രാജ്യത്ത് വില്‍ക്കുന്ന പാലില്‍ 68 ശതമാനവും മായം ചേര്‍ത്തതെന്ന് കേന്ദ്രം

Posted on: March 17, 2016 1:39 pm | Last updated: March 18, 2016 at 9:11 am

MILKന്യൂഡല്‍ഹി: രാജ്യത്ത് വില്‍ക്കപ്പെടുന്ന പാലില്‍ 68 ശതമാനവും മായം ചേര്‍ത്തതും ഭക്ഷ്യസുരക്ഷാ വകുപ്പ് നിര്‍ദേശങ്ങള്‍ പാലിക്കാത്തതുമാണെന്ന് കേന്ദ്രം. ശാസ്ത്ര സാങ്കേതിക മന്ത്രി ഹര്‍ഷ വര്‍ധനാണ് ലോക്‌സഭയില്‍ ഇക്കാര്യം അറിയിച്ചത്.

മനുഷ്യ ശരീരത്തില്‍ അത്യന്തം അപകടരമായ സോപ്പ്, കാസ്റ്റിക് സോഡ, ഗ്ലൂക്കോസ്, വൈറ്റ് പെയിന്റ് തുടങ്ങിയവ ചേര്‍ത്ത മായമുള്ള പാലാണ് രാജ്യത്ത് ഏറെയും വില്‍ക്കപ്പെടുന്നത്. പാലില്‍ മാരക രാസവസ്തുക്കള്‍ ചേര്‍ക്കുന്നുണ്ടെന്നു സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ 40 സെക്കന്റ് കൊണ്ട് പാലിലെ മായം തിരിച്ചറിയാന്‍ പറ്റുന്ന അത്യാധുനിക ഉപകരണം രാജ്യത്ത് വികസിപ്പിച്ചെടുത്തതായി മന്ത്രി ചോദ്യോത്തര വേളയില്‍ അറിയിച്ചു.

സ്‌കാനറുകള്‍ക്ക് ഇപ്പോള്‍ കൂടിയ വിലയാണെങ്കിലും ഓരോ പരിശോധന ക്കും 10 പൈസ മാത്രമേ ചെലവ് വരികയുള്ളുവെന്നും അദ്ദേഹം പറഞ്ഞു. പാലിലെ മായം കണ്ടെത്താന്‍ നേരത്തെ വ്യത്യസ്തമായ പരിശോധനകള്‍ ആവശ്യമായിരുന്നു. ഓരോ മായവും പരിശോധിക്കാന്‍ വ്യത്യസ്തമായ കെമിക്കലുകളും ഉപയോഗിക്കേണ്ടി വന്നു. എന്നാല്‍ ഇപ്പോള്‍ കണ്ടുപിടിച്ച സ്‌കാനര്‍കൊണ്ട് പാലിലെ എല്ലാ മായവും കണ്ടെത്താന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.