി എ റഹീമിനൊപ്പം മുസ്‌ലിം ലീഗ് വിട്ട വായോളി മുഹമ്മദ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. വി കെ മുഹമ്മദ് കുട്ടിമോന്‍ അധ്യക്ഷത വഹിച്ചു. ഒ പി ഐ കോയ, എ പി മുസ്തഫ, സകരിയ്യ എളേറ്റില്‍, റഫീഖ് സകരിയ്യ പ്രസംഗിച്ചു.

Latest