സാമ്പത്തിക നയങ്ങള്‍ തിരുത്തണമെന്ന് ഗള്‍ഫ് രാജ്യങ്ങളോട് ജി ഐ ഒ സി

Posted on: March 15, 2016 2:49 pm | Last updated: March 15, 2016 at 2:49 pm

economic policyമസ്‌കത്ത്:എണ്ണവിലക്കുറവ് സൃഷ്ടിക്കുന്ന നധസ്ഥിതി പരിഗണിച്ച് ജി സി സി രാജ്യങ്ങള്‍ സാമ്പത്തിക നയങ്ങള്‍ പരിഷ്‌കരിക്കണമെന്ന് ഗള്‍ഫ് ഓര്‍ഗനൈസേഷന്‍ ഫോര്‍ ഇന്‍ഡസ്ട്രിയല്‍ കണ്‍സള്‍ട്ടിംഗ് (ജി ഒ ഐ സി). എണ്ണവിലയിടിവിന്റ പശ്ചാത്തലത്തില്‍ പ്രസിദ്ധീകരിച്ച സംഘടനയുടെ സാമ്പത്തിക റിപ്പോര്‍ട്ടിലാണ് നിര്‍ദേശം മുന്നോട്ടു വെക്കുന്നത്.

എണ്ണവിലക്കുറവ് സൃഷ്ടിച്ച പ്രത്യാഘാതങ്ങളും ലഭ്യമായ മാര്‍ഗങ്ങളും എന്ന തലക്കെട്ടിലാണ് റിപ്പോര്‍ട്ട് സാമ്പത്തിക സാഹചര്യങ്ങളെ വിശകലനം ചെയ്യുന്നത്. എണ്ണ മുഖ്യവരുമാനമായിരുന്ന ഗള്‍ഫ് രാജ്യങ്ങളുടെ ആഭ്യന്തര ഉത്പാദന വരുമാനത്തില്‍ 47 ശതമാനത്തിന്റെ ഇടിവാണുണ്ടായത്. അതുകൊണ്ടു തന്നെ നയങ്ങള്‍ മാറ്റിപ്പണിയണം. എണ്ണ സബ്‌സിഡി ഘട്ടംഘട്ടമായി ഒഴിവാക്കുക എന്നതാണ് സംഘടനയുടെ മുഖ്യ ശിപാര്‍ശ. വ്യക്തികള്‍ക്ക് വരുമാന നികുതിയും ലാഭ നികുതിയും ഏര്‍പ്പെടുത്തണമെന്നതാണ് മറ്റൊരു പ്രധാനപ്പെട്ട നിര്‍ദേശം.
പുരലുത്പാദക ഊര്‍ജ പദ്ധതികളില്‍ കേന്ദ്രീകരിക്കുന്നതിനും വികസന രംഗത്ത് സ്വകാര്യ മേഖലയുടെ പങ്കാളിത്തം ഉറപ്പു വരുത്തേണ്ടത് അത്യാവശ്യമാണെന്നും റിപ്പോര്‍ട്ട് ശിപാര്‍ശ ചെയ്യുന്നു. വ്യാവസായ രംഗം എണ്ണയനുബന്ധ മേഖലയില്‍ നിന്നും ഉത്പാദന, നിര്‍മാണ മേഖലയിലേക്കു തിരിയണമെന്നും റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നു.
ഗള്‍ഫ് രാജ്യങ്ങള്‍ തങ്ങളുടെ ബജറ്റ് വരുമാനത്തിനു മറ്റു മാര്‍ഗങ്ങള്‍ കണ്ടെത്തണം. വരുമാനത്തില്‍ എണ്ണയുടെ വിഹിതം 75 ശതമാനമായിരുന്നു. ഈ വര്‍ഷം എണ്ണ വരുമാനം 287 ബില്യന്‍ യു എസ് ഡോളര്‍ മാത്രമായിരിക്കുമെന്നാണ് നിരീക്ഷണം. എണ്ണയിതര മേഖലയുടെ വളര്‍ച്ചയാകട്ടെ മൂന്നു ശതമാനം മാത്രവും. ഇതു രാജ്യങ്ങള്‍ക്ക് മതിയാകുന്ന വളര്‍ച്ചയല്ല. വൈവിധ്യവത്കരണത്തിലൂടെ വരുമാനമുണ്ടാക്കുന്നതിന് മാര്‍ഗങ്ങള്‍ തേടണമെന്നാണ് റിപ്പോര്‍ട്ട് ആവര്‍ത്തിച്ച് ആവശ്യപ്പെടുന്നത്.
