Connect with us

Articles

വിജയ് മല്യക്ക് യാത്രാമംഗളം നേര്‍ന്നത് ആരൊക്കെ ചേര്‍ന്നാണ്?

Published

|

Last Updated

രാഷ്ട്രസമ്പത്ത് കവര്‍ച്ച ചെയ്യുന്ന അഴിമതിക്കാരെയും സാമ്പത്തിക കുറ്റവാളികളെയും രക്ഷിക്കുന്ന ഭരണമാണ് മോദി സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ഐ പി എല്‍ കുംഭകോണത്തില്‍ പ്രതിയായി ഇന്ത്യന്‍ കുറ്റാനേ്വഷണ ഏജന്‍സികള്‍ അനേ്വഷിക്കുന്ന ലളിത് മോദിയെ സഹായിക്കാന്‍ മോദി സര്‍ക്കാര്‍ നടത്തിയ നീക്കങ്ങള്‍ വിവാദപരമായതാണല്ലോ. ഇപ്പോഴിതാ ശതകോടിക്കണക്കിന് രൂപ പൊതുമേഖലാ ബേങ്കുകളില്‍ നിന്ന് തട്ടിയെടുത്ത് ബേങ്കുകളെ കിട്ടാക്കടത്തില്‍ പെടുത്തിയ സാമ്പത്തിക കുറ്റവാളി വിജയ്മല്യ മോദി സര്‍ക്കാറിന്റെ ഒത്താശയോടെ രാജ്യം വിട്ടിരിക്കുന്നു.

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും സി ബി .ഐയും കേസെടുത്തിരിക്കുന്ന രാജ്യസഭാ അംഗം കൂടിയായിട്ടുള്ള വിജയ്മല്യ ഉന്നത അധികാര കേന്ദ്രങ്ങളുടെ സഹായമില്ലാതെ എങ്ങനെയാണ് ലണ്ടന്‍ നഗരത്തിലെ തന്റെ സുഖവാസ മന്ദിരത്തിലെത്തിയത്?
9,000 കോടിയുടെ വായ്പാകുടിശ്ശിക വരുത്തിയതിന് സ്റ്റേറ്റ് ബേങ്ക് ഓഫ് ഇന്ത്യ, പഞ്ചാബ് നാഷനല്‍ ബേങ്ക്, ഇന്‍ഡസ്ട്രിയല്‍ ഡവലപ്പ്‌മെന്റ് ബേങ്ക് ഓഫ് ഇന്ത്യ തുടങ്ങി 17 ബേങ്കുകളുടെ കണ്‍സോര്‍ഷ്യം വിജയ്മല്യ രാജ്യം വിടുന്നത് തടയണമെന്ന് നേരത്തെ തന്നെ നരേന്ദ്ര മോദി സര്‍ക്കാറിനോട് ആവശ്യപ്പെട്ടതാണ്.

പിന്നീട് ബേങ്കുകള്‍ കോടതിയോട് തന്നെയും മല്യ രാജ്യം വിടാനുള്ള നീക്കങ്ങള്‍ തടയണമെന്ന് ആവശ്യപ്പെട്ടു. മദ്യ രാജാവായ മല്യ പഴയ കിംഗ്ഫിഷര്‍ വിമാനക്കമ്പനിയുടെ ഉടമയാണ്. കിംഗ്ഫിഷര്‍ എയര്‍ലൈന്‍സിന്റെയടക്കം ഉടമസ്ഥതയുള്ള മല്യയുടെ യുബി ഗ്രൂപ്പിന് പൊതുമേഖലാ ബേങ്കുകള്‍ കൊടുത്ത 9,000 കോടിയുടെ കടമാണ് കിട്ടാക്കടമായി മാറിയത്. ഇന്ത്യയില്‍ 11 ലക്ഷം കോടി രൂപയുടെ എന്‍ പി എ (കിട്ടാക്കടം) പൊതുമേഖലാ ബേങ്കുകള്‍ക്കുണ്ട്. ഇതില്‍ ഒരു ലക്ഷം കോടി രൂപ മോദി സര്‍ക്കാര്‍ തൊട്ടടുത്ത ദിവസം എഴുതി തള്ളിയിരുന്നു.

പാവപ്പെട്ടവനെ ബേങ്കുകടം അടക്കാത്തതിന്റെ പേരില്‍ നിയമനടപടികള്‍ക്ക് വിധേയമാക്കി ക്രൂരമായി വേട്ടയാടുന്ന പൊതുമേഖലാ ബേങ്കുകള്‍ കുത്തകകള്‍ക്ക് ഉദാരമായി വായ്പകള്‍ നല്‍കുകയും കിട്ടാക്കടമാക്കി എഴുതിത്തള്ളുകയും ചെയ്യുന്നു. മോദി സര്‍ക്കാര്‍ ഇന്ത്യക്കാരുടെ നിയമവിരുദ്ധ രഹസ്യ നിക്ഷേപങ്ങളെക്കുറിച്ച് വീമ്പിളക്കിയാണ് അധികാരത്തില്‍ വന്നത്. കള്ളപ്പണക്കാരെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരുമെന്നും സ്വിസ് ബേങ്കുകളില്‍ നിന്ന് കള്ളപ്പണം തിരിച്ചുകൊണ്ടുവരുമെന്നും പ്രഖ്യാപനം നടത്തിയിരുന്നു. എന്നാല്‍ അധികാരത്തിലെത്തിയതോടെ മോദി കള്ളപ്പണക്കാരെ രക്ഷിക്കാനുള്ള നീക്കങ്ങളാണ് നടത്തിയത്. കള്ളപ്പണക്കാരെ സംബന്ധിച്ച പേരുവിവരം പോലും വെളിപ്പെടുത്താതിരിക്കാനുള്ള നീക്കമാണ് നടത്തിയത്.

നികുതി വെട്ടിപ്പുകാര്‍ക്കും പൊതു ബേങ്കുകളില്‍ നിന്ന് വായ്പയായി പണം തട്ടിയെടുക്കുന്നവര്‍ക്കും കള്ളപ്പണക്കാര്‍ക്കും ഒത്താശ ചെയ്യുന്ന സര്‍ക്കാറായിരിക്കുന്നു മോദിയുടേത്. കള്ളപ്പണത്തിനെതിരെ ആഗോള തലത്തില്‍ ക്യാമ്പയിന്‍ നടത്തുന്ന ടാക്‌സ് ജസ്റ്റിസ് നെറ്റ്‌വര്‍ക്ക് സമീപകാലത്ത് പുറത്തുവിട്ട വിവരങ്ങള്‍ ഞെട്ടിപ്പിക്കുന്നതാണ്. ലോകത്തിലെ ഒരു ശതമാനം വരുന്ന സമ്പന്നരുടെ കൈവശമുള്ള കള്ളപ്പണം 21 ലക്ഷം കോടി ഡോളറാണ്. അതായത് 1160 ലക്ഷം കോടി രൂപ. നികുതിയടക്കാത്ത മറ്റ് നിയമവിരുദ്ധ നിക്ഷേപങ്ങള്‍ 31 ലക്ഷം കോടി ഡോളറാണ്. അതായത് 1767 ലക്ഷം കോടി രൂപ. ഇന്ത്യയുടെ വിഹിതം 3.87 മില്യണ്‍ ഡോളര്‍ വരും. അതായത് 220 ലക്ഷം കോടി രൂപ. ഷാഡോബേങ്കിംഗ് 67 ലക്ഷം കോടി ഡോളര്‍! 3819 ലക്ഷം കോടി രൂപ! ബേങ്കിംഗ് വഴിയല്ലാത്ത കടംകൊടുക്കല്‍ അഥവാ ബ്ലേഡ് വായ്പക്കാണ് ഷാഡോ ബാങ്കിംഗ് എന്നു പറയുന്നത്. 10 വര്‍ഷം മുമ്പ് ഇത് 26 ട്രില്യനായിരുന്നു.

ലോകരാജ്യങ്ങളുടെ ഔപചാരിക സാമ്പത്തിക പ്രവര്‍ത്തനങ്ങളുടെ നേര്‍പകുതി വരുന്നതാണ് ഈ കള്ളപ്പണസമ്പദ്ഘടന. ഊഹക്കച്ചവടവും അഴിമതിയും വഴി വളരുന്ന ആഗോളഫൈനാന്‍സ് മൂലധനത്തിന്റെ ചൂതാട്ടവികാസത്തിന്റെ അനിവാര്യ ഫലമാണിത്.ഇന്ത്യയില്‍ 37 ലക്ഷം കോടി രൂപയുടെ ഷാഡോബേങ്കിംഗ് ഉണ്ട്. ഗ്ലോബല്‍ ഫിനാന്‍സ് ഇന്റഗ്രിറ്റി 2010ല്‍ പുറത്തുവിട്ട പഠനവിവരമനുസരിച്ച് 10 വര്‍ഷം കൊണ്ട് 6,75,300 കോടി രൂപയുടെ നികുതി നഷ്ടമാണ് കള്ളപ്പണ ഇടപാട് മൂലം ഇന്ത്യക്കുണ്ടായത്. നികുതി നിരക്ക് 30 ശതമാനം കണക്കാക്കിയാല്‍ 14,18,130 കോടി രൂപയുടെ നികുതിരഹിത കള്ളപ്പണ നിക്ഷേപം നടത്തിയതായി കാണാം.

ഇന്ത്യയുടെ പൊതുസമ്പത്ത് കൊള്ളയടിച്ച് വിദേശങ്ങളില്‍ സ്വത്ത് വാങ്ങിക്കൂട്ടുന്നവരും കള്ളപ്പണ നിക്ഷേപം നടത്തുന്നവരും മോദിഭരണത്തിന്‍കീഴില്‍ സംരക്ഷിക്കപ്പെടുകയാണ്. വിജയ്മല്യ സംഭവം ഒടുവിലത്തെ ഉദാഹരണം മാത്രമാണ്.
വിജയ്മല്യയുടെ രാജ്യം വിടാനുള്ള നീക്കം എന്തുകൊണ്ട് തടയപ്പെട്ടില്ല? എന്‍ഫോഴ്‌സ്‌മെന്റിന്റെ കേസ് നേരിടുന്ന ഒരാള്‍ക്ക് എങ്ങനെ യാത്രാനുമതി കൊടുത്തു? എന്തുകൊണ്ടാണ് അദ്ദേഹത്തിന്റെ പാസ്‌പോര്‍ട്ട് കണ്ടുകെട്ടാതിരുന്നത്? ഇതിനുത്തരം സര്‍ക്കാറിന്റെ ഒത്താശയോടുകൂടിയാണ് മല്യ നാടുവിട്ടതെന്നാണ്. രാഷ്ട്രസമ്പത്ത് കവര്‍ന്നെടുക്കുന്ന രാജ്യദ്രോഹികളെ നിയമത്തിന്റെ പിടിയില്‍ നിന്ന് രക്ഷപ്പെടുത്തി സുരക്ഷാകേന്ദ്രങ്ങളിലേക്ക് എത്തിക്കുന്ന നരേന്ദ്രമോദി സര്‍ക്കാര്‍ രാജ്യദ്രോഹികളുടെ സര്‍ക്കാറാണെന്ന് പറയേണ്ടിവരും.

പാവപ്പെട്ടവരുടെ നിക്ഷേപം സ്വരൂപിച്ചെടുത്ത പണമാണ് വിജയ്മല്യ വായ്പയായി തട്ടിയെടുത്തത്. 2004ലെ വായ്പയിലെ ഒരു നയാപൈസ പോലും ഇന്‍സ്റ്റാള്‍മെന്റോ പലിശയായോ മല്യ തിരിച്ചടച്ചിട്ടില്ല. അങ്ങനെയുള്ള ഒരാള്‍ക്ക് 2008ല്‍ വീണ്ടും എല്ലാ നടപടിക്രമങ്ങളും വിട്ട് എന്തുകൊണ്ട് വായ്പനല്‍കി. അത് കാണിക്കുന്നത് യു പിഎ സര്‍ക്കാറും ഇപ്പോഴത്തെ എന്‍ ഡി എ സര്‍ക്കാറും ഒരുപോലെ രാജ്യദ്രോഹികളായ കള്ളപ്പണക്കാരെ സഹായിക്കുകയായിരുന്നു എന്നാണ്. സി ബി ഐ അനേ്വഷിച്ചുകൊണ്ടിരിക്കുന്ന ഒരാള്‍, ഗുരുതരമായ സാമ്പത്തിക കുറ്റം ചെയ്ത ഒരാള്‍ ഒരു തടസ്സവും കൂടാതെ രാജ്യം വിട്ടത് കേന്ദ്രഭരണാധികാരത്തിന്റെ ഉന്നത കേന്ദ്രങ്ങളുടെ സഹായം കൊണ്ടുതന്നെയാണ്. ലണ്ടലിനെ തന്റെ ഫാംഹൗസിലേക്ക് രാജ്യദ്രോഹിയായ മല്യയെ സ്‌നേഹപൂര്‍വം യാത്രയയക്കുകയായിരുന്നു മോദി സര്‍ക്കാര്‍ എന്നുവേണം കരുതാന്‍.

 

---- facebook comment plugin here -----

Latest