Connect with us

Kerala

തമ്പാനൂര്‍ രവി സരിതയെ 513 തവണ ഫോണില്‍ വിളിച്ചിരുന്നെന്ന് സോളാര്‍ കമ്മീഷന്‍

Published

|

Last Updated

കൊച്ചി: കെ പി സി സി ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ രവി സരിത എസ് നായരെ 513 തവണ ഫോണില്‍ വിളിച്ചിരുന്നതായി സോളാര്‍ കമ്മീഷന്‍. ജസ്റ്റിസ് ശിവരാജന്‍ കമ്മീഷന്‍ മുമ്പാകെ മൊഴി നല്‍കാനെത്തിയ തമ്പാനൂര്‍ രവിയുടെ വിസ്താരത്തിനിടെയാണ് സരിതയുമായുള്ള ഫോണ്‍ സംഭാഷണങ്ങളെക്കുറിച്ചുള്ള രേഖകള്‍ കമ്മീഷന്‍ സാക്ഷിയെ കാണിച്ചത്. 2015 മെയ് 16 നും 2016 ജനുവരി 26 നും ഇടയില്‍ സരിതയുടെ വിവിധ നമ്പറുകളിലായാണ് അഞ്ഞൂറിലധികം ഫോണ്‍ സംഭാഷണങ്ങള്‍ നടത്തിയിട്ടുള്ളത്.

നേരത്തേ ഡി ജി പി സോളാര്‍ കമ്മീഷനില്‍ ഹാജരാക്കിയ സരിത എസ് നായരുടെ സി ഡി ആര്‍ രേഖകളില്‍ നിന്നാണ് പുതിയ വിവരങ്ങള്‍ പുറത്തായത്. സരിതയുടെ അഭിഭാഷകനായിരുന്ന അഡ്വ. ഫെനി ബാലകൃഷ്ണനുമായി ഫോണില്‍ സംസാരിച്ചിരുന്നില്ലെന്ന് ആദ്യം കമ്മീഷനില്‍ മൊഴി നല്‍കിയ തമ്പാനൂര്‍ രവി കമ്മീഷന്‍ ഫോണ്‍ സംഭാഷണങ്ങളുടെ രേഖകള്‍ അദ്ദേഹത്തെ കാണിച്ചപ്പോള്‍ സംസാരിച്ചിരുന്നെന്ന് മൊഴി തിരുത്തി. ചെങ്ങന്നൂര്‍ ആര്‍ ഡി ഒ ഓഫീസുമായി ബന്ധപ്പെട്ട ഒരു കാര്യത്തിന് അഡ്വ. ഫെനി ബാലകൃഷ്ണന്‍ തന്നെ വിളിച്ചിരുന്നതായി രവി മൊഴി നല്‍കി. 2012 ജൂണ്‍ ഒന്നിനും 2013 മെയ് 28 നും ഇടയിലുള്ള കാലയളവില്‍ തമ്പാനൂര്‍ രവി ടെന്നി ജോപ്പനെ 123 തവണ വിളിച്ചതിന്റെ ഫോണ്‍ സംഭാഷണ രേഖകള്‍ കമ്മീഷന്‍ സാക്ഷിയെ കാണിച്ചു.
തമ്പാനൂര്‍ രവിയും ബെന്നി ബഹനാനും നിരവധി തവണ സരിതയുടെയും സരിതയുടെ അമ്മയുടെയും മുന്‍ അഭിഭാഷകനായ ഫെനി ബാലകൃഷ്ണന്റെയും ഗണേഷ് കുമാറിന്റെ പി എ പ്രദീപ് കുമാറിന്റെയും നമ്പറുകളില്‍ വിളിച്ച് സരിതയോട് മുഖ്യമന്ത്രിക്കെതിരെ സംസാരിക്കരുതെന്നും സരിതക്കുണ്ടായ ഉണ്ടായ നഷ്ടം പരിഹരിച്ചുതരാമെന്ന് വാഗ്ദാനം നല്‍കിയിരുന്നതായി സരിതയുടെ അഭിഭാഷകന്‍ അഡ്വ. സി ഡി ജോണി വാദിച്ചു. എന്നാല്‍ ഈ വാദം നിഷേധിച്ച തമ്പാനൂര്‍ രവി മുഖ്യമന്ത്രിക്ക് സരിതയുമായി യാതൊരുവിധ സാമ്പത്തിക ഇടപാടുകളും ഉണ്ടായിരുന്നില്ലെന്നും മുഖ്യമന്ത്രിയെയും യു ഡി എഫ് സര്‍ക്കാരിനെയും അപകീര്‍ത്തിപ്പെടുത്താനുള്ള രാഷ്ട്രീയ പ്രേരിതമായ ആരോപണമാണിതെന്നും കമ്മീഷനില്‍ മൊഴി നല്‍കി.
നിയമാനുസൃതമോ അല്ലാതെയോ സരിതക്ക് യാതൊരു സഹായവും ചെയ്തിട്ടില്ല. സരിതയെ നേരില്‍ കണ്ടിട്ടില്ലെന്നും സംസാരിച്ചിട്ടില്ലെന്നും സരിത ഫോണില്‍ തന്നെ ഇങ്ങോട്ടു വിളിക്കുകയാണ് ചെയ്തതെന്നും തമ്പാനൂര്‍ രവി കമ്മീഷനില്‍ മൊഴി നല്‍കി. സോളാര്‍ വിഷയവുമായി ബന്ധപ്പെട്ട് ചാനല്‍ ചര്‍ച്ചകളിലും മറ്റും കോണ്‍ഗ്രസ് നേതാക്കള്‍ സരിതയെ വ്യക്തിപരമായി ആക്ഷേപിക്കുന്നതില്‍ അവര്‍ക്ക് മാനസിക വിഷമം ഉണ്ടാവുന്നതായും അതില്‍നിന്ന് പാര്‍ട്ടി നേതാക്കളെ പിന്തിരിപ്പിക്കുന്നതിനായി സഹായിക്കണമെന്നും സരിത തന്നോട് ഫോണില്‍ ആവശ്യപ്പെട്ടിരുന്നു. താനൊരു പൊതു പ്രവര്‍ത്തകനാണെന്നും ഏത് അര്‍ധരാത്രിയില്‍ ആരു വിളിച്ചാലും ഫോണ്‍ എടുക്കാറുണ്ടെന്നും തമ്പാനൂര്‍ രവി കമ്മീഷനില്‍ മൊഴി നല്‍കി. മുഖ്യമന്ത്രിയെ സഹായിക്കേണ്ട യാതൊരു ആവശ്യവും തനിക്കില്ല. സോളാര്‍ കേസ് തണുപ്പിക്കുന്നതിന് വേണ്ടി സരിതയോട് സഹായം ആവശ്യപ്പെട്ടിരുന്നില്ല. പൊതുപ്രവര്‍ത്തകനെന്ന നിലയില്‍ സരിത പല സഹായങ്ങളും ആവശ്യപ്പെടുകയും ചിലതൊക്കെ താന്‍ ചെയ്തു കൊടുക്കുകയുമുണ്ടായിട്ടുണ്ട്. എന്നാല്‍ അവയൊന്നും സോളാര്‍ കേസുകളുമായി ബന്ധപ്പെട്ടിട്ടുള്ളതല്ല. സാധാരണക്കാരായ ആളുകള്‍ക്ക് എന്ത് സഹായമായാലും പാര്‍ട്ടിക്കും തന്റെ പദവിക്കും കളങ്കമുണ്ടാകാത്ത രീതിയില്‍ ചെയ്തുകൊടുക്കുന്ന പ്രവര്‍ത്തനശൈലിയാണ് തന്റേതെന്നും തമ്പാനൂര്‍ രവി പറഞ്ഞു.