എണ്ണവിലയിടിവ് ഗള്‍ഫ് നാടുകള്‍ക്ക് ക്ഷതമേല്‍പ്പിക്കുന്നതിന്റെ കാരണം നരത്തിക്കൊണ്ടാണ് റിപ്പോര്‍ട്ട് ഈ അഭിപ്രായം അവതരിപ്പിക്കുന്നത്. ഭൗമിക ഘടനയില്‍ ഒട്ടേറെ ഗുണങ്ങള്‍ ഗള്‍ഫിനുണ്ട്. മധ്യഭാഗത്തു സ്ഥിതി ചെയ്യുന്നു എന്നതാണ് അതില്‍ പ്രധാനം. ബദല്‍ ഊര്‍ജത്തിലേക്കു മാറുന്നതിനുള്ള ശേഷിയും തൊഴില്‍ വിപണിയിലെ വൈവിധ്യവത്കരണവും ഗള്‍ഫിന്റെ അനുകൂല ഘടകങ്ങളാണ്.
കഴിഞ്ഞ ഒരു പതിറ്റാണ്ടില്‍ ഗള്‍ഫില്‍ വിശേഷിച്ചും മിഡില്‍ ഈസ്റ്റില്‍ പൊതുവേയും ഉണ്ടായ സാമ്പത്തികാവസ്ഥകളെ അപഗ്രഥനം ചെയ്തുകൊണ്ടുള്ള റിപ്പോര്‍ട്ടില്‍ രണ്ടു ഘട്ടങ്ങളിലായി എണ്ണ രംഗത്ത് വളര്‍ച്ചയും പതനവുമുണ്ടായതായി പറയുന്നു. 2008ലായിരുന്നു ആദ്യത്തേത്. ഘട്ടംഘട്ടമായായിരുന്നു ഇത്. ബാരലിന് 94.5 ഡോളറായിരുന്നു ശരാശരി വില. രണ്ടാമത്തേത് ആഗോള സാമ്പത്തിക മാന്ദ്യവേളയിലായിരുന്നു. അമേരിക്കയില്‍ ഉടലെടുത്ത മാന്ദ്യം ലോകത്തെ പല രാജ്യങ്ങളെയും വിവിധ അളവില്‍ ബാധിച്ചു. അമേരിക്കയുമായുള്ള ആശ്രിതത്വത്തിനനുസരിച്ചായിരുന്നു ഇതു ബാധിച്ചത്. 2008ലാണ് ഗള്‍ഫ് രാജ്യങ്ങള്‍ക്ക് ആഘാതമേല്‍പ്പിച്ചത്. വിദേശ ധനനിക്ഷേപം ഇടിഞ്ഞു. ഇത് ഗള്‍ഫ് ധനസമ്പത്തിനെ തകിടം മറിച്ചു. ഈ ആഘാതത്തില്‍ നിന്നു നിവര്‍ന്നു വരുന്നതിനിടെയാണ് എണ്ണവിലയിടിവുണ്ടായത്. ശേഷം എണ്ണവില ഉയരുകയും ബാരലിന് 2012ല്‍ 109 ഡോളറാവുകയും ചെയ്തു. ഇതു പിന്നീട് 150 ഡോളര്‍ വരെയെത്തി. എന്നാല്‍ 2013 അവസാനത്തോടെ എണ്ണ വില കുറഞ്ഞു തുടങ്ങി. പല കോണുകളില്‍നിന്നും ആവശ്യമുയര്‍ന്നുവെങ്കിലും ഒപെക് രാജ്യങ്ങള്‍ ഉത്പാദം കുറക്കാന്‍ തയാറായില്ല. ഉത്പാദനം ലോകത്തെ ആവശ്യത്തേക്കാള്‍ കൂടുതലായതാണ് വില കുറയാന്‍ കാരണമായതെന്നാണ് വിദഗ്ധാഭിപ്രായങ്ങള്‍. അമേരിക്കയുടെ ഷെയ്ല്‍ എണ്ണയുത്പാദനമാണ് വിലക്കുറവിനെ സ്വാധീനിച്ചത്.
കഴിഞ്ഞ പതിറ്റാണ്ടില്‍ ഗള്‍ഫിലെ വ്യവസായ, നിര്‍മാണ മേഖല സമൃദ്ധിയുടെതായിരുന്നു. സഊദി, യു എ ഇ പോലുള്ള രാജ്യങ്ങളില്‍ വന്‍ മുന്നേറ്റുമുണ്ടായി. 2005 മുതല്‍ 2014 വരെയുള്ള കാലത്ത് അറബ് രാജ്യങ്ങളില്‍ പൊതുവേ സാമ്പത്തിക മുന്നേറ്റമുണ്ടായി. വിദേശനിക്ഷേപത്തില്‍ പ്രതിവര്‍ഷം 19.9 ശതമാനത്തിന്റെ ഉയര്‍ച്ച രേഖപ്പെടുത്തി. ലോകത്തെ വളര്‍ച്ചാ തോത് 9.6ല്‍ നില്‍ക്കുമ്പോഴായിരുന്നു ഇത്. എന്നാല്‍ ഇപ്പോഴത്തെ സാമ്പത്തിക പ്രതിസന്ധി ഗള്‍ഫ് രാജ്യങ്ങളെ നിശ്ചയമായും വിപരീത ദിശയില്‍ ബാധിക്കുകയാണെന്ന് റിപ്പോര്‍ട്ട് മുന്നറിയിപ്പു നല്‍കുന്നു